പരവൂര്‍ വെടിക്കെട്ട് അപകടം: മരണം 113 ആയി

Posted on: April 12, 2016 1:42 pm | Last updated: April 13, 2016 at 11:06 am

കൊല്ലം: പരവൂര്‍ ദുരന്തത്തില്‍ മൂന്ന് പേര്‍ കൂടി ഇന്നലെ മരിച്ചു. വെടിക്കെട്ടിന്റെ കരാറുകാരില്‍ ഒരാളായ സുരേന്ദ്രന്‍ (67), സഹോദരന്‍ സത്യന്‍ (55), ശബരി (14), മണികണ്ഠന്‍ (40) എന്നിവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സുരേന്ദ്രനോടൊപ്പം വെടിക്കെട്ടിന് നേതൃത്വം കൊടുത്തിരുന്ന മുത്തമകന്‍ പരുക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. ഇളയ മകന്‍ ദീപു കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ദീപുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പോലീസ് പറയുന്നത്.
വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ട് നടന്നത്. ഇതില്‍ വര്‍ക്കല കൃഷ്ണന്‍കുട്ടി സംഭവദിവസം തന്നെ മരിച്ചിരുന്നു. ഇതോടെ കമ്പം കത്തിക്കുന്ന ജോലിയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി. മറ്റു ചില തൊഴിലാളികളും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. വിവിധ ആശുപത്രികളിലായി നാല്‍പ്പത് പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 138 പേരാണ് വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.