വെടിക്കെട്ട് ആചാരമല്ല, ക്ഷേത്ര കമ്മിറ്റികളെ ബോധവത്കരിക്കാന്‍ തന്ത്രിമാര്‍

Posted on: April 13, 2016 2:04 pm | Last updated: April 13, 2016 at 2:04 pm
SHARE

firecrackersകണ്ണൂര്‍:കോടിക്കണക്കിന് രൂപ ചെലവിട്ട് വെടിക്കെട്ടുകള്‍ നടത്തുന്നതിനെതിരെ കേരളത്തിലെ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന തന്ത്രിമാരുടെ സംഘടന രംഗത്ത്. കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രം തന്ത്രിമാരുടെ സംഘടനയായ തന്ത്രിസമാജം ക്ഷേത്രത്തിലെ വെടിക്കെട്ടുകള്‍ക്കെതിരെ ഉത്സവനടത്തിപ്പുകാരായ കമ്മിറ്റികളെ ബോധവത്കരിക്കുന്നതിനായി രംഗത്തെത്തിയത്.ക്ഷേത്രത്തിലെ വെടിക്കെട്ടുകള്‍ക്ക് ഒരു ആചാരപരതയുമില്ലെന്നാണ് അഖിലകേരള തന്ത്രിസമാജം വ്യക്തമാക്കുന്നത്. തന്ത്രശാസ്ത്രത്തിലോ ഇതര വൈദിക ഗ്രന്ഥത്തിലോ വെടിക്കെട്ടിനെക്കുറിച്ച് പറയുന്നില്ല. തന്ത്രശാസ്ത്രത്തില്‍ ഉത്സവങ്ങളില്‍ പടഹാദി സമ്പ്രദായത്തിലുള്ള ഉത്സവങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

എന്നാല്‍ പടഹാദി എന്ന വാക്കിന് ചെണ്ട, മുതലായ വാദ്യങ്ങള്‍ ഒരുക്കുന്ന ശബ്ദഘോഷത്തോടുകൂടി എന്ന അര്‍ഥമേ കല്‍പ്പിക്കുന്നുള്ളൂ. പില്‍ക്കാലത്ത് ആഘോഷങ്ങളുടെ കൊഴുപ്പിന് വേണ്ടി കൂട്ടിച്ചേര്‍ക്കപ്പെട്ട വെടിക്കെട്ട് നിരോധിക്കുന്നത് കൊണ്ട് ക്ഷേത്ര ചൈതന്യത്തിനോ ഉത്സവ ചടങ്ങുകള്‍ക്കോ ഒരു കുറവും സംഭവിക്കുന്നില്ലെന്നും തന്ത്രിസമാജം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ അറിയിക്കാനും വെടിക്കെട്ട് പോലുള്ളവ നിരുത്സാഹപ്പെടുത്താനും തീരുമാനമെടുത്തതായി സമാജം ഉത്തരമേഖലാസെക്രട്ടറി ജയനാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം മലബാറിലെ നാല് ജില്ലകളിലെ തന്ത്രിമാരുടെ യോഗം തളിപ്പറമ്പില്‍ ചേര്‍ന്നതായും അദ്ദേഹം അറിയിച്ചു. ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകര്‍മങ്ങള്‍ ആചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേല്‍നോട്ടത്തില്‍ അവയെ നടത്തിക്കുകയോ ചെയ്യുന്നവരാണ് തന്ത്രിമാര്‍ എന്നതിനാല്‍ സംസ്ഥാനത്തെ മിക്ക ക്ഷേത്ര കമ്മിറ്റികള്‍ക്കും ഇവരുടെ നിര്‍ദേശം പാലിക്കേണ്ടതായി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിനിടെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മാത്രം പ്രതിവര്‍ഷം 40,000 കോടി രൂപയിലധികം ധനം വെടിവഴിപാട് , ഉത്സവങ്ങളിലെ വെടിക്കെട്ട് എന്നിവക്ക് വേണ്ടി ചെലവഴിക്കുന്നതായാണ് ഏകദേശ കണക്ക്.

