ഒബാമയുടെ ലിബിയന്‍ കുറ്റസമ്മതം പ്രതിച്ഛായ നിര്‍മിതിയുടെ ഭാഗം

Posted on: April 13, 2016 10:02 am | Last updated: April 13, 2016 at 10:02 am
SHARE

obamaവാഷിംഗ്ടണ്‍: ലിബിയയിലെ അമേരിക്കന്‍ ഇടപെടല്‍ സംബന്ധിച്ച് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ കുറ്റസമ്മതം വന്‍ ചര്‍ച്ചയാകുന്നു. പ്രസിഡന്റ്പദം ഒഴിയാനിരിക്കെ ഒബാമ നടത്തിയ കുറ്റസമ്മതം ഇക്കാലം വരെ യുദ്ധവിരുദ്ധ ഗ്രൂപ്പുകള്‍ നല്‍കിക്കൊണ്ടിരുന്ന മുന്നറിയിപ്പുകള്‍ ശരിവെക്കുന്നതാണ്. മുന്‍ ധാരണകളില്ലാതെ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ മറിച്ചിട്ടത് എട്ടുവര്‍ഷത്തെ തന്റെ പ്രസിഡന്റ് ഭരണത്തിലെ ഏറ്റവും വലിയ പിഴയെന്നാണ് ് ബരാക് ഒബാമ കുറ്റസമ്മതം നടത്തിയത്. അമേരിക്കന്‍ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലിബിയന്‍ ഇടപെടലിനെ കുറിച്ച് കുറ്റസമ്മതം നടത്തിയത്. ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടന്നില്ലെന്നും ഒബാമ അഭിമുഖത്തിനിടെ തുറന്നു സമ്മതിച്ചു. പ്രതിച്ഛായാ നിര്‍മിതിയുടെ ഭാഗമാണ് കുറ്റസമ്മതമെന്ന വിലയിരുത്തല്‍ ശക്തമാണ്.
2011ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക ഇടപെടലിനൊടുവില്‍ ഗദ്ദാഫിക്ക് അധികാരം നഷ്ടമായതോടെ രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് വീണു. ഇതിന് പുറമെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തീവ്രവാദികള്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ്. നിലവില്‍ ഐക്യസര്‍ക്കാര്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാറുകള്‍ രാജ്യത്തെ വ്യത്യസ്ത കേന്ദ്രങ്ങളിലിരുന്ന് സ്വയം ഭരണം നടത്തുകയുമാണ്. ലിബിയന്‍ പ്രശ്‌നത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് വലിയ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ ഒബാമ രംഗത്തെത്തിയിരുന്നു. നാല്‍പ്പത് വര്‍ഷത്തെ നീണ്ട ഭരണകാലയളവ് അധികാരത്തിലിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കുക മാത്രമായിരുന്നു പാശ്ചാത്യന്‍ രാജ്യങ്ങളുടെ താത്പര്യമെന്ന് ഇത്തരം കുറ്റസമ്മതങ്ങളിലൂടെ പുറത്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here