ഉഗ്രശബ്ദത്തോടെയുള്ള രാത്രികാല വെടിക്കെട്ടുകള്‍ക്ക് നിരോധനം

Posted on: April 12, 2016 5:07 pm | Last updated: April 13, 2016 at 10:45 am
SHARE

high courtകൊച്ചി: ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകള്‍ ഹൈക്കോടതി നിരോധിച്ചു. പകല്‍ ശബ്ദതീവ്രത കുറഞ്ഞ വെടിക്കെട്ട് ആവാം. 140 ഡെസിബല്‍ വരെയുള്ള വെടിക്കെട്ട് മാത്രമേ പകല്‍ സമയം അനുവദിക്കാവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. നിയമവിധേയമായി മാത്രമേ വെടിക്കെട്ട് പാടുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. വെടിക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കേരളമാകെ നിയന്ത്രണം വേണം. ലൈസന്‍സ് നല്‍കുന്നതില്‍ ബാഹ്യഇടപെടല്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റീസ് വി.ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുന്നതിനിടെയാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്‌ഫോടകശേഷിയുള്ള അമിട്ട്, ഗുണ്ട്, കതിന തുടങ്ങിയവ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് വി.ചിദംബരേഷ് ഹൈക്കോടതിയില്‍ കത്ത് നല്‍കിയത്. ഇത് പൊതുതാല്‍പര്യ ഹര്‍ജിയായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പോലീസിനോടും കൊല്ലം ജില്ലാ ഭരണകൂടത്തോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. വിഷുദിനമായതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 10 ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വെടിക്കെട്ട് ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ രണ്ട് ഹര്‍ജികള്‍ കോടതിയുടെ പരിധിയിലുണ്ട്. ഇത് 14 ാം തിയ്യതി പരിഗണിക്കും.

സൂര്യന്‍ അസ്തമിച്ചതിനു ശേഷവും നേരം പുലരുന്നതിനു മുന്‍പും വെടിക്കെട്ടുകള്‍ പാടില്ലെന്നാണു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇടക്കാല ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിട്ട കോടതി, എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഉത്തരവിലുണ്ട്.

വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് നിര്‍ദ്ദേശിച്ചു. വിഷു ദിനത്തില്‍ കേസ് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. പൊലീസിനോടും കൊല്ലം ജില്ലാ ഭരണകൂടത്തോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ഉത്തരവാദികള്‍ക്കെതിരെ എന്തുകൊണ്ട് കൊലക്കുറ്റം ചുമത്തിയില്ലെന്നും കോടതി ചോദിച്ചു. വെടിക്കെട്ടില്‍ ഗുരുതരമായ നിയമലംഘനം നടന്നുവെന്ന് കോടതി നിരീക്ഷിച്ചു. മാനദണ്ഡം പാലിച്ചല്ല വെടിക്കെട്ട് നടന്നത്. വെടിക്കെട്ട് നടത്താന്‍ ബാഹ്യ ഇടപെടലുകള്‍ നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല വെടിക്കെട്ട് നടന്നത്. 7 ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു.പൊലീസിനും ജില്ലാ ഭരണകൂടത്തിനും രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അനുമതിയില്ലാത്ത വെടിക്കെട്ട് തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

എത്രകിലോ കരിമരുന്നാണ് വെടിക്കെട്ടിന് ഉപയോഗിച്ചതെന്ന് കമ്മീഷണറോട് ചോദിച്ചെങ്കിലും കമ്മീഷണര്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റി. റവന്യു വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നില്ലെയെന്നും സര്‍വ കക്ഷി യോഗം വെച്ചിട്ട് എന്താണ് പ്രയോജനമെന്നും ഹൈക്കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here