ഐപിഎല്‍: റോയല്‍ ചാലഞ്ചേഴ്‌സിന് വിജയം

Posted on: April 13, 2016 8:53 am | Last updated: April 13, 2016 at 8:53 am
SHARE

bnglrബെംഗളുരു: ഐ പി എല്ലില്‍ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് 45 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തു. സ്‌കോര്‍: ബെംഗളുരു 227/4(20) ; ഹൈദരാബാദ് 182/6(20) ടോസ് ലഭിച്ചിട്ടും ബെംഗളുരുവിനെ ബാറ്റിംഗിനയച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അബദ്ധം തിരിച്ചറിഞ്ഞത് കോഹ്‌ലിയും ഡിവില്ലേഴ്‌സും റണ്‍സടിച്ച് കൂട്ടുന്നത് കണ്ടപ്പോഴാണ്. ക്രിസ് ഗെയിലിനെ പെട്ടെന്ന് പുറത്താക്കാന്‍ സാധിച്ചത് മാത്രമാണ് വാര്‍ണര്‍ക്ക് ആശ്വാസമായത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഗെയിലിന്റെ കുറ്റി തെറിച്ചു.

നാല് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു വിന്‍ഡീസ് താരത്തിന്റെ സ്‌കോര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം ക്രീസില്‍ ഒത്തുചേര്‍ന്നത് ദക്ഷിണാഫ്രിക്കയുടെ എബിഡിവില്ലേഴ്‌സ്. ആധുനിക ക്രിക്കറ്റിലെ രണ്ട് തകര്‍പ്പന്‍ ബാറ്റ്‌സ്മാന്‍മാരുടെ സംഗമം ഐ പി എല്‍ കാണികള്‍ക്ക് വിരുന്നായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 157 റണ്‍സാണ് അടിച്ച് കൂട്ടിയത്. 15.5 ഓവറില്‍ കോഹ്‌ലി പുറത്തായതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്. കോഹ്‌ലി 51 പന്തില്‍ 75ഉം ഡിവില്ലേഴ്‌സ് 42 പന്തില്‍ 82ഉം നേടി. കോഹ്‌ലി മൂന്ന് സിക്‌സും ഏഴ് ഫോറും നേടിയപ്പോള്‍ ഡിവില്ലേഴ്‌സ് ആറ് സിക്‌സും ഏഴ് ഫോറുമായി കൂടുതല്‍ അപകടകാരിയായി.

ആസ്‌ത്രേലിയന്‍ വെറ്ററന്‍ ഷെയിന്‍ വാട്‌സന്‍ ഒമ്പത് പന്തില്‍ മൂന്ന് സിക്‌സറുകളിലൂടെ പതിനെട്ട് റണ്‍സും സര്‍ഫറാസ് ഖാന്‍ പുറത്താകാതെ പന്ത് പന്തില്‍ 35 റണ്‍സും നേടി. രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് സര്‍ഫറാസിന്റെ വെടിക്കെട്ടിന് ചാരുതയേകിയത്. കെദാര്‍ യാദവ് പുറത്താകാതെ എട്ട് റണ്‍സ് നേടി. ഭുവനേശ്വര്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തത്. മുസ്താഫിസുര്‍ റഹ്മാന്‍ നാല് ഓവറില്‍ 26ന് രണ്ട് വിക്കറ്റെടുത്തതാണ് ഭേദപ്പെട്ട ബൗളിംഗ് പ്രകടനം. ബൗളിംഗിനിടെ ആശിഷ് നെഹ്‌റ പരുക്കേറ്റ് പിന്‍മാറി.