വടക്കന്‍ ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ് ഉത്സവാഘോഷങ്ങളോടൊന്നിച്ചും ആചാരമെന്ന നിലയില്‍ പതിവായും വെടിക്കെട്ട് നടന്നുവരുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പൂരം പോലുള്ള ആഘോഷവേളകളില്‍ വെടിക്കെട്ടുകളുടെ മത്സരം തന്നെ നടക്കാറുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇവിടങ്ങളില്‍ മണിക്കൂറുകള്‍ കൊണ്ട് കത്തിത്തീരുന്നത്. അടുത്ത കാലത്തായാണ് മലബാറിലെ ക്ഷേത്രങ്ങളിലേക്കടക്കം ഉത്സവകാലങ്ങളില്‍ വെടിക്കെട്ട് സജീവമായത്. വിഷുക്കാലത്ത് മാത്രം കേരളത്തില്‍ രണ്ടായിരം കോടിയുടെ പടക്കങ്ങള്‍ വിറ്റുവരുന്നതായാണ് അനൗദ്യോഗിക കണക്ക്. ഇതിന്റെ ഇരട്ടിയോളമാണ് ഉത്സവാഘോഷങ്ങളില്‍ പൊട്ടിച്ചു തീരുന്നത്. അതേസമയം വേദങ്ങളിലോ ഇതിഹാസങ്ങളിലോ ‘വെടിവഴിപാട് ‘ എന്ന വഴിപാടിനെക്കുറിച്ച് പറയുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവരും പറയുന്നു.

ഏഴാം നൂറ്റാണ്ടിലാണ് കരിമരുന്ന് പ്രയോഗം കണ്ട് പിടിച്ചതെന്നാണ് ചരിത്രം പറയുന്നത്. ദുഷ്ടശക്തികളെ ഓടിക്കുവാനെന്ന പേരില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചൈനക്കാര്‍ ഇത് ഉപയോഗിക്കുവാന്‍ തുടങ്ങി. പിന്നീട് 18 നൂറ്റാണ്ടായപ്പോഴേക്കും ഇത് മറ്റിടങ്ങളിലേക്കെത്തി. പോര്‍ച്ചുഗീസുകാര്‍ ആണ് കരിമരുന്ന് ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവന്നത്. സള്‍ഫര്‍, മരക്കരി, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയുടെ ഒരു മിശ്രിതമായിരുന്നു ഇത്്. ഇതിന്റെ കറുത്തനിറം കാരണമാണ് കരിമരുന്ന് എന്ന വിളിപ്പേരുണ്ടായത്. വളരെ പെട്ടെന്ന് കത്തുന്ന ഇവ പഴയകാല വെടിക്കോപ്പുകളിലും പീരങ്കികളിലും ഉപയോഗിച്ചിരുന്നു. അതേസമയം അമിട്ടുകള്‍, കതിനകള്‍, പടക്കങ്ങള്‍ എന്നിവ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക താപോര്‍ജ വിസര്‍ജനം മൂലം സൂര്യതാപത്തില്‍ വര്‍ധനയുണ്ടാകുമെന്നും ഈ വര്‍ധന പ്രാദേശിക കാലാവസ്ഥയില്‍ മാറ്റം വരുത്തുമെന്നും നിരീക്ഷകര്‍ പറയുന്നു.

ഇതുമൂലം സമീപ പ്രദേശങ്ങളിലെ ജലം മലിനീകരിക്കപ്പെടും, ചിതറി വീഴുന്ന പാഴ് വസ്തുക്കള്‍ മണ്ണിനെ മലിനമാക്കും, റേഡിയോആക്ടീവ് മലിനീകരണം, വായു മലിനീകരണം, അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യത്യാസം എന്നിവയും പാര്‍ശ്വഫലങ്ങളാണ്. ഹരിതഗൃഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്‍ധിക്കുകയും ചെയ്യുമെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here