തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇര മുസ്‌ലിംകള്‍: യു എന്‍

Posted on: April 12, 2016 6:07 am | Last updated: April 12, 2016 at 9:08 am

ജനീവ: ആഗോളതലത്തില്‍ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിംകളാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. തീവ്രവാദം ഏതെങ്കിലും പ്രത്യേക മതത്തിലോ പ്രദേശത്തിലോ രാജ്യത്തോ വര്‍ഗങ്ങളിലോ മാത്രം പരിമിതമല്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. അക്രമാസക്തമായ തീവ്രവാദത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ജനീവയില്‍ നടന്ന സമ്മേളനത്തിലാണ് യു എന്‍ ജനറല്‍ സെക്രട്ടറി ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
കഴിഞ്ഞ ജനുവരിയില്‍ യു എന്‍ പൊതുസഭയില്‍ താന്‍ അവതരിപ്പിച്ച പദ്ധതിയില്‍ തീവ്രവാദത്തെ ചെറുക്കാന്‍ അനിവാര്യമായ ഉറച്ച പരിഹാരം വേണമെന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതിന് ആഗോള തലത്തില്‍ മുഴുവന്‍ രാജ്യങ്ങളുടെയും പങ്കാളിത്തവും അനിവാര്യമാണ്. ഏതെങ്കിലും മതത്തിലോ ദേശത്തിലോ വര്‍ഗത്തിലോ മാത്രം ചുരുക്കിക്കെട്ടാവുന്നതല്ല തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വേരുകള്‍. ലോകത്ത് ഇന്ന് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ഏറ്റവും വലിയ ഇരകളായിക്കൊണ്ടിരിക്കുന്നത് മുസ്‌ലിംകളാണെന്ന് അംഗീകരിക്കേണ്ടി വരും. അക്രമാസക്തമായ തീവ്രവാദം യു എന്‍ ചാര്‍ട്ടറിനും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ക്കും കടകവിരുദ്ധമാണ്. ലോകത്ത് സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കാനുള്ള നീക്കങ്ങളെ തീവ്രവാദികള്‍ ക്ഷയിപ്പിക്കുകയാണ്. അതുപോലെ സുസ്ഥിരമായ വികസനത്തെയും ഇവരുടെ പ്രവര്‍ത്തനം ബാധിക്കുന്നു- സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ബാന്‍ കി മൂണ്‍ വ്യക്തമാക്കി.
അക്രമാസക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നാം നേരിടുന്ന വലിയ ഭീഷണിയാണ്. അടിയന്തരമായ അന്താരാഷ്ട്ര സഹകരണം ഇവര്‍ക്കെതിരെ അനിവാര്യമായിരിക്കുന്നു. അക്രമാസക്തമായ തീവ്രവാദത്തെ ചെറുക്കാന്‍ താന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പദ്ധതികള്‍ സമഗ്രവും അതുപോലെ ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ തലത്തില്‍ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യമാകുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.