Connect with us

Articles

ജനാധിപത്യത്തിന് വിലയേറുന്നു

Published

|

Last Updated

ഇന്ത്യയില്‍ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് നടന്ന 1952ല്‍ ഇന്ത്യന്‍ ജനാധിപത്യം ശൈശവ ദശയിലായിരുന്നു. 82 ശതമാനം നിരക്ഷരരുള്ള, രാജ്യത്തെ ബഹുഭൂരിപക്ഷമാളുകള്‍ക്കും എന്താണ് വോട്ടെന്നോ എങ്ങനെ വോട്ട് ചെയ്യണമെന്നോ ആര്‍ക്ക് വോട്ടു ചെയ്യണമെന്നോ അറിയാത്ത നാട്. ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ലേബര്‍ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയെന്ന് പറഞ്ഞാല്‍ അവിടുത്തെ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാനറിയാം. ഇവിടെ പക്ഷേ, ജനങ്ങളുടെ നിരക്ഷരത ഇതിന് വലിയ തടസ്സമായി. കോണ്‍ഗ്രസ് എന്ന് എഴുതിയാല്‍ വായിക്കാന്‍ അറിയാത്തവരായിരുന്നു ഇന്ത്യന്‍ ജനത.

ഈ പ്രതിസന്ധി മുറിച്ചു കടക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുകോമള്‍ സെന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ബാധവത്കരണം നടത്തുകയുണ്ടായി. റേഡിയോയും സിനിമാ ശാലകളിലെ ന്യൂസ് റീലുകളുമായിരുന്നു ആശ്രയം. ഗ്രാമങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണത്തിന് പോകുമ്പോള്‍ സ്ത്രീകള്‍ പുറത്തുവരാനോ പേര് വെളിപ്പെടുത്താനോ പോലും വിസമ്മതിക്കുന്ന അവസ്ഥയായിരുന്നു അന്ന്.

പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയുടെയോ പേര് വായിച്ചു മനസ്സിലാക്കാന്‍ ആളുകള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഓരോ പാര്‍ട്ടിക്കും ചിഹ്നങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. കുടില്‍, കുടം, കാള, ഇല, കത്തുന്ന വിളക്ക്, കലപ്പ, തുടങ്ങിയ ചിഹ്നങ്ങള്‍ നിരക്ഷരരായ ജനങ്ങള്‍ക്ക് സ്ഥാനാര്‍ഥികളെയും പാര്‍ട്ടികളെയും തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു. ഓരോ സ്ഥാനാര്‍ഥിയുടെയും ചിഹ്നം പതിച്ച പെട്ടികളിലായിരുന്നു അന്ന് വോട്ട്. ആദിവാസികള്‍ അമ്പും വില്ലുമായാണ് ചിലയിടങ്ങളില്‍ പോളിംഗ് ബൂത്തുകളിലെത്തിയത്.

ഇന്ത്യന്‍ പൊതുധാരയില്‍ നിന്ന് വ്യത്യസ്തമായി കേരളം അന്നേ പ്രബുദ്ധതയില്‍ ഏറെ മുന്നിലായിരുന്നു. തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് കാണാന്‍ വരാനിരിക്കുന്ന വസന്തകാലത്തെക്കുറിച്ചുള്ള രാഷ്ട്രീയ സ്വപ്നങ്ങളുണ്ടായിരുന്നു. ഹൃദയത്തിലേറ്റിയ രാഷ്ട്രീയത്തിനു വേണ്ടി പട്ടിണി കിടന്നും പ്രചാരണം നടത്തിയിരുന്നവരുടെ ആ തലമുറയെ പക്ഷേ ഇന്ന് എവിടെയും കാണാനില്ല. ഇലക്ഷന്‍ ഫണ്ടിലേക്ക് ബീഡി തെറുത്തുകൊടുത്തും കെട്ടുതാലിയും ആഭരണങ്ങളും വളര്‍ത്തുന്ന മൃഗങ്ങളെയും സംഭാവന ചെയ്തും തിരഞ്ഞെടുപ്പ് പ്രക്രിയ തങ്ങളുടേത് കൂടിയാക്കിയ അന്നത്തെ തലമുറ.

