ക്രൂഡ് ഓയില്‍ വില 43 ഡോളറില്‍; ദോഹ മീറ്റിംഗില്‍ പ്രതീക്ഷ വര്‍ധിക്കുന്നു

Posted on: April 13, 2016 7:01 pm | Last updated: April 15, 2016 at 8:55 pm
SHARE

great-oil-swindle-peak-oil-world-energy-outlookദോഹ: ഞായറാഴ്ച ദോഹയില്‍ നടക്കുന്ന എണ്ണയുത്പാദക രാജ്യങ്ങളുടെ യോഗത്തിലേക്ക് ലോകം ഉറ്റു നോക്കുന്നു. ലോക സമ്പദ്‌മേഖലിലെ സമ്മര്‍ദത്തിലാക്കി എണ്ണവിലയില്‍ ചരിത്രത്തിലെ വിലയ പതനം ഉണ്ടായ സാഹചര്യത്തില്‍ നടക്കുന്ന മീറ്റിംഗില്‍ വില ഉയരാന്‍ സഹായിക്കുന്ന മികച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അതിനിടെ ക്രൂഡോഡിയില്‍ വില ബാരലിന് 43 ഡോളര്‍ നിരക്കിലേക്ക് ഉയര്‍ന്നു. വില തിരിച്ചു കയറിക്കൊണ്ടിരിക്കുന്ന സാഹചര്യം ദോഹ മീറ്റിംഗിനെ കൂടുതല്‍ ശ്രദ്ധേയമാക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ലോക വിപണിയില്‍ നേരിടുന്ന അധിക ലഭ്യതയാണ് എണ്ണവില കൂപ്പുകുത്താന്‍ കാരണമെന്നാണ് പൊതുവിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഓവര്‍ സപ്ലേ പിടിച്ചുനിര്‍ത്താനുള്ള തന്ത്രമാകും ദോഹ മീറ്റിംഗ് ആവിഷ്‌കരിക്കുക. മീറ്റിംഗില്‍ പങ്കെടുക്കുന്ന ഉത്പാദക രാജ്യങ്ങള്‍ ഈ നീക്കത്തിനൊപ്പം നില്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു. അതിനിടെ അമേരിക്കന്‍ ഡോളിറിന് കഴിഞ്ഞ ദിവസങ്ങളില്‍ വിലിയിടിഞ്ഞതും ചൈനയില്‍ എണ്ണക്കു ഡിമാന്റ് വര്‍ധിച്ചതും ദോഹ മീറ്റിംഗിനെ സ്വാധീനിക്കുന്ന മികച്ച സൂചനകളാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ഒപെക് അംഗ രാജ്യങ്ങളും ഒപെകില്‍ അംഗമല്ലാത്ത ഉത്പാദക രാജ്യങ്ങളും ദോഹ മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്. ഉത്പാദനം മരവിപ്പിക്കുക എന്നത് മീറ്റിംഗ് പരിഗണിക്കുന്ന പ്രധാന അജണ്ടയായിരിക്കുമെന്നാണ് പ്രവചനങ്ങള്‍.
എണ്ണവില ഉയര്‍ന്നതാണ് അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതിന്റെ പ്രധാന കാരണമെന്ന് കൊമേഴ്‌സ് ബേങ്ക് പ്രതിനിധി യൂഗന്‍ വിന്‍ബര്‍ഗ് പറഞ്ഞു. മാസങ്ങള്‍ക്കു ശേഷമാണ് എണ്ണവില 40 ഡോളറിനു മുകളില്‍ കടക്കുന്നത് എന്നത് വിപണിയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോളര്‍ വിലയിടിവ് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായ ചൈനയിലെ വിപണിയില്‍ ചെലുത്തുന്ന സ്വാധീനം വിപണി വിദഗ്ധര്‍ നിരീക്ഷിച്ചു വരികയാണ്. ഇവിടെ കാറുകളുടെ വില്‍പ്പനയില്‍ വര്‍ധന പ്രകടമായിട്ടുണ്ട്. അതോടൊപ്പം കുവൈത്തില്‍ ഓയില്‍, ഗ്യാസ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പണിമുടക്ക് ആരംഭിക്കുന്നത് വിപണിയില്‍ ഏതുവിധത്തില്‍ സ്വാധീനം ചെലുത്തുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. കുവൈത്തിലെ പണിമുടക്ക് എത്രകാലം നീണ്ടുനില്‍ക്കുമെന്നോ അത് ആഭ്യന്തര എണ്ണവിപണിയില്‍ എന്തു സ്വാധീനം ചെലുത്തുമെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഉത്പാദകരായ മറ്റു ഗള്‍ഫ് നാടുകളെക്കൂടി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും പെട്രോമാട്രിക്‌സ് നിരീക്ഷകന്‍ ഒലീവിയര്‍ ജേക്കബ് പറഞ്ഞു.
100 ഡോളറിനു മുകളിലുണ്ടായിരുന്ന എണ്ണവില 2014 മധ്യത്തോടെയാണ് താഴേക്കു വന്നു തുടങ്ങിയത്. ആഗോള വിപണിയിലെ അധിക ലഭ്യതയായിരുന്നു കാരണം. എന്നാല്‍ അധിക ലഭ്യതയുണ്ടാകുമ്പോള്‍ സ്വീകരിച്ചു വരാറുള്ള ഉത്പാദനം കുറക്കുക എന്ന പരമ്പരാഗത രീതി വേണ്ടെന്ന് 2014ല്‍ ഒപെക് തീരുമാനമെടുത്തു. ഇത് വിപണിയില്‍ അധികലഭ്യത തുടരാനും വില താഴേക്കു പതിച്ചുകൊണ്ടിരിക്കാനും കാരണമായി.