തളരുന്ന ഇസില്‍

Posted on: April 13, 2016 6:03 am | Last updated: April 12, 2016 at 10:02 pm
SHARE

SIRAJ.......ആധുനിക ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അപകടകരമായ ഭീകരഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസില്‍ സംഘത്തിനെതിരെ സിറിയയിലും ഇറാഖിലും ചില നിര്‍ണായക സൈനിക വിജയങ്ങള്‍ നേടിയെന്നത് സമാധാന സ്‌നേഹികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഇറാഖിലെ റമാദിയില്‍ നിന്ന് അവരെ തുരത്താന്‍ സാധിച്ചു. ഖിലാഫത്ത് പ്രഖ്യാപനമെന്ന അധികപ്രസംഗത്തിന് ശേഷം ഇസില്‍ തീവ്രവാദികള്‍ ‘ഭരണസംസ്ഥാപനം’ നടത്തിയ പ്രദേശങ്ങളിലൊന്നാണ് റമാദി. ഇവര്‍ ഭരിക്കാന്‍ തുടങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ലോകത്തിന് വ്യക്തമായത് ഇവിടെ നിന്നാണ്. കൊള്ളമുതല്‍ സൂക്ഷിക്കാനുള്ള ഇടമായിരുന്നു ഇവര്‍ക്ക് ഈ ഭൂവിഭാഗം. അതിക്രൂരമായ മനുഷ്യക്കുരുതികള്‍ക്കും ഈ മണ്ണ് സാക്ഷ്യം വഹിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമ പിന്തുണയോടെ ഇറാഖ് സൈന്യം റമാദി തിരിച്ചുപിടിച്ചതോടെ സാവധാനം അവിടെ നിയമവാഴ്ച സാധ്യമാകുകയാണ്. പലായനം ചെയ്തവര്‍ തിരിച്ചുവന്നു തുടങ്ങിയിരിക്കുന്നു. കുഴിച്ചിട്ട മൈനുകള്‍ ഉണ്ടാകാം എന്നതിനാല്‍ ആഴത്തിലുള്ള പരിശോധനക്ക് ശേഷം മാത്രമേ ഇവിടേക്ക് ജനങ്ങളെ കടത്തിവിടുന്നുള്ളൂ.

സിറിയയിലെ പുരാതന നഗരമായ പാല്‍മിറയില്‍ നിന്ന് ഇസില്‍ ഭീകരവാദികളെ തുരത്തി ബശര്‍ അല്‍ അസദിന്റെ സൈന്യം നിയന്ത്രണം ഏറ്റെടുത്തത് വലിയ മുന്നേറ്റമാണ്. സിറിയയിലെ തന്നെ വടക്കന്‍ അലപ്പോ മേഖലയിലും ഇസിലിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഇവിടെ ഫ്രീ സിറിയന്‍ ആര്‍മിയെന്ന് വിളിക്കപ്പെടുന്ന വിമത സൈനികരാണ് ഇസില്‍ തീവ്രവാദികളെ വെല്ലുവിളിച്ചത്. കൊബാനി മേഖലയിലും ഇറാഖിലെ സിന്‍ജാര്‍ തുടങ്ങിയ മേഖലയിലും കുര്‍ദ് സംഘങ്ങളാണ് ഇസിലിനെതിരെ പട നയിക്കുന്നത്. ഇങ്ങനെ വിവിധ കോണില്‍ നിന്നുള്ള നീക്കങ്ങള്‍ക്കിടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത്- ദായിശ് സംഘത്തിന്റെ കൈവശമുളള 20 ശതമാനം പ്രദേശങ്ങളും അവര്‍ക്ക് നഷ്ടമായെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാല്‍മിറയെന്ന പുരാതന നഗരം പഴയ റോമാ സാമ്രാജ്യത്തിന്റെ അമൂല്യമായ ശേഷിപ്പുകള്‍ കൊണ്ട് സമ്പന്നമായിരുന്നു.

ഇവ കൊള്ളയടിച്ച് കോടിക്കണക്കിന് ഡോളര്‍ സമ്പാദിച്ചു വരികയായിരുന്നു ഇസില്‍ സംഘം. ഈ പുരാവസ്തുക്കളെല്ലാം വാങ്ങിയിരുന്നത് പാശ്ചാത്യ ലേലഭീമന്‍മാരും എക്‌സിബിഷന്‍ ലോബികളുമായിരുന്നു. അതുകൊണ്ട് പാല്‍മിറയുടെ നഷ്ടം ഇസില്‍ സംഘത്തിന് വലിയ സാമ്പത്തിക ആഘാതമാണ് ഏല്‍പ്പിക്കുന്നത്. പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്നെല്ലാം എണ്ണയൂറ്റിയാണ് ഇക്കൂട്ടര്‍ ആയുധവും മറ്റ് സാമഗ്രികളും കരസ്ഥമാക്കുന്നത്. ഈ എണ്ണക്കള്ളക്കടത്തിന്റെ വഴികള്‍ തടസ്സപ്പെടുന്നുവെന്നത് ഇപ്പോഴുണ്ടായ തിരിച്ചടികളെ ഇസില്‍ സംഘത്തിന് അസഹ്യമാക്കി മാറ്റുന്നത്.
ഭീകരവാദികള്‍ തളരുന്നുവെന്ന് ആശ്വസിക്കുമ്പോഴും ചില വസ്തുതകള്‍ വാ പിളര്‍ന്ന് നില്‍ക്കുന്നുണ്ട്. ഒന്നാമതായി ഈ വിജയങ്ങളൊന്നും ആഭ്യന്തരമായ ശേഷിയിലല്ല നേടിയത്. ഭീകരവിരുദ്ധ ദൗത്യത്തിന്റെ തോണി ഇരു ദിശയിലേക്ക് തുഴയുന്ന സമീപനം റഷ്യയും അമേരിക്കയും തത്കാലം മാറ്റിവെച്ചതിന്റെ ഫലമാണത്. നിരവധി ഗൂഢ ലക്ഷ്യങ്ങളുമായാണ് ഈ ശക്തികള്‍ ഇറാഖിലും സിറിയയിലും ലിബിയയിലുമൊക്കെ ഇടപെടുന്നത്. സിറിയന്‍ പ്രസിഡന്റിനെ താഴെയിറക്കുകയെന്നതാണ് അമേരിക്കയുടെയും കൂട്ടാളികളുടെയും പ്രധാന ലക്ഷ്യം.