അതൊക്കെ ജനാധിപത്യത്തിന്റെ പുഷ്‌കല കാലത്തെക്കുറിച്ചുള്ള ഓര്‍മമാത്രമാണിന്ന്. 1957ല്‍ ഐക്യകേരള രൂപവത്കരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ നിന്ന് അമ്പത്തൊമ്പതാണ്ട് പിന്നിട്ട് കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പഴമയുടെ രാഷ്ട്രീയ അടയാളങ്ങള്‍ പോലും അപ്രത്യക്ഷമായിരിക്കുന്നു.

ഓരോ തിരഞ്ഞെടുപ്പു കടന്നുപോകുന്തോറും ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അളവിലും തൂക്കത്തിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഭരണപക്ഷവും അടുത്ത അഞ്ചുവര്‍ഷം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷവും സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ഒഴുകുന്ന ഈ മാമാങ്കം രാഷ്ട്രീയത്തിന്റേതും ജനാധിപത്യത്തിന്റേതും മാത്രമല്ല; പണമെറിഞ്ഞ് പണം കൊയ്യുന്ന സാമ്പത്തിക ശക്തികളുടേതു കൂടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയവരും അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കോടികള്‍ കൊയ്യാന്‍ നോട്ടമിട്ടിരിക്കുന്നവരും ഒഴുക്കുന്ന പണമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി നിര്‍ണയിക്കുന്നത്.

ഇക്കൂട്ടത്തില്‍ കോര്‍പറേറ്റുകളും എസ്റ്റേറ്റ് ഉടമകളും റിയല്‍ എസ്റ്റേറ്റുകാരും ബാറുടമകളുമുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെ പരോക്ഷമായെങ്കിലും നിയന്ത്രിക്കുന്നത് ഈ ശക്തികളാണ്. പ്രചാരണത്തിലുടനീളം ഈ ശക്തികളുടെ അദൃശ്യസാന്നിധ്യമുണ്ട്. മാധ്യമ മാരീചന്‍മാരായും ഇവര്‍ കപടവേഷമണിഞ്ഞെത്തുന്നു.
പ്രചാരണ വേദികളില്‍ നിന്ന് രാഷ്ട്രീയം പരമാവധി മാറി നില്‍ക്കുകയും ജനപ്രിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നതാണ് ഇക്കാലത്തെ തിരഞ്ഞെടുപ്പുകളുടെ ഒരു സവിശേഷത. പ്രചാരണത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനോ കേള്‍ക്കാനോ ആളില്ലാത്ത സ്ഥിതിയുണ്ട്്.

മനസ്സും സമയവും ആള്‍ക്കൂട്ടത്തെ അതിന് അനുവദിക്കുന്നില്ല. മാധ്യമ രംഗത്തുണ്ടായ ദൃശ്യമുന്നേറ്റം മലയാളിയുടെ രാഷ്ട്രീയ ബോധത്തില്‍ ഉണ്ടാക്കിയ മാറ്റം ആരോഗ്യകരമോ അനാരോഗ്യകരമോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്. ലോകരാഷ്ട്രീയം വരെ വന്നിരുന്ന ചായക്കടകളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ പോലും സോളാറിലും ബാറിലും ഗ്രൂപ്പുകളികളിലും തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു. അഴിമതി ഈ തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് അടുത്തിടെ നടന്ന ഒരു അഭിപ്രായ സര്‍വേയില്‍ ഭൂരിപക്ഷം പേരും പറഞ്ഞത്.

അരാഷ്ട്രീയത പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് തങ്ങള്‍ പ്രചാരണത്തിനിറങ്ങുന്നതെന്ന ബോധ്യം പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുണ്ട്. അതുകൊണ്ടാകണം അവരുടെ പ്രസംഗങ്ങളിലും പ്രചാരണത്തിലുമെല്ലാം രാഷ്ട്രീയം അകന്നു മാറി നില്‍ക്കുന്നത്. വിഷയം എന്ന നിലയില്‍ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തുമ്പോള്‍ തന്നെ അതാണ് കാലഘട്ടത്തിന്റെ രാഷ്ട്രീയമെന്ന നിലപാടാണ് അവര്‍ക്കുള്ളത്.

ചുമരുകളും ഉച്ചഭാഷിണികളുമല്ല ഫേസ്ബുക്കും വെബ് പേജുകളുമാണ് ഇക്കാലത്ത് പ്രചാരണത്തിന്റെ ഗതിനിര്‍ണയിക്കുന്നത്. തൊണ്ടപൊട്ടുന്ന മുദ്രാവാക്യങ്ങളേക്കാള്‍ ലൈക്കുകളും കമന്റുകളുമാണ് അണി ചേരുന്നത്. ഓരോ വോട്ടറുടെയും കൈയിലുള്ള മൊബൈല്‍ ഫോണാണ് ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യപ്രചാരണായുധം. നേതാക്കളുടെ ശബ്ദ സന്ദേശം മുതല്‍ ഫേസ്ബുക്ക് വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ വരെ മൊബൈല്‍ ഫോണിലൂടെ തുറക്കുന്ന ലോകത്തിലൂടെയാണ് പ്രചാരണത്തിന്റെ സഞ്ചാരം. ഇത്തരം കൂട്ടായ്മകള്‍ സൃഷ്ടിക്കാനും അതില്‍ ലൈക്കടിച്ച് ആളെക്കൂട്ടാനും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ വരെ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഇത്തരം ഗ്രൂപ്പുകള്‍ക്ക് പണം കൊടുത്താല്‍ ഈ ഭാവനാലോകത്തില്‍ ഏത് പാര്‍ട്ടിക്കും ഏത് സ്ഥാനാര്‍ഥിക്കും നിശ്ശബ്ദ വിപ്ലവം സൃഷ്ടിക്കാം. പത്രങ്ങളിലെ പെയ്ഡ് ന്യൂസ് പിടിക്കാന്‍ വലവിരിച്ച് കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷേ, ഓണ്‍ലൈനില്‍ ഒഴുക്കുന്ന പണത്തിന്റെ കണക്കെടുക്കാനോ തടയിടാനോ ഒരു സംവിധാനവുമില്ല. ജനങ്ങള്‍ ഏറ്റെടുത്തു നടത്തിയിരുന്ന പ്രചാരണത്തിന്റെ ചുമതല ഇന്ന് പരസ്യ ഏജന്‍സികളുടെ ബുദ്ധിശാലകളിലാണ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ആസൂത്രണവും നിര്‍വഹണവും പരസ്യ ഏജന്‍സികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നു.

ഇവിടെ സ്ഥാനാര്‍ഥികള്‍ വലിയ പരസ്യകമ്പനികളുടെ ഉത്പന്നങ്ങളായി മാറുകയാണ്. ഉത്പന്നങ്ങളുടെ പരസ്യം പോലെ മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ആകര്‍ഷകമായ പരസ്യവാചകങ്ങളോടെ നാടെങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളിലെ ഡ്രസ്‌കോഡ് വരെ നിശ്ചയിക്കുന്നത് പരസ്യ ഏജന്‍സികളാണ്. എവിടെയെല്ലാം പോസ്റ്ററുകള്‍ കളര്‍ഫുള്ളാകണം, എവിടെയെല്ലാം സാത്വികമാകണം എന്നെല്ലാം പ്രൊഫഷനലുകള്‍ തീരുമാനിക്കും. കോളജ് ക്യാമ്പസുകള്‍ക്കടുത്ത് പരസ്യ ബോര്‍ഡുകളില്‍ സ്ഥാനാര്‍ഥി കൂടുതല്‍ സുമുഖനും സുന്ദരനുമാകുമ്പോള്‍ മതകേന്ദ്രങ്ങളില്‍ മുണ്ടുടുത്ത് സാത്വികനാകുന്നു. പഞ്ചുള്ള പരസ്യവാചകങ്ങളിലുമുണ്ട് ഈ പ്രൊഫഷനല്‍ മികവ്.
ഒരു സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പറയുന്നത്.

സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെയും സാമ്പത്തിക ശേഷിക്കനുസരിച്ച് കോടികളുടെ എണ്ണം കൂടും. കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുടക്കം കൂടാതെ ഭരണമാറ്റമുണ്ടാകുന്നതിനാല്‍ തിരഞ്ഞെടുപ്പ് ഫണ്ടിന് ക്ഷാമമില്ല. ഭരണകക്ഷിയെ സഹായിക്കാന്‍ എത്രത്തോളം പണച്ചാക്കുകള്‍ ഉണ്ടാകുമോ അത്രത്തോളം പണച്ചാക്കുകള്‍ പ്രതിപക്ഷത്തെ സഹായിക്കാനും തയ്യാറാണ്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി കേന്ദ്രീകരിച്ചാണ് എല്ലാ പാര്‍ട്ടികളും വലിയ തോതില്‍ ഫണ്ട് സമാഹരണം നടത്തുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഏതെങ്കിലും ഒരു സ്ത്രീ അവരുടെ ആടിനെ സംഭാവന ചെയ്താല്‍ അത് ചരിത്രത്തിന്റെ ഹാസ്യാനുകരണം മാത്രമാകും.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിലെ വോട്ടവകാശം മാത്രമായി ജനാധിപത്യം അഥവാ ജനാധികാരം എന്ന സങ്കല്‍പ്പം പരിമിതപ്പെടുമ്പോള്‍ ഈ വോട്ടവകാശത്തെ തങ്ങള്‍ക്കനുകൂലമാക്കുന്നതിനുള്ള കൗശലം മാത്രമായി തിരഞ്ഞെടുപ്പ് പ്രചാരണം മാറുകയാണ്. വോട്ടര്‍മാരെ എങ്ങനെ സമര്‍ഥമായി കബളിപ്പിക്കാമെന്നതിന്റെ പരീക്ഷണങ്ങളാണ് അവരുടെ പ്രചാരണതന്ത്രങ്ങള്‍. ആവര്‍ത്തിച്ച് പറഞ്ഞ്് നുണകള്‍ സത്യമാക്കുന്ന തന്ത്രമാണ് ഇവിടെ ഏറ്റവുമധികം പരീക്ഷിക്കുന്നത്. മാധ്യമങ്ങളാണ് ഈ പ്രചാരണ തന്ത്രത്തിന്റെ കുന്തമുന. മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യവും അസത്യവും തിരിച്ചറിയാന്‍ വോട്ടര്‍മാരാകുന്ന സാമാന്യ ജനത്തിന് കഴിയാറില്ല.

ഏറ്റവും സത്യസന്ധനായ വ്യക്തി അഴിമതിക്കാരനായും യഥാര്‍ഥ അഴിമതിക്കാരന്‍ സത്യസന്ധനായും ചിത്രീകരിക്കപ്പെടുകയും ആവര്‍ത്തിച്ചുള്ള പ്രചാരണത്തിലൂടെ അയാളില്‍ തെറ്റായ മുദ്ര ചാര്‍ത്തപ്പെടുകയും ചെയ്യുന്നതിന് നമുക്ക് മുന്നില്‍ ഒരു പാട് ഉദാഹരണങ്ങളുണ്ട്. വ്യത്യസ്ത താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിവിധ തരം മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അജന്‍ഡ നിശ്ചയിക്കുന്ന ഇക്കാലത്ത്് ഗീബല്‍സിയന്‍ തന്ത്രങ്ങളുടെ സാധ്യത അനന്തവും അപാരവുമാണ്. ഇവിടെ ജനമനസ്സില്‍ മുറിവേറ്റു വീഴുന്നവരും വിഗ്രഹങ്ങളായി മാറുന്നവരും തന്ത്രങ്ങളില്‍ തോല്‍ക്കുന്നവരും ജയിക്കുന്നവരും മാത്രമാണ്. ജനങ്ങള്‍ ഏറ്റവും സമര്‍ഥമായി കബളിപ്പിക്കപ്പെടുമ്പോള്‍ പരാജയം സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസത്തക്ക് തന്നെയാണ്.