Connect with us

International

ആണവാക്രമണത്തില്‍ ഖേദിക്കാതെ ജോണ്‍ കെറി ഹിരോഷിമയില്‍

Published

|

Last Updated

ടോക്യോ: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഹിരോഷിമ അണുബോംബ് സ്മാരക കെട്ടിടം സന്ദര്‍ശിച്ചു. ഇതാദ്യമായാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിരോഷിമയിലെ ഈ മ്യൂസിയം സന്ദര്‍ശിക്കുന്നത്. 1945ല്‍ അമേരിക്ക ഹിരോഷിമ നഗരത്തില്‍ വര്‍ഷിച്ച അണുബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ലക്ഷങ്ങളുടെ സ്മരണക്കായി നിര്‍മിച്ചതാണ് മ്യൂസിയം. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇവിടെ സന്ദര്‍ശനം നടത്തുമെന്ന് കരുതപ്പെടുന്നു. ഇതിന് മുന്നോടിയായാണ് കെറിയുടെ സന്ദര്‍ശനമെന്ന് കരുതപ്പെടുന്നു.
എന്നാല്‍ സന്ദര്‍ശനത്തിനിടെ, അമേരിക്കയുടെ അണുബോംബാക്രമണത്തില്‍ ജോണ്‍ കെറി ക്ഷമാപണമൊന്നും നടത്തിയിട്ടില്ല. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ജോണ്‍ കെറിക്കൊപ്പമുണ്ടായിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഇതാദ്യമായാണ് മ്യൂസിയം സന്ദര്‍ശിച്ചത്.
1945 ആഗസ്റ്റ് ആറിന് യു എസ് യുദ്ധവിമാനം ഹിരോഷിമക്ക് മേല്‍ അണുബോംബ് വര്‍ഷിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നഗരം ചുട്ടുചാമ്പലാകുകയും 1,40,000ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആഗസ്റ്റ് ഒമ്പതിന് മറ്റൊരു അണുബോംബ് നാഗസാക്കിയിലും വര്‍ഷിച്ചു. ആറ് ദിവസത്തിന് ശേഷം ജപ്പാന്‍ അമേരിക്കക്ക് കീഴടങ്ങുകയും ചെയ്തിരുന്നു.