ബ്രസീലില്‍ രാഷ്ട്രീയ പ്രതിസന്ധി:ദില്‍മക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അംഗീകാരം

Posted on: April 13, 2016 9:55 am | Last updated: April 13, 2016 at 9:55 am

dilmaറിയോ ഡി ജനീറോ: പ്രസിഡന്റ് ദില്‍മാ റൂസഫിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ബ്രസീല്‍ പാര്‍ലിമെന്റിന്റെ അധോസഭാ കമ്മിറ്റി പാസാക്കി. നിരവധി ആരോപണങ്ങള്‍ നേരിടുന്ന പ്രസിഡന്റിന്റെ നില പരുങ്ങലിലാക്കുന്നതാണ് തീരുമാനം. 65 അംഗ കമ്മിറ്റിയില്‍ 38 പേര്‍ ഇംപീച്ച്‌മെന്റിനെ പിന്തുണച്ചപ്പോള്‍ 27 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഒരു ദിവസം മുഴുവന്‍ നീണ്ട ചൂടേറിയ സംവാദത്തിനൊടുവിലാണ് പ്രമേയം പാസായത്. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ചര്‍ച്ച രാത്രി 8.30 ഓടെയാണ് പൂര്‍ത്തിയായത്. ഉപരിസഭയിലെയും അധോസഭയിലെയും അംഗങ്ങള്‍ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. അട്ടിമറി രാജ്യത്തിന്റെ യശസ്സ് കളഞ്ഞ് കുളിക്കുമെന്ന് ചിലര്‍ പ്രതികരിച്ചപ്പോള്‍ ഇപ്പോള്‍ തന്നെ ഇംപീച്ച്‌മെന്റ് വേണമെന്നായിരുന്നു മറുഭാഗത്തിന്റെ വാദം.

സഭാ സമിതി അംഗീകാരം നല്‍കിയതോടെ അധോസഭയുടെ സമ്പൂര്‍ണ യോഗം പ്രമേയം പരിഗണിക്കും. വെള്ളിയാഴ്ചയാണ് സഭയില്‍ ചര്‍ച്ച നടക്കുക. ഞായറാഴ്ച അന്തിമ വോട്ടിനിടും. 513 അംഗ അധോസഭയിലെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ പിന്തുണച്ചാല്‍ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റിലേക്ക് പോകും. അവിടെ സുപ്രീം കോടതി അധ്യക്ഷന്റെ മേല്‍നോട്ടത്തിലാകും തുടര്‍ പ്രക്രിയകള്‍ നടക്കുക. ഇപ്പോള്‍ സഭാ സമിതി പാസാക്കിയ പ്രമേയത്തിന് അധോസഭയില്‍ ആവശ്യത്തിന് പിന്തുണ ലഭിക്കാതിരുന്നാല്‍ അതോടെ ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കപ്പെടും.
അതിനിടെ, രാജ്യം ആഭ്യന്തര സംഘര്‍ഷത്തിന്റെ വക്കിലാണെന്ന് വിദഗ്ധര്‍ വിലയിരുത്തി. പ്രസിഡന്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഈ ആഴ്ച അവസാനം തലസ്ഥാനത്ത് കൂറ്റന്‍ പ്രകടനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് മിക്ക നഗരങ്ങളിലും പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. പലയിടത്തും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നത് നിത്യസംഭവമായിരിക്കുകയാണ്. സാമ്പത്തിക രംഗത്തെ സര്‍ക്കാറിന്റെ പരാജയമാണ് ദില്‍മക്കെതിരെ ജനരോഷം ശക്തമാകാന്‍ കാരണം. 2014ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചു വരാനായി അവര്‍ ബജറ്റ്കമ്മി മറച്ചുവെച്ചുവെന്നതാണ് ആരോപണം. അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാര്‍ പലപ്പോഴും ആടിയുലഞ്ഞിരുന്നു. സാമ്പത്തിക മാന്ദ്യം ശക്തമാക്കുന്നതിന് സര്‍ക്കാറിന്റെ നയങ്ങള്‍ കാരണമായെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ അഴിമതിക്കെതിരെ നടപടിയെടുക്കുന്നതാണ് ചിലര്‍ തനിക്കെതിരെ തിരിയുന്നതിന്റെ യഥാര്‍ഥ കാരണമെന്ന് പ്രസിഡന്റ് ദില്‍മാ റൂസഫ് പറയുന്നു. രാജ്യത്തെ പ്രധാന പൊതു മേഖലാ എണ്ണ കമ്പനിയായ പെട്രോ ബ്രാസില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ വമ്പന്‍ വ്യവസായികളിലേക്കാണ് അന്വേഷണം ചെന്നെത്തുന്നത്. അധോസഭാ പ്രസിഡന്റ് എഡ്വാര്‍ഡോ കന്‍ഹയും ഇതില്‍ പെടുന്നു. കന്‍ഹയും അനുയായികളുമാണ് തനിക്കെതിരെ കരുക്കള്‍ നീക്കുന്നതെന്ന് ദില്‍മ പറയുന്നു.