Connect with us

Kerala

ചെങ്ങന്നൂരില്‍ ചങ്കിടിപ്പോടെ മുന്നണികള്‍

Published

|

Last Updated

സാമുദായിക സമവാക്യങ്ങളെയും പാര്‍ട്ടി വോട്ടുകളെയും കടപുഴക്കി അപ്രതീക്ഷിയ വിജയമൊരുക്കിയ ചെങ്ങന്നൂരിന്റെ ജനമനസ്സ് ഇക്കുറി എങ്ങനെ ചിന്തിക്കുന്നുവെന്ന് കേരളം ഉറ്റുനോക്കുകയാണ്. യു ഡി എഫ്, എല്‍ ഡി എഫ്, എന്‍ ഡി എ മുന്നണി സ്ഥാനാര്‍ഥികളെ പോലെ തന്നെ ശ്രദ്ധേയായ മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ശോഭനാജോര്‍ജ് കൂടി കളത്തിലിറങ്ങിയതോടെ ചെങ്ങന്നൂരില്‍ മത്സരം ചതുഷ്‌കോണമായി.
നായര്‍ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലമെന്ന നിലയില്‍ പേരില്‍ നായരുള്ളയാളെ തന്നെ സ്ഥാനാര്‍ഥിയാക്കി സി പി എമ്മും ചെങ്ങന്നൂര്‍ പിടിക്കാനുള്ള പടപ്പുറപ്പാടിലാണ്. സിറ്റിംഗ് എം എല്‍ എ. പി സി വിഷ്ണുനാഥ് എന്‍ എസ് എസിന് അനഭിമതനാണെന്ന പ്രചാരണവും ഇത്തരമൊരു പരീക്ഷണത്തിന് ഇടതുപക്ഷത്തിന് പ്രേരകമായി. ഇവിടെ എന്‍ എസ് എസ് നേതൃത്വത്തിന്റെ ഇഷ്ടക്കാരനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസിലെ പ്രമുഖരുടെ നീക്കം കെ പി സി സി പ്രസിഡന്റിന്റെ ഇടപെടലില്‍ നടക്കാതെ പോയി. ഒടുവില്‍ വിഷ്ണുനാഥ് തന്നെ ഇക്കുറിയും ചെങ്ങന്നൂരില്‍ ജനവിധി തേടുകയാണ്. ഒന്നിലധികം തവണ ചെങ്ങന്നൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് വിമതയായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇവരെ അനുനയിപ്പിക്കാനോ മത്സര രംഗത്ത് നിന്ന് പിന്മാറ്റാനോ പാര്‍ട്ടിയോ സിറ്റിംഗ് എം എല്‍ എയോ ശ്രമിക്കാത്തത് അവരുടെ സാന്നിധ്യം ഭീഷണിയായി കാണാത്തത് കൊണ്ടാണെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ പ്രചാരണം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തോല്‍പ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത വിഷ്ണുനാഥിന് ഭൂരിപക്ഷം വര്‍ധിച്ച അനുഭവമാണുള്ളത്. നായര്‍ സമുദായാംഗമായിട്ടുപോലും എന്‍ എസ് എസിന്റെ അപ്രീതിയെ വിഷ്ണുനാഥിന് മറികടക്കാന്‍ കഴിഞ്ഞതും യു ഡി എഫിന് ഊര്‍ജം പകരുന്നു. ക്രൈസ്തവ സഭാ ആസ്ഥാനങ്ങളും നല്ലൊരു വിഭാഗം ക്രൈസ്തവ വോട്ടര്‍മാരുമുള്ള ചെങ്ങന്നൂരില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ശോഭന രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയത്.
2006ലാണ് വിഷ്ണുനാഥ് ഇവിടെ മത്സര രംഗത്തെത്തുന്നത്. സി പി എമ്മിലെ കരുത്തനായ സജി ചെറിയാനെതിരെ പോരാടിയ വിഷ്ണുനാഥ് 5132 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
2011ലെ തിരഞ്ഞെടുപ്പില്‍ 1 2500 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രണ്ടാം തവണ വിഷ്ണുനാഥ് ചെങ്ങന്നൂരിന്റെ മനസ്സ് കീഴടക്കിയത്. യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗമായി നിന്ന് ഒട്ടേറെ വികസന പദ്ധതികള്‍ മണ്ഡലത്തിലെത്തിക്കാന്‍ കഴിഞ്ഞതായി വിഷ്ണുനാഥ് അവകാശപ്പെടുന്നു. മണ്ഡലത്തില്‍ സ്ഥിര സാന്നിധ്യമായ താന്‍ ജനങ്ങള്‍ക്ക് അപ്രാപ്യനല്ലെന്ന് ബോധ്യപ്പെടുത്താനായത് തന്നെ ചെങ്ങന്നൂരിലെ വോട്ടര്‍മാരുടെ മനസ്സ് തനിക്കൊപ്പമാണെന്നതിന് തെളിവായി വിഷ്ണുനാഥ് ഉയര്‍ത്തിക്കാട്ടുന്നു. മുന്നണി സംവിധാനം നിലവില്‍ വന്ന ശേഷം ഒരിക്കല്‍ മാത്രമേ ചെങ്ങന്നൂര്‍ ഇടതുപക്ഷത്തിനൊപ്പം നിന്നിട്ടുള്ളൂ.
1987ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസിന്റെ മാമ്മന്‍ ഐപ്പ് എന്‍ ഡി പിയുടെ ആര്‍ രാമചന്ദ്രന്‍ നായരെ അന്ന് 15703 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതൊഴിച്ചാല്‍ പിന്നീടിങ്ങോട്ട് ചെങ്ങന്നൂരിന്റെ മനസ്സ് എന്നും യു ഡി എഫിനൊപ്പമാണ്. ഇതിന്റെ ഫലം ഏറ്റവും കൂടുതല്‍ തവണ അനുഭവിച്ചതും മാമ്മന്‍ ഐപ്പാണെന്നത് വൈരുധ്യമായിരിക്കാം.1991ലും 1996ലും മാമ്മന്‍ ഐപ്പ് പരാജയം രുചിച്ചത് ശോഭനാജോര്‍ജിനോടാണ്. 2001ല്‍ ഇപ്പോഴത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ രാമചന്ദ്രന്‍ നായരെയും ശോഭന പരാജയപ്പെടുത്തി. ചെങ്ങന്നൂരില്‍ ഹാട്രിക് വിജയം നേടിയ ശോഭനയുടെ ഭൂരിപക്ഷം ഓരോ തിരഞ്ഞെടുപ്പിലും കുറഞ്ഞു വരികയായിരുന്നുവെന്ന് മാത്രം.
ബി ജെ പിയാകട്ടെ, ദേശീയ നിര്‍വാഹകസമിതിയംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ മത്സരരംഗത്തിറക്കിയിരിക്കുകയാണ്. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബി ജെ പിക്കാണ്. മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും ബി ജെ പിക്ക് പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് കാര്യമായി വോട്ട് പിടിക്കാനായി. ഇതെല്ലാം ബി ജെ പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

Latest