Connect with us

Articles

ഏഴ് ലക്ഷം കുടുംബങ്ങളുടെ വോട്ട്

Published

|

Last Updated

തിരഞ്ഞെടുപ്പു ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ രാഷ്ട്രീയമാറ്റം ജീവിതാനിശ്ചിതത്വം നീക്കാന്‍ എങ്കിലും അനുകൂലമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കും എന്ന ആകാംക്ഷയില്‍ കഴിയുന്ന ഒട്ടേറെ ജനവിഭാഗങ്ങളുണ്ട്. ഒരു സര്‍ക്കാറിന്റെ സ്ഥാനത്ത് മറ്റൊരു സര്‍ക്കാര്‍ സംസ്ഥാനാധികാരത്തില്‍ വരുന്നതുകൊണ്ടു മാത്രം ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ ആശങ്കകള്‍ അസ്ഥാനത്തല്ല. ആ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ ചില പ്രത്യേക ഘട്ടങ്ങളില്‍ പ്രതിപക്ഷത്തിന്റെ റോളില്‍ പ്രത്യക്ഷപ്പെടുന്നത്.
കേരളത്തില്‍ വിദ്യാഭ്യാസ വായ്പയെടുത്തു മരണക്കുരുക്കില്‍ അകപ്പെട്ട പതിനായിരക്കണക്കിന് രക്ഷാകര്‍ത്താക്കള്‍ സ്വയം പ്രതിപക്ഷത്തിന്റെ മേലങ്കിയണിയുന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ കാഴ്ചകളിലൊന്ന്. മാര്‍ച്ച് 19ന് അവര്‍ ആലപ്പുഴയില്‍ സംഘടിച്ച് ഒരു തിരഞ്ഞെടുപ്പു നയപ്രഖ്യാപനം നടത്തുകയുണ്ടായി. വിദ്യാഭ്യാസ വായ്പയും അതിന്റെ പലിശയും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയും ചെയ്തു. വോട്ട് വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്ന നയപ്രഖ്യാപനം രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നു.
വിദ്യാഭ്യാസ വായ്പ എന്ന കെണിയില്‍ പെട്ട് ജീവനൊടുക്കുന്ന 22-ാമത്തെ രക്ഷാകര്‍ത്താവാണ് മാര്‍ച്ച് 18ന് ആത്മഹത്യചെയ്ത ചേര്‍ത്തല ചുങ്കത്ത് വീട്ടില്‍ ഫല്‍ഗുനന്‍. കേവലം 63,000 രൂപ മാത്രമാണ് അദ്ദേഹം മകളുടെ വിദ്യാഭ്യാസാവശ്യത്തിനായി വായ്പയെടുത്തത്. അതില്‍ 20,000 രൂപ തിരിച്ചടക്കുകയും ചെയ്തു. ബാക്കി തുക സമയബന്ധിതമായി അടച്ചു തീര്‍ക്കാന്‍ ആ നിര്‍ധന കുടുംബത്തിന് കഴിയാതെ പോയതിന്റെ പേരില്‍ ജപ്തി നടപടികളിലേക്ക് നീങ്ങിയ വില്ലേജ് ഓഫീസറാണ് ആ മനുഷ്യന്റെ മരണത്തിനുത്തരവാദി. വിദ്യാഭ്യാസ വായ്പക്കുമേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം മേയ് 30 വരെ നിലനില്‍ക്കുമ്പോഴാണ് നിയമവിരുദ്ധമായ ജപ്തി നടപടിയുണ്ടായതെന്ന കാര്യം കൂടുതല്‍ ഗൗരവം നല്‍കുന്നു. അപ്പോള്‍ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്നതിന് ആരാണ് ഉത്തരം പറയേണ്ടത്?
