ഖത്വറിലെ കോംപ്ലിമെന്ററി ചികിത്സാ രംഗത്തേക്ക് പ്രമുഖരും

Posted on: April 13, 2016 7:22 pm | Last updated: April 13, 2016 at 7:22 pm

ദോഹ: ഹോമിയോപ്പതി അടക്കമുള്ള കോംപ്ലിമെന്ററി മെഡിസിന്‍ ചികിത്സകള്‍ക്ക് അനുമതി നല്‍കിയ ഖത്വറിലേക്ക് പ്രമുഖ കമ്പനികള്‍ എത്തുന്നു. ഇന്ത്യക്കകത്തും പുറത്തും നിരവധി ഹോമിയോപ്പതി ക്ലിനിക്കുകള്‍ നടത്തുന്ന ഡോ. ബത്രാസ് കമ്പനി ആണ് ഖത്വറില്‍ ക്ലിനിക്ക് തുറക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യയിലും ഖത്വര്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലും 20 ഹോമിയോ ക്ലിനിക്കുകള്‍ തുറക്കുമെന്ന് ഡോ. ബത്രാസ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്വറിന് പുറമെ യു എ ഇ, ഒമാന്‍, സഊദി അറേബ്യ, ബഹ്‌റൈന്‍ എന്നീ ജി സി സി രാഷ്ട്രങ്ങളിലും മലേഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും 20 ഹോമിയോ ക്ലിനിക്കുകള്‍ തുറക്കും. ഇന്ത്യയിലും വിദേശത്തും പത്ത് വീതമാണ് തുറക്കുക. കമ്പനിക്ക് കീഴില്‍ മൊത്തം 225 ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഖത്വറില്‍ എത്രയെണ്ണം തുറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 35 കോടി രൂപയാണ് നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നത്. 2017ല്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തിലേക്ക് 200 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിനും പദ്ധതിയുണ്ട്. സ്വകാര്യ ഇക്വിറ്റി ഫണ്ടിംഗ് ആണ് ഇതിന് തിരഞ്ഞെടുക്കുക. വിദേശ രാഷ്ട്രങ്ങളില്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഡോ. അക്ഷയ് ബത്ര പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 240 കോടി രൂപയായിരുന്നു. ഹോമിയോപ്പതിക്, സൗന്ദര്യവര്‍ധക ചികിത്സ, എഫ് എം സി ജി ഉത്പന്നങ്ങള്‍ എന്നിവയുടെ വ്യവസായത്തിലാണ് ശ്രദ്ധയൂന്നുന്നത്. ഫ്രാഞ്ചൈസി സൗകര്യവും കമ്പനി ഏര്‍പ്പെടുത്തുന്നുണ്ട്. ദുബൈയിലെ അല്‍ വസ്‌ലില്‍ കഴിഞ്ഞ ജനുവരിയില്‍ ക്ലിനിക്ക് തുടങ്ങിയിരുന്നു.
ഈ വര്‍ഷം ആദ്യമാണ് ആയുര്‍വേദം, അക്യുപങ്ചര്‍, ഹിജാമ, ഹോമിയോപ്പതി, കൈറോപ്രാക്ചര്‍ തുടങ്ങിയവക്ക് ഖത്വര്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ഖത്വര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സ് (ക്യു സി എച്ച് പി) ആണ് ബദല്‍ ചികിത്സാ രീതികളെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുക. പ്രാക്ടീസ് ചെയ്യുന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. ലൈസന്‍സിന് ക്യു സി എച്ച് പിയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ നടപടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഹിജാമ സേവനം അടക്കം നല്‍കുന്ന പല സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്.