ലോക സ്റ്റേഡിയം കോണ്‍ഗ്രസില്‍ ഫിഫ അംഗങ്ങള്‍ പ്രഭാഷകരായി എത്തും

Posted on: April 13, 2016 7:07 pm | Last updated: April 13, 2016 at 7:07 pm
SHARE

ദോഹ: മെയ് 16 മുതല്‍ 19 വരെ ദോഹയില്‍ നടക്കുന്ന ലോക സ്റ്റേഡിയം കോണ്‍ഗ്രസില്‍ ഫിഫ, യു ഇ എഫ് എ പ്രതിനിധികളും ലോകത്തെ സ്‌പോര്‍ട്‌സ്, സ്റ്റേഡിയം വിദഗ്ധരും പ്രഭാഷകരായി എത്തും.
ഖത്വറില്‍ നടക്കുന്ന ലോകകപ്പ് 2022നു മുന്നോടിയായി നടക്കുന്ന കോണ്‍ഗ്രസ് സുപ്രീം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ഡ് ലഗസിയും ഇന്റര്‍നാഷനല്‍ ക്വാളിറ്റി ആന്‍ഡ് പ്രൊഡക്ടിവിറ്റി (ഐ ക്യു പി സി) സെന്റര്‍ മിഡില്‍ ഈസ്റ്റും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ്, സ്റ്റേഡിയം മേഖലയില്‍ ലോകത്തെ വലിയ സമ്മേളനങ്ങളിലൊന്നാണിത്.
നാലു ഭൂഗണ്ഡങ്ങളിലെ പത്തു രാജ്യങ്ങളില്‍ നിന്നുള്ള 30 പ്രഭാഷകരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുകയെന്ന് ഐ ക്യു പി സി കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഡേവിഡ് സബിന്‍സ്‌കി പറഞ്ഞു. സ്‌പോര്‍ട്‌സ്, സ്റ്റേഡിയം മേഖലയിലെ ലോകത്തെ പ്രശസ്തരുടെ സംഗമമാണ് സമ്മേളനം. അന്താരാഷ്ട്ര കായിക അടിസ്ഥാന സൗകര്യങ്ങളും മത്സരങ്ങളുടെ സവിശേഷതകളും തിരിച്ചറിയുന്നതിനും സേറ്റേഡിയം സുരക്ഷ,, നവീകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും സമ്മേളനം അവസരമൊരുക്കും. ഖത്വറിലെ കായിക മേഖലയുടെ മികവ് ലോകതലത്തില്‍ കൂടുതല്‍ ഖ്യാതി നേടുന്നതിനും സമ്മേളനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംഘാടനനം നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സുപ്രീം കമ്മിറ്റി മത്സരവേദി വിഭാഗം ഡെപ്യൂട്ടി എക്‌സി. ഡയറക്ടര്‍ ഉസ്മാന്‍ സര്‍സൂര്‍ പറഞ്ഞു. പ്രാദേശിക, മേഖല, രാജ്യാന്തര വിദഗ്ധര്‍ക്ക് രാജ്യത്ത് സംഗമിക്കുന്നതിനും രാജ്യത്തെ കായിക സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാന്‍ സമ്മേളനത്തിലൂടെ അവസരം ലഭിക്കും. ലോകകപ്പിനു വേണ്ടിയുള്ള എട്ടു സ്റ്റേഡിയങ്ങളുടെ നിര്‍മാണം വിവിധ ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്വറില്‍ നടക്കുന്ന സമ്മേളനത്തിനു പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ ഖത്വര്‍ വേള്‍ഡ് കപ്പ് പ്ലാനിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേധാവി ജര്‍ജിയന്‍ മുല്ലര്‍, ഈജിപ്ത് യൂത്ത്-സ്‌പോര്‍ട്‌സ് മന്ത്രി പ്രൊഫ. ഡോ. അശ്‌റഫ് സുബ്ഹി, ബീ ഇന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് റിച്ചാര്‍ഡ് കീസ്, മോഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫ്രഞ്ച് നാഷനല്‍ ടീം മുന്‍താരം ലൂയിസ് സഹ, അസ്റ്റാഡ് സസ്റ്റൈനബിലിറ്റി തലവന്‍ ശൈഖ് ശഊദ് അല്‍ താനി, യു ഇ എഫ് എ സീനിയര്‍ മാച്ച് ഓപറേഷന്‍ മാനേജര്‍ കെയ്ത് ഡല്‍ട്ടന്‍, ആഴ്‌സനല്‍ ഫുട്‌ബോള്‍ ക്ലബ് സ്റ്റേഡിയം ആന്‍ഡ് ഫെസിലിറ്റീസ് ഡയറക്ടര്‍ ജോണ്‍ ബീറ്റീ, എസ്പയ് ബാര്‍ക ആന്‍ഡ് എഫ് സി ബാഴ്‌സലോണ ഡയറക്ടര്‍ ബില്‍ മന്നാരെല്ലി തുടങ്ങിയ പ്രഭാഷകരാണ് പങ്കെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here