വെടിക്കെട്ട് ദുരന്തം: പൂര്‍ണ ഉത്തരാവാദിത്വം പോലീസിനെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

Posted on: April 13, 2016 10:45 am | Last updated: April 13, 2016 at 7:53 pm
SHARE

shainamol iasകൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈനാമോളുടെ റിപ്പോര്‍ട്ട്. വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് പൊലീസ് നടപ്പാക്കിയില്ലെന്ന് റവന്യൂമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൂടാതെ കൊല്ലം ജില്ലാ പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറുന്നുണ്ട്.
വെടിക്കെട്ട് നടക്കുന്ന സമയത്ത് ഇരുന്നൂറോളം പൊലീസുകാര്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായും പിന്നീട് പൊലീസുകാര്‍ പല സ്ഥലത്തായി പിരിഞ്ഞുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മത്സരവെടിക്കെട്ടിന് താന്‍ അനുമതി നിഷേധിച്ചിട്ടും ജില്ലാ പൊലീസ് മേധാവി മൗനം പാലിക്കുകയായിരുന്നു. കൊല്ലം പൊലീസ് ഡിവിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അടക്കം എല്ലാവര്‍ക്കും മത്സരവെടിക്കെട്ട് നടക്കുന്ന കാര്യം അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മത്സര വെടിക്കെട്ട് നടക്കുന്ന സമയത്ത് സ്ഥലത്തെത്തിയ പരവൂര്‍ സി.ഐ ചന്ദ്രകുമാര്‍ ഏതാനും പൊലീസുകാരെ സംഭവസ്ഥലത്ത് നിന്നും മാറ്റിനിര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് ഇന്നലെ കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്‍കിയിരുന്നു.

അതേസമയം ഇനിയും പിടിയിലാകാനുളള ക്ഷേത്രഭാരവാഹികള്‍ കീഴടങ്ങില്ലെന്നാണ് അറിയുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനായി നീക്കം തുടങ്ങി. നാലുപേരും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ മുഖേന ഇന്നുതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.

അതേസമയം, ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ പരസ്യപ്രസ്താവനയില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് അമര്‍ഷം. സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് കമ്മീഷണറെ കുറ്റപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം ഷൈനമോള്‍ മുതലാക്കുന്നു. പൊലീസിന്റെ അതൃപ്തി ആഭ്യന്തരവകുപ്പിനെ അറിയിച്ചു. കലക്ടറുടേത് ആക്രമണമാണ് പ്രതിരോധം എന്ന സമീപനമാണെന്നും വിമര്‍ശിക്കുന്നു.

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ രംഗത്തെത്തിയിരുന്നു. വെടിക്കെട്ടിന് വാക്കാല്‍ അനുമതികിട്ടിയെന്ന് സംഘാടകര്‍ പറഞ്ഞെന്ന വാദം അംഗീകരിച്ച പൊലീസ് നടപടി അപക്വമാണ്. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും വെടിക്കെട്ട് തടഞ്ഞില്ലെന്നും കലക്ടര്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here