ഒന്നേകാല്‍ ലക്ഷം രൂപ മാത്രം വായ്പയെടുത്തതിന് കോഴിക്കോട് നാദാപുരം സ്വദേശിയായ വന്ദ്യവയോധികനെ ജയിലിലടച്ച നടപടിയും സമീപകാല കേരള ദുരന്തങ്ങളില്‍ ഒന്നാണ്. മക്കളുടെ വിദ്യാഭ്യാസത്തിന് ജീവന്‍ വില നല്‍കേണ്ടിവരുന്ന മാതാപിതാക്കളുടെ നാടായി കേരളവും മാറിക്കൊണ്ടിരിക്കുന്നു. വിവിധ കോഴ്‌സുകളില്‍ സ്വാശ്രയ മുതലാളിമാരുടെ ലാഭം വര്‍ധിപ്പിക്കാനായി വായ്പാബോണ്ടില്‍ ഒപ്പ് വെച്ചു കെണിയില്‍ കുരുങ്ങിക്കിടക്കുന്ന ഏഴു ലക്ഷം രക്ഷിതാക്കളുടെ നാടാണ് ഇപ്പോള്‍ കേരളം. അതിഭീമമായ ഫീസ് നിശ്ചയിച്ചു കൊടുക്കുന്നത് ബേങ്ക് വായ്പയുടെ പരിധിക്കനുസരിച്ചാണ്. ബേങ്കും സ്വാശ്രയകോളജും തമ്മില്‍ ധാരണയുണ്ടാക്കി രക്ഷിതാവിനെ “ബോണ്ടാക്കി” പണം കൈമാറ്റം ചെയ്യുന്ന ഏര്‍പ്പാടിനെയാണ് വിദ്യാഭ്യാസ വായ്പ എന്നു വിളിക്കുന്നത്.
അതിനുവേണ്ടി വലിയൊരു ഇടനിലക്കാരുടെ സംഘം കലാലയങ്ങള്‍ കേന്ദ്രീകരിച്ച് കറങ്ങി നടക്കുന്നുണ്ട്. ബേങ്ക് ഉദ്യോഗസ്ഥര്‍ക്കും സ്വാശ്രയ മാനേജ്‌മെന്റിനുമിടയിലുള്ള ഒരു മാഫിയ. പാവപ്പെട്ട രക്ഷിതാക്കളെ വലയിലാക്കുന്നത് അവരാണ്. അതോടെ, ജീവിതത്തില്‍ ഒരു അഴിയാക്കുരുക്ക് ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന കാര്യം രക്ഷിതാവ് തിരിച്ചറിയാന്‍ തുടങ്ങുന്നു.
ആദ്യം അത് പലിശയുടെ നിബന്ധനകളായി വന്നു തുടങ്ങുന്നു. വിദ്യാഭ്യാസ വായ്പക്കു കുറഞ്ഞ നിരക്കിലുള്ള പലിശ മാത്രമേ വാങ്ങാവൂ എന്ന നിബന്ധനയുണ്ടെങ്കിലും ഏകീകൃതമായ ഒരു രീതി ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല. ഓരോ ബേങ്കും ഓരോ രീതിയിലാണ് പലിശ നിരക്കുകള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഭവനവായ്പക്കുപോലും ഒമ്പത് ശതമാനം പലിശ മാത്രമേ വാങ്ങിക്കുന്നുള്ളൂ. എന്നാല്‍, വിദ്യാഭ്യാസ വായ്പക്കു 12 ശതമാനം മുതല്‍ 19 ശതമാനം വരെ വാങ്ങുന്ന ബേങ്കുകളുമുണ്ട്. ലളിതമായ പലിശയുടെ സ്ഥാനത്ത് കൂട്ടുപലിശയും പിഴപ്പലിശയുമടക്കം വിവിധ പലിശകള്‍ ബേങ്കുകള്‍ കണ്ടുപിടിച്ച് അടിച്ചേല്‍പ്പിക്കുന്നതിനാല്‍ പാവം രക്ഷിതാക്കള്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലാണ് സംഘടിക്കാന്‍ തീരുമാനിക്കുന്നത്.
വിദ്യാഭ്യാസ വായ്പയുടെ ലഭ്യതക്കും പലിശയിളവുമെല്ലാം റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ മുഖ്യമായ നിബന്ധനകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം ലംഘിച്ചുകൊണ്ടാണ് നമ്മുടെ സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ആര്‍ ബി ഐയുടെ 12. 5 . 2001ലെ ഉത്തരവു പ്രകാരം നാല് ലക്ഷത്തില്‍ താഴെയുള്ള വായ്പകള്‍ക്കു യാതൊരു വിധത്തിലുമുള്ള കുടുംബജാമ്യ രേഖകള്‍ ഹാജരാക്കേണ്ടതില്ല. രക്ഷാകര്‍ത്താക്കളുടെ കൂട്ടുജാമ്യവും ആവശ്യമില്ല. എന്നാല്‍, പാവം രക്ഷിതാക്കളെ സമ്മര്‍ദത്തിലാക്കാന്‍ ബേങ്കുകള്‍ വീടിന്റെ ആധാരം ഉള്‍പ്പെടെയുള്ളവ പിടിച്ചുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. കേരളത്തിലെ 22 രക്ഷിതാക്കളുടെ മരണത്തിലേക്കു നയിച്ചത് ബേങ്കുകളുടെ ഇത്തരം അന്യായമായ നടപടികളായിരുന്നു.
