തന്റെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തരുതെന്ന് കുത്ത്ബുദ്ദീന്‍ അന്‍സാരി

Posted on: April 12, 2016 9:30 pm | Last updated: April 12, 2016 at 9:30 pm
SHARE

kuthub din ansariഅഹമ്മദാബാദ്: തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗുജറാത്ത് വംശഹത്യയുടെ ഇരയായ കുത്ത്ബുദ്ദീന്‍ അന്‍സാരി. അസം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കോണ്‍ഗ്രസ് വ്യാപകമായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ പോസ്റ്ററുകള്‍ തന്റെ ജീവതം ദുസഹമാക്കുന്നുവെന്ന് അന്‍സാരി പറയുന്നു. തനിക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴക്കുകയാണ്. ചില ആള്‍ക്കാരും പാര്‍ട്ടികളും ചിന്തിക്കുന്നത് താന്‍ സ്വയം ചെയ്യുന്നതാണ് ഇതെന്നാണ്. എനിക്ക് ഗുജറാത്തില്‍ ജീവിക്കണം. ദയവയായി എന്നെ വെറുതെ വിടുക. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അന്‍സാരിയുടെ ആവശ്യം.
2002ലെ ഗുജറാത്ത് വംശഹത്യയുടെ നേര്‍മുഖമായ അന്‍സാരിയുടെ ചിത്രം റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായിരുന്ന അര്‍ക്ക ദത്തയാണ് എടുത്തിരുന്നത്. ഇരു കൈകളും കൂപ്പി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനോട് ജീവന് വേണ്ടി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഓരോ തവണ തെരഞ്ഞെടുപ്പ് വരുമ്പോഴും ചിത്രം ഉപയോഗിക്കുന്നത് തന്നെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കലാപത്തിനിടെ തന്നെ മരിച്ചിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും കുത്തുബുദ്ദീന്‍ അന്‍സാരി പറഞ്ഞു. ഫോട്ടോയെടുക്കാന്‍ താന്‍ മനപ്പൂര്‍വം നിന്നു കൊടുക്കുകയായിരുന്നുവെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് അന്‍സാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here