Connect with us

Kerala

വെടിക്കെട്ട് ദുരന്തം: ഏത് അന്വേഷണത്തിനും തയ്യാറെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തില്‍ ഏതുതരം അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ അടക്കം ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണ്. മന്ത്രിസഭാ ഉപസമിതി നാളെ ദുരന്തസ്ഥലം സന്ദര്‍ശിക്കും. മന്ത്രിമാരായ ഷിബു ബേബിജോണ്‍, അടൂര്‍പ്രകാശ്, വി.എസ് ശിവകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് നാളെ സംഭവസ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് പുല്ലുമേട് ദുരന്തവും തേക്കടി ബോട്ട് അപകടവും നടന്നത്. അന്ന് കോടിയേരി രാജി വച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും വെടിക്കെട്ട് നിയന്ത്രിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും, അവരുടെ വീടിന്റെ ബാക്കി നിര്‍മാണ നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിനുശേഷം സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സമ്പൂര്‍ണ വെടിക്കെട്ട് നിരോധനം വേണമെന്ന് ഡിജിപി സെന്‍കുമാര്‍ ആവശ്യപ്പെട്ടുസമ്പൂര്‍ണ നിരോധനം അപകടങ്ങള്‍ ഉണ്ടാകുന്നത് തടയുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. ഇക്കാര്യം അഡ്വക്കേറ്റ് ജനറലിനെ ഡിജിപിയുടെ ഓഫിസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നതിന് മുന്‍പാണ് പൊലീസ് വകുപ്പ് ഇക്കാര്യം അഡ്വക്കേറ്റ് ജനറലിനെ ധരിപ്പിച്ചത്.