ഖത്വറിലെ പൂര്‍വ വാസത്തിന്റെ കഥകള്‍ തേടി ഫുവൈരിത് ബീച്ചില്‍ ഗവേഷണം തുടരുന്നു

Posted on: April 12, 2016 7:37 pm | Last updated: April 12, 2016 at 7:37 pm

ARCHEOLOGYദോഹ: രാജ്യത്തെ പൂര്‍വ ജീവിതത്തിന്റെ ചരിത്രവും തെളിവുകളും തേടി ഗവേഷക സംഘം ഫുവൈരിത് ബീച്ചില്‍ നടത്തിവരുന്ന അന്വേഷണം തുടരുന്നു. മൂന്നു നൂറ്റാണ്ടു മുമ്പുള്ള ഖത്വരി ജീവിതത്തെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യൂനിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഖത്വറില്‍ നിന്നുള്ള പുരാവസ്തു ഗവേഷകര്‍ അന്വേഷണം നടത്തുന്നത്.

രാജ്യത്തിന്റെ വടക്കു കഴിക്കന്‍ പ്രവിശ്യയില്‍നിന്നും ജനവാസം ദോഹയിലേക്കു മാറിതിന്റെ ചരിത്രവും കാരണവുംകൂടിയാണ് ഗവേഷകര്‍ തേടുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി യൂനിവേഴ്‌സിറ്റി സംഘം ഈ പ്രദേശത്തെ രണ്ട് തവണ ഭൂമി കുഴിച്ച് പരിശോധന നടത്തിയിരുന്നു. പൂര്‍വജീവിതങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന മികച്ച സൂചനകള്‍ ലഭിച്ചുവെന്ന് സംഘം പറയുന്നു. ഈ ഭാഗം കേന്ദ്രീകരിച്ച് കൂടുതല്‍ ഗവേഷണം നടത്തുന്നതിനുള്ള സാധ്യയിലേക്കാണ് ലഭ്യമായ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്. ഇടവേളക്കു ശേഷം കഴിഞ്ഞ നവംബറിലാണ് ഇവിടെ പര്യവേഷണം പുനരാരംഭിച്ചത്. ഗവേഷണം മുന്നോട്ടു പോകുമ്പോള്‍ ഇവിടെ വസിച്ചിരുന്നു മുന്‍കാല സമൂഹത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം തീര്‍ച്ചയായും ലഭിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

ഖത്വര്‍ ഫൗണ്ടേഷന്റെ മൂന്നു ദശലക്ഷം റിയാല്‍ ഗ്രാന്റ് ഉപയോഗപ്പെടുത്തിയാണ് ഗവേഷണം നടക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് പദ്ധതി. ഫുവൈരിതില്‍ നിന്നാണ് ജനവാസം ദോഹിലേക്ക് വികസിച്ചതെന്നാണ് ഇതുവരെ നടന്ന ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് ഇവിടെ കേന്ദ്രീകരിക്കുന്നു. 18, 20 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇവിടെ ജനവാസമുള്ള ഗ്രമം ഉണ്ടായിരുന്നതായി നേരത്തേ വ്യക്തമായിട്ടുണ്ടെന്ന് യൂനിവേഴ്‌സിറ്റി അറേബ്യന്‍ ആന്‍ഡ് മിഡില്‍ ഈസ്റ്റേണ്‍ ആര്‍ക്കിയോളജി പ്രൊഫസര്‍ ഡോ. റോബര്‍ട്ട് കാര്‍ട്ടര്‍ പറഞ്ഞു. തീരം കേന്ദ്രീകരിച്ചുള്ള പ്രധാനപ്പെട്ട ഗ്രാമമായിരുന്നു ഇത്. 19 ാം നൂറ്റാണ്ടില്‍ അല്‍ താനി കുടുംബമാണ് ഇവിടെ കേന്ദ്രീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമത്തിന്റെ പുരോഗതിപ്പെടലും മാറ്റങ്ങളും വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷണം തുടരുന്നത്. ഏതു കാലഘട്ടത്തില്‍, ആരെല്ലാം താമസിച്ചു, എങ്ങനെയായിരുന്നു വാസം, ഭക്ഷണരീതികള്‍, നിത്യജീവിതത്തില്‍ ഉപയോഗിച്ച ഉപകരണങ്ങള്‍, മുത്തുവാരല്‍ വ്യവസായ മേഖലയുമായുള്ള ഈ സമൂഹത്തിന്റെ ബന്ധം, ഗ്രാമവാസം ഇല്ലാതായത് തുടങ്ങിയ മേഖലകളിലെല്ലാം അന്വേഷണമുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍, ശവകുടീരങ്ങള്‍, ജബല്‍ ഫുവൈരിത്ത് എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന ഗവേഷണം. മസ്ജിദ്, തുറമുഖം, കെട്ടിടാവശിഷ്ടങ്ങള്‍ എന്നിവയുടെ കൂടുതല്‍ ശേഷിപ്പുകള്‍ കണ്ടെത്താനും ശ്രമം നടക്കുന്നു.

കൃഷിക്കനുയോജ്യമായ സ്ഥലവും ജലലഭ്യതയും പൂര്‍വ സമൂഹത്തെ ഇവിടെ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചുവെന്നു ഗവേഷകര്‍ കരുതുന്നു. ഗവേഷക സംഘത്തിന്റെ പ്രൊജക്റ്റ് ബ്ലോഗില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്വറില്‍ നിരവധി തീരപട്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഫുവൈരിതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും റോബര്‍ട്ട് കാര്‍ട്ടര്‍ ദോഹന്യൂസിനോടു പറഞ്ഞു.