വെടിക്കെട്ട്: പടക്ക നിര്‍മാണ നിബന്ധനകള്‍ പരിഷ്‌കരിക്കും

Posted on: April 13, 2016 9:47 am | Last updated: April 13, 2016 at 9:47 am
SHARE

firecrackersകൊല്ലം പരവൂര്‍ പുറ്റിങ്ങലിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നടത്തുന്നതിനും പടക്കം നിര്‍മിക്കുന്നതിനുമുള്ള നിബന്ധനകള്‍ പരിഷ്‌കരിച്ച് കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനമായി. ഇതു സംബന്ധിച്ച ശിപാര്‍ശ ഉടന്‍ സമര്‍പ്പിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ വ്യക്തമാക്കി. എത്ര മാത്രം ശബ്ദം അനുവദിക്കാം, വെടിക്കെട്ട് സ്ഥലത്ത് ശേഖരിക്കാവുന്ന പടക്കത്തിന്റെ അളവ്, എത്ര നേരം തുടര്‍ച്ചയായി ഉയര്‍ന്ന തോതിലുള്ള ശബ്ദം കേള്‍പ്പിക്കാം തുടങ്ങിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്ത് നിയന്ത്രണം ശക്തിപ്പെടുത്താനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനം. തുടരെ വലിയ ശബ്ദം കേള്‍ക്കുന്നത് മാനസിക അസ്വാസ്ഥ്യത്തിന് ഇടയാക്കുമെന്നതിനാല്‍ അത് ശബ്ദമലിനീകരണ പരിധിയുടെ ലംഘനം കൂടിയാകും. ഈ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച നിബന്ധന ഉള്‍പ്പെടുത്താനുള്ള തീരുമാനം.

പുറ്റിങ്ങലും പരിസരത്തും പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘം വായു മലിനീകരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹാനികരമായ സള്‍ഫര്‍ ഡൈയോക്‌സൈഡിന്റെ സാന്നിധ്യമാണ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പടക്ക നിര്‍മാണ വേളയില്‍ രാസവസ്തുക്കളുടെ തോത് നിയന്ത്രിക്കാനുള്ള നിബന്ധനയാണ് കൂടുതല്‍ ശക്തമാക്കുക. ഉത്സവകാലത്ത് പാലിക്കേണ്ട പൊതു നിബന്ധനകള്‍ പരിഷ്‌കരിക്കാനും ശിപാര്‍ശ നല്‍കും.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഉറപ്പാക്കിയുള്ള പടക്ക നിര്‍മാണം മാത്രമേ ഏതു സാഹചര്യത്തിലും അനവദിക്കൂ എന്ന നിബന്ധന കര്‍ശനമായി നടപ്പിലാക്കും. വെടിക്കെട്ടിന്റെ സംഘാടകരും അത് നടത്തുന്നവരും ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം എന്ന സുപ്രധാന നിര്‍ദ്ദേദശവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ട് വെക്കുന്നുണ്ട്. ശിപാര്‍ശയില്‍ ഇതും ഉള്‍പ്പെടുത്തും. പടക്കത്തിന്റെ ഉത്പാദന വേളയിലെ പരിശോധനാ ചുമതലയുള്ള എക്‌സ്പ്‌ളോസിവ് വിഭാഗത്തിന് പ്രത്യേക മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുന്നതിനും ശിപാര്‍ശ നല്‍കും. ഉത്പാദന തോത് നിയന്ത്രണം ഉറപ്പാക്കാനാണിതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here