സംരംഭകരുടെ ഇഷ്ട രാജ്യം: ഖത്വര്‍ മുന്‍നിരയില്‍

Posted on: April 13, 2016 7:09 pm | Last updated: April 15, 2016 at 8:55 pm
SHARE

ദോഹ: യുവ സംരംഭകരുടെ പ്രിയ രാജ്യങ്ങളില്‍ മുന്നില്‍ ഖത്വര്‍. വാര്‍ഷിക അറബ് യൂത്ത് സര്‍വേയിലാണ് യുവാക്കളുടെ ഖത്വറില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഇഷ്ടം വ്യക്തമാകുന്നത്.
അറബ് രാജ്യങ്ങളില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന രാജ്യം ഏതെന്ന ചോദ്യം ഇതാദ്യമായാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ മൂന്നാംസ്ഥാനമാണ് ഖത്വറിന്. യു എ ഇയും സഊദിയുമാണ് ഖത്വറിനു മുന്നിലുള്ളത്. സര്‍വേയില്‍ പങ്കെടുത്ത പതിമൂന്നു ശതമാനം പേര്‍ ഖത്വറിനെയാണ് ഇഷ്ടപ്പെടുന്നത്.
ജീവിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം ഏതെന്നായിരുന്നു ഒരു ചോദ്യം. 22 ശതമാനം വോട്ടു നേടിയ യു എ ഇയാണ് ആദ്യ സ്ഥാനത്തെത്തിയത്. മേഖലയില്‍ രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ സുസ്ഥിരതയാണ് യു എ ഇക്ക് റാങ്ക് നേടിക്കൊടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഖത്തറിന് അഞ്ചാം റാങ്കായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഖത്തര്‍ ഇത്തവണ ആദ്യ പത്തില്‍ ഇടംപിടിച്ചില്ല.
ഐ എസ് തീവ്രവാദ സംഘത്തെ അറബ് യുവാക്കള്‍ നിരാകരിക്കുന്നുവെന്ന നിരീക്ഷണവും സര്‍വേ മുന്നോട്ടു വെക്കുന്നു. ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാന്‍ ഐ എസിനു കഴിയില്ലെന്നും അറബ് യുവത്വം അഭിപ്രായപ്പെട്ടു. സിറിയയില്‍ ബശാറുല്‍ അസദിനെതിരെ ആഭ്യന്തരയുദ്ധത്തെക്കാളും നിഴല്‍ യുദ്ധത്തെക്കാളും വിപ്ലവമാണ് ചേരുകയെന്ന് സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ജനാധിപത്യത്തെക്കാള്‍ മേഖലക്കു വേണ്ടത് സുസ്ഥിരതയാണെന്ന് ഭൂരിഭാഗം യുവാക്കളും കരുതുന്നുവെന്ന കണ്ടെത്തലും സര്‍വേയുടെ പ്രത്യേകതയാണ്.
മനുഷ്യാവകാശവും വ്യക്തി സ്വാതന്ത്ര്യവും വര്‍ധിപ്പിക്കാന്‍ ഭരണാധികാരികള്‍ കൂടുതല്‍ നടപടി സ്വീകരിക്കണമെന്നും അറബ് യുവാക്കളുടെ പ്രതിനിധികള്‍ ആഗ്രഹിക്കുന്നു. ഏറ്റവും നല്ല സഖ്യരാജ്യമായി സഊദി അറേബ്യയെയാണ് യുവാക്കളില്‍ കൂടുതല്‍ പേര്‍ കാണുന്നത്. യു എ ഇക്കു പിന്നില്‍ അമേരിക്ക മൂന്നാം സ്ഥാനത്തെത്തിയെന്നതും ശ്രദ്ധേയമാണ്. ഖത്വറിന് ആറാം സ്ഥാനമുണ്ട്. അസ്ദാ ബര്‍സണ്‍ മാഴ്‌സ്റ്റെല്ലര്‍ ആണ് അറബ് യൂത്ത് സര്‍വേ 2016 സംഘടിപ്പിച്ചത്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ 16 രാജ്യങ്ങളിലെ 18നും 24നും ഇടയില്‍ പ്രായമുള്ള 3500 പേരാണ് സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. രാഷ്ട്രീയവും വ്യക്തിപരവുമായ ഒട്ടേറെ ചോദ്യങ്ങള്‍ സര്‍വേയിലുണ്ടായിരുന്നു.