വി എസിന് പിന്നില്‍ എപ്പോഴുമുണ്ട് ഒരു ‘ഇംഗ്ലണ്ട്’ ക്യാമറ

Posted on: April 13, 2016 9:04 am | Last updated: April 13, 2016 at 9:05 am
SHARE
v s cam
വി എസിന്റെ പ്രസംഗം ചിത്രീകരിക്കുന്ന ഇയാന്‍

പാലക്കാട്: വി എസ് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ക്യാമറയില്‍ പകര്‍ത്താന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഡോക്യുമെന്ററി സംവിധായകന്‍ മലമ്പുഴയിലെത്തി. ഇയാന്‍ മക്‌ഡൊണാള്‍ഡാണ് പുതിയ ഡോക്യുമെന്ററിയുടെ ഭാഗമായി വി എസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. വി എസിനെ കുറിച്ച് ഭാര്യയും മലയാളിയുമായ ഗീതയില്‍നിന്ന് ഇയാന്‍ മക്‌ഡോണാള്‍ഡ് കുറേ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശത്തില്‍ സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ പ്രചാരണം നടത്തുന്ന വി എസിന് ലഭിക്കുന്ന വലിയ സ്വീകാര്യതയും ജനങ്ങളുടെ ആവേശവും ഇയാന് പുതിയൊരു അനുഭവമാണത്രെ.

വി എസ് പങ്കെടുക്കുന്ന കണ്‍വെന്‍ഷനുകളിലും കുടുംബ യോഗങ്ങളിലും എല്ലാം ക്യാമറയുമായി ഇയാന്‍ മക്‌ഡൊണാള്‍ഡും ഉണ്ട്. വി എസിന്റെ ഓരോ ചുവടും ഈ ഇംഗ്ലണ്ടുകാരന്‍ കൃത്യമായി പകര്‍ത്തുന്നു. ഇടതുപക്ഷ ആശയ പ്രചാരകനായ ഇയാന്‍, സോവിയറ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികവും കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതിന്റെ 70ാം വാര്‍ഷികവും പ്രമേയമായ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിലാണ്. ഇന്ത്യയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ വി എസിന്റെ അനുഭവവും തിരഞ്ഞെടുപ്പ് പ്രചാരണവും ഇതില്‍ ഇതിവൃത്തമാകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ഇയാന്റെ ക്യാമറ വി എസിനെ പിന്തുടരും. വി എസിനെ കുറിച്ച് മാത്രമായൊരു ഡോക്യുമെന്ററി നിര്‍മാണവും ഇയാന്റെ മനസിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here