അതേപ്പോലെ പലിശയിളവിലും രക്ഷിതാക്കള്‍ കബളിപ്പിക്കപ്പെടുന്നു. യഥാര്‍ഥത്തില്‍, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശയിളവിന് താഴ്ന്ന വരുമാന പരിധി എന്ന ഒറ്റ നിബന്ധന മാത്രമേയുള്ളൂ. (6 ലക്ഷം രൂപ).
എന്നാല്‍ ഓരോ ബേങ്കും വ്യത്യസ്തങ്ങളായി ഉപാധികള്‍ നിര്‍ദേശിക്കും. നോട്ടറി അറ്റസ്റ്റേഷന്‍, കുട്ടിക്കു ഭാവിയില്‍ ലഭിക്കുന്ന വരുമാനം ബേങ്കുമായി അറ്റാച്ച് ചെയ്യാമെന്ന സമ്മതപത്രം അങ്ങനെ പലതും. ഇതില്‍ ഏറ്റവും വലിയ ഫലിതം ഭാവിയില്‍ കുട്ടിക്ക് ലഭിക്കുന്ന വരുമാനത്തെക്കുറിച്ചുള്ളതാണ്. നഴ്‌സിംഗ് രംഗത്ത് ഇപ്പോഴും ആറായിരം രൂപയാണ് ഭൂരിപക്ഷം പേര്‍ക്കും ലഭിക്കുന്ന മാസശമ്പളം. ആ കാശ് അറ്റാച്ച് ചെയ്യുന്നതിനെക്കുറിച്ചാണ് ബേങ്ക് മാനേജര്‍മാരും സംസാരിക്കുന്നത്.
സൗജന്യമായി പഠിപ്പിക്കേണ്ട കോഴ്‌സാണ് യഥാര്‍ഥത്തില്‍ നഴ്‌സിംഗ്. കാരണം അതൊരു സേവന രംഗമാണ്. ഒരു ഫീസിന്റെയും ആവശ്യമില്ല. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ അവരുടെ സേവനം ആശുപത്രികള്‍ക്കു കിട്ടുന്നുമുണ്ട്. പിന്നെയെന്തിന് ജീവിത കാലം വരെ നഴ്‌സുമാരെ വേട്ടയാടുന്നു?
ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നീറുന്ന ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നാണിത്. നീറുന്ന ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നാണിത്. രാഷ്ട്രീയ യാത്രകളില്‍ നേതാക്കള്‍ ചോദിക്കാന്‍ മറന്ന കത്തുന്ന ജീവല്‍ പ്രശ്‌നം. ഏഴു ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രശ്‌നം അവഗണിക്കാന്‍ മുന്നണികള്‍ക്കു കഴിയുമോ? അതോ ഏത് മുന്നണി അധികാരത്തില്‍ വന്നാലും വിദ്യാഭ്യാസ വായ്പയുടെ ഇരകള്‍ ആത്മഹത്യാ മുനമ്പില്‍ത്തന്നെ കഴിയേണ്ടി വരുമോ?
ഇന്ത്യന്‍ നഴ്‌സിംഗ് പേരന്റ്‌സ് അസോസിയേഷന്‍ അങ്ങനെയൊരു ദയനീയ സ്ഥിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലായെന്ന് ധീരമായി പ്രഖ്യാപിക്കുന്നതാണ് പുതിയ മാനിഫെസ്റ്റോ. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അര്‍ഹമായ ശമ്പളത്തോടെ അന്തസായ തൊഴില്‍ നല്‍കാത്തിടത്തോളം കാലം വിദ്യാഭ്യാസ വായ്പ തിരിച്ചടക്കില്ലായെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അധികാരത്തില്‍ ഏതു സര്‍ക്കാര്‍ വന്നാലും വായ്പ കൊടുത്തു പഠിപ്പിക്കുക. സര്‍ക്കാര്‍ വിദ്യാഭ്യാസ ചുമതലയൊഴിയുക തുടങ്ങിയ നയങ്ങള്‍ സുഗമമായി മുന്നോട്ടുപോകില്ലായെന്നതിന്റെ സൂചന കൂടിയാണിത്.
9000 കോടി രൂപ പൊതുഖജനാവില്‍ നിന്ന് വായ്പ എടുത്തു മുങ്ങുന്ന മല്യമാരുടെ നാട്ടില്‍ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കരാറൊപ്പിട്ട കുറ്റത്തിന് ഇനിയൊരു ജീവന്‍ കൂടി നമുക്ക് നഷ്ടപ്പെടാതെ കാക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest