കാസര്‍ഗോഡ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

Posted on: April 12, 2016 11:04 pm | Last updated: April 12, 2016 at 11:06 pm
SHARE

KASARGODകാസര്‍ഗോഡ് : ബേഡകം കുണ്ടം കുഴിക്ക് സമീപം അഞ്ചാം മൈല്‍ പെരിയത്ത് പുഴയില്‍ 12 വയസുകാരനടക്കം രണ്ടുപേര്‍ മുങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കല്ലടക്കുറ്റിയിലെ എ സി അബ്ദുല്ലയുടെ മകന്‍ ജാബിര്‍ (12), മലപ്പുറം ജില്ലയിലെ വാഴയൂര് അബൂബക്കറിന്റെ മകനും മടവൂര്‍ സി.എം സെന്റര്‍ വിദ്യാര്‍ത്ഥിയുമായ സൈനുല്‍ ആബിദ് (20) എന്നിവരാണ് മുങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം സുഹൃത്ത് ജഅ്ഫറിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് സൈനുല്‍ ആബിദും സുഹൃത്തുക്കളും അഞ്ചാം മൈലില്‍ എത്തിയത്. ജഅ്ഫറിന്റെ ഇളയ സഹോദരനാണ് ജാബിര്‍. സുഹൃത്തുക്കളോടൊപ്പം പുഴക്കരയിലെത്തിയ ജാബിര്‍ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. പുഴയിലെ വലിയ കുഴിയില്‍ അകപ്പെട്ട ജാബിറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സൈനുല്‍ ആബിദ് അപകടത്തില്‍ പെട്ടത്. ഇരുവരുടെയും മൃത്‌ദേഹങ്ങള്‍ ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മടവൂര്‍ സി.എം സെന്റര്‍ ദഅവ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ സൈനുല്‍ ആബിദ് സ്ഥാപനത്തിലും നാട്ടിലും സജീവ സുന്നീ പ്രവര്‍ത്തകനായിരുന്നു, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയ പ്രതിഭാധനനായ വിദ്യാര്‍ത്ഥിയുമായിരുന്നു. ജമീലയാണ് മാതാവ്, ഹസ്സാനത്ത്, റിഫാന എന്നിവര്‍ സഹോദരിമാരാണ്. മയ്യത്ത് നിസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് മൂളപ്പുറം ജുമാമസ്ജിദില്‍. ഓമശ്ശേരി ദാറുല്‍ അര്‍ഖം ജൂനിയര്‍ ദഅവാ കോളേജിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ജാബിര്‍. ആമിനയാണ് മാതാവ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ജാഫര്‍, സാബിത്ത്, സുഹറാബി, സബീന, ജാബിറ, റഹ്‌യത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here