റഷ്യയാകട്ടെ അദ്ദേഹത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കുകയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഈ വൈരുധ്യങ്ങള്‍ക്കിടയില്‍ ഇസില്‍ സംഘം അതിന്റെ ശിഥിലീകരണ, സംഹാര ദൗത്യം നിര്‍ബാധം തുടരുകയാണ് ചെയ്യുന്നത്. ജനീവ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വന്‍ ശക്തികള്‍ സ്വാര്‍ഥ താത്പര്യങ്ങളില്‍ നിന്ന് അല്‍പ്പമൊന്ന് വിട്ടുനിന്നുവെന്ന് വേണം മനസ്സിലാക്കാന്‍. അതുകൊണ്ട് ഇക്കൂട്ടര്‍ പഴയ നിലയിലേക്ക് ചുവട് മാറുന്നത് വരെ മാത്രമാണ് ഈ വിജയങ്ങളുടെ ആയുസ്സ്. കുര്‍ദുകള്‍, വിമതര്‍, ശിയാ ഗ്രൂപ്പുകള്‍, ബശറിന്റെ സൈന്യം എന്നിങ്ങനെ വിവിധ തലങ്ങളിലാണ് ഇസില്‍വിരുദ്ധ നീക്കം പുരോഗമിക്കുന്നത് എന്നതിനാല്‍ അതത് ഗ്രൂപ്പുകള്‍ കീഴടക്കുന്നിടത്ത് അവരവരുടെ ഭരണ സംവിധാനം സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

ദീര്‍ഘകാലത്ത് ഇത് രാഷ്ട്രത്തെ ദുര്‍ബലമാക്കുന്നതിലാണ് കലാശിക്കുക.
‘ഖിലാഫ’ത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ എന്ന് അബൂബക്കര്‍ അല്‍ ബഗ്ദാദി വിശേഷിപ്പിച്ച പ്രദേശങ്ങളില്‍ ഇസില്‍ സംഘത്തിന് തിരിച്ചടി നേരിടുമ്പോഴും തുര്‍ക്കിയിലും ഫ്രാന്‍സിലും ബ്രസല്‍സിലുമൊക്കെ ഭീതി വിതക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുവെന്നത് ഗൗരവപൂര്‍വം കാണേണ്ടതാണ്. വന്‍ ശക്തികള്‍ ഇടപെട്ട് താറുമാറാക്കിയ ലിബിയയില്‍ സ്വാധീനം വ്യാപിപ്പിക്കാനും സാധിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഈ സംഘത്തിന് സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന പരോക്ഷവും പ്രത്യക്ഷവുമായ പിന്തുണകള്‍ അവസാനിപ്പിക്കാത അവയെ പരാജയപ്പെടുത്താനാകില്ല. രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണയാവകാശം വകവെച്ച് കൊടുത്ത് അവയെ ശാക്തീകരിക്കുകയാണ് എല്ലാ ശിഥിലീകരണ പ്രവണതകളുടെയും ആത്യന്തിക പരിഹാരം. ഡൊണാള്‍ഡ് ട്രംപുമാര്‍ക്ക് മുസ്‌ലിംകള്‍ക്കെതിരെ ആക്രോശക്കാനും അവരെ ഒറ്റപ്പെടുത്താനുമുള്ള അവസരമാണല്ലോ ഇസില്‍ സംഘങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. അത്‌കൊണ്ട് ഇവയെ ഉന്‍മൂലനം ചെയ്യുകയെന്ന ദൗത്യത്തില്‍ വന്‍ ശക്തികള്‍ സമ്പൂര്‍ണ ആത്മാര്‍ഥത കാണിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. മത പരിഷ്‌കരണ, മത രാഷ്ട്രവാദ പ്രത്യയ ശാസ്ത്രങ്ങള്‍ പടച്ചുവിട്ടു കൊണ്ടിരിക്കുന്ന ആശയ പ്രപഞ്ചം ഉള്ളിടത്തോളം കാലം ഭീകരവാദികള്‍ക്ക് ഇസ്‌ലാമിക സംജ്ഞകളെ വളച്ചൊടിക്കാന്‍ ബുദ്ധിമുട്ടുമുണ്ടാകുകയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here