എന്‍ ഐ എ ഉദ്യോഗസ്ഥന്റെ വധം: രണ്ട് പേര്‍ അറസ്റ്റില്‍

Posted on: April 13, 2016 1:44 am | Last updated: April 12, 2016 at 11:50 pm
SHARE

niaബിജ്‌നോര്‍: എന്‍ ഐ എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദിന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു. കുടുംബപരമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. തന്‍സിലിന്റെ ഭാര്യാസഹോദരന്റെ ബന്ധു രഹനാണ് അറിസ്റ്റിലായവരില്‍ ഒരാളെന്ന് ബറേലി മേഖലാ ഐ ജി വിജയ് കുമാര്‍ മീണ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിക്കപ്പെടുന്ന മുനീര്‍ എന്നയാള്‍ ഇപ്പോഴും പിടിയിലായിട്ടില്ല. ഈ മാസം രണ്ടിന് രാത്രി ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങവെയാണ് ബൈക്കിലെത്തിയ ആക്രമിസംഘം 45കാരനായ തന്‍സീലിനെ കൊലപ്പെടുത്തിയത്.

സഹസ്പൂരില്‍ എത്തിയപ്പോള്‍ ബൈക്കിലെത്തിയ സംഘം ഇദ്ദേഹത്തെയും കുടുംബത്തെയും പിന്തുടര്‍ന്ന് ആക്രമിക്കുകായിരുന്നു. സംഘത്തിലുണ്ടായിരുന്ന മുനീര്‍, തന്‍സീലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തന്‍സീല്‍ തത്ക്ഷണം മരിക്കുകയും ഭാര്യക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ രണ്ട് മക്കള്‍ക്കും പരുക്കേറ്റിരുന്നു.

അറസ്റ്റിലായ രഹന്‍, ഇയാളുടെ കൂട്ടാളി സൈനുല്‍ എന്നിവര്‍ ചേര്‍ന്നാണ് മുനീറിനൊപ്പം ആക്രമണം നടത്തിയത്. 24 വെടിയുണ്ടകളാണ് ആക്രമികള്‍ തന്‍സീലിന് നേരെ ഉതിര്‍ത്തത്. നാല് വെടിയുണ്ടകള്‍ ഭാര്യ ഫര്‍സാനക്കും ഏറ്റിരുന്നു. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന മകള്‍ക്കും മകനും വെടിയേറ്റിരുന്നില്ല. കുടുംബപരമായ വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെട്ട തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ അന്വേഷണ സംഘത്തില്‍പ്പെട്ട തന്‍സീലിന്റെ കൊലപാതകം നേരത്തെ ചില അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. അന്വേഷണത്തിലും രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിലും വിദഗ്ധനായിരുന്നു തന്‍സീല്‍ എന്നാണ് ഉയര്‍ന്ന എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യാന്‍ സഹായകമായ വിവരം കൈമാറുന്നവര്‍ക്ക് 50,000 രൂപ ഇനാം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഡി ജി പി ജാവേദ് അഹ്മദ് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here