കിട്ടാക്കടം: ആര്‍ ബി ഐക്കും കേന്ദ്രത്തിനും സുപ്രീം കോടതി വിമര്‍ശം

Posted on: April 13, 2016 12:39 am | Last updated: April 12, 2016 at 11:40 pm

supreme court1ന്യൂഡല്‍ഹി:രാജ്യത്തെ ബേങ്കുകള്‍ക്ക് വായ്പയിനത്തില്‍ തിരിച്ചുകിട്ടാനുള്ള കോടിക്കണക്കിന് രൂപയുമായി ബന്ധപ്പെട്ട് റിസര്‍വ് ബേങ്കിനും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. വായ്പാ കുടിശ്ശികക്കാരെ നിയന്ത്രിക്കേണ്ടതും നടപടിയെടുക്കേണ്ടതും റിസര്‍വ് ബേങ്കിന്റെ കടമയാണെന്നിരിക്കെ കോര്‍പറേറ്റുകളെ സഹായിക്കുന്ന തരത്തിലുള്ള സമീപനമാണ് റിസര്‍വ് ബേങ്കിന്റേതെന്നും കോടതി കുറ്റപ്പെടുത്തി. കിംഗ്ഫിഷര്‍ ഗ്രൂപ്പ് ഉടമ വിജയ് മല്യയുടെ പേര് പറയാതെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും ബേങ്കുകളുടെ അസോസിയേഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ ഈ മാസം 26ന് വീണ്ടും വാദം കേള്‍ക്കും.

അഞ്ഞൂറ് കോടിയിലധികം തുക വായ്പയിനത്തില്‍ പിഴവ് വരുത്തിയ കമ്പനികളുടെ വിവരങ്ങള്‍ ആര്‍ ബി ഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. സ്വകാര്യതയുടെ പ്രശ്‌നം സൂചിപ്പിച്ച് ആര്‍ ബി ഐ ഈ കണക്കുകള്‍ ആദ്യം പുറത്തുവിട്ടിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. പിന്നീട് കോടതിയില്‍ ആര്‍ ബി ഐ നല്‍കിയ വിശദീകരണത്തില്‍ ലക്ഷക്കണക്കിന് കോടി രൂപ കോര്‍പറേറ്റുകളും വ്യക്തികളും തിരിച്ചടക്കാനുള്ളതായി വ്യക്തമാക്കിയിരുന്നു. ഇതില്‍ ചില വ്യക്തികള്‍ അഞ്ഞൂറ് കോടിയിലധികം രൂപ വായ്പയെടുത്തിട്ടുണ്ട്. എന്നാല്‍, ബേങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ റിസര്‍വ് ബേങ്ക് ഇടപെടാറില്ലെന്നും കിട്ടാക്കടം എത്രയെന്ന് പരസ്യപ്പെടുത്തുന്നത് സാമ്പത്തികനിലയെ പ്രതികൂലമായി ബാധിക്കുമെന്നും റിസര്‍വ് ബേങ്ക് പ്രതിനിധി വാദിച്ചു. കേസില്‍ ബേങ്കുകളെയും ഉള്‍പ്പെടുത്തണമെന്നും റിസര്‍വ് ബേങ്ക് ആവശ്യമുന്നയിച്ചു.
അതേസമയം, വന്‍കിട കമ്പനികള്‍ വായ്പ എടുത്ത വകയില്‍ തിരിച്ചടക്കാനുള്ള തുക ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു ഭാഗത്ത് കോടിക്കണക്കിന് രൂപ വായ്പയെടുക്കുകയും സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുകയും ചെയ്യുന്നു. മറുഭാഗത്ത് പാവപ്പെട്ട കര്‍ഷകന്‍ കുറഞ്ഞ തുക വായ്പയെടുത്ത് തിരിച്ചടക്കാത്തതിന്റെ പേരില്‍ അവരുടെ സ്വത്ത് ജപ്തി ചെയ്യുന്നു. നിങ്ങളല്ലേ ഇത് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതെന്ന് കോടതി റിസര്‍വ് ബേങ്ക് അഭിഭാഷകനോട് ചോദിച്ചു. ഇതുവരെ എത്ര കോടി രൂപയാണ് ബേങ്കുകള്‍ക്ക് കിട്ടാനുള്ളതെന്ന് ആര്‍ ബി ഐ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട കോടതി, കോടിക്കണക്കിന് രൂപയുടെ ബേങ്ക് വായ്പ എടുത്തവര്‍ വായ്പ തിരിച്ചടക്കാതെ വിദേശത്ത് കടക്കുന്നത് അറിയുന്നില്ലേ എന്നും ചോദിച്ചു.
കര്‍ഷകര്‍ എടുക്കുന്ന വായ്പ തിരിച്ചടക്കാതിരുന്നാല്‍ കടുത്ത നടപടികളെടുക്കുമ്പോള്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്ത ഉന്നതരെ കമ്പനി നഷ്ടത്തിലെന്ന പേരില്‍ ഒഴിഞ്ഞു മാറാന്‍ സഹായിക്കുന്നത് രണ്ട് നീതിയാണെന്നും കോടതി കുറ്റപ്പെടുത്തി. പൊതുമേഖലാ ബേങ്കുകളില്‍ എത്ര കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്ന് റിസര്‍വ് ബേങ്ക് വെളിപ്പെടുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.