ഡി എം ഡി കെ വിമതരെ വലവീശി കരുണാനിധി

Posted on: April 12, 2016 6:00 am | Last updated: April 18, 2016 at 10:11 pm

ചെന്നൈ: വിജയകാന്തിന്റെ ഡി എം ഡി കെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാക്കളെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കരുണാനിധി. വിജയകാന്ത് പുറത്താക്കിയ നേതാക്കളുമായി കരുണാനിധി ചര്‍ച്ചക്ക് സന്നദ്ധനാണെന്ന് ഡി എം കെ ട്രഷററും കരുണാനിധിയുടെ മകനുമായ എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഡി എം ഡി കെയുടെ മുന്‍ പ്രചാരണ സെക്രട്ടറിയും എം എല്‍ എയുമായ വി സി ചന്ദ്രകുമാറടക്കമുള്ള പ്രമുഖരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഡി എം കെ നേതൃത്വം രംഗത്തെത്തിയത്.
സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി രൂപവത്കരിച്ച ജനക്ഷേമ മുന്നണിയില്‍ വിജയകാന്ത് ചേര്‍ന്നതോടെയാണ് ഡി എം ഡി കെയില്‍ പൊട്ടിത്തെറി ആരംഭിച്ചത്. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് യോജിക്കുന്ന നീക്കമല്ലെന്ന് ചൂണ്ടിക്കാണിച്ച എം എല്‍ എമാരടങ്ങുന്ന പത്ത് നേതാക്കളെ വിജയകാന്ത് പുറത്താക്കിയതോടെ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യം പുറം ലോകം അറിഞ്ഞു. ഡി എം ഡി കെയിലെ പൊട്ടിത്തെറി മുതലെടുക്കാനാണ് കരുണാനിധിയുടെ ഡി എം കെ ശ്രമിക്കുന്നത്. പല മണ്ഡലങ്ങളിലും ഭേദപ്പെട്ട ജനപിന്തുണയുള്ള ഡി എം ഡി കെയുടെ മുന്‍ നേതാക്കളെ പാര്‍ട്ടിയിലെടുത്ത് തിരഞ്ഞെടുപ്പ് നേരിടുകയെന്നതാണ് ഡി എം കെയുടെ പദ്ധതി.