Connect with us

Gulf

പുതിയ വാഹനങ്ങളുടെ അറ്റകുറ്റപ്പണി: നിരക്കില്‍ ഡീലര്‍മാര്‍ കുറവുവരുത്തി

Published

|

Last Updated

ദോഹ: പുതിയ വാഹനം വാങ്ങുന്നവരില്‍ നിന്ന് ഈടാക്കുന്ന അറ്റകുറ്റപ്പണി നിരക്കില്‍ ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍ വലിയ കുറവുവരുത്തി. വാറന്റി കാലയളവില്‍ വാഹനമുടമക്ക് ഇഷ്ടപ്പെട്ട വര്‍ക്‌ഷോപ്പുകളില്‍ സര്‍വീസും അറ്റകുറ്റപ്പണി ചെയ്യാനും അനുവദിച്ച് ഈയടുത്ത് സര്‍ക്കാര്‍ നല്‍കിയ അനുമതി അനുസരിച്ചാണ് നിരക്കില്‍ ഡീലര്‍മാര്‍ കുറവുവരുത്തിയതെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
നിസ്സാന്‍, ഇന്‍ഫിനിറ്റി വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി നിരക്കില്‍ 23 മുതല്‍ 48 വരെ ശതമാനം കുറവാണ് സ്വാലിഹ് അല്‍ ഹമദ് അല്‍ മന കമ്പനി വരുത്തിയതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
കമ്പനി നല്‍കിയ പുതിയ വില വിവര റിപ്പോര്‍ട്ട് മന്ത്രാലയം അഗീകരിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ പുതിയ നിരക്കാണ് ഈടാക്കുന്നത്. വാറണ്ടി കാലയളവില്‍ തന്നെ ഏത് അംഗീകൃത വര്‍ക്‌ഷോപ്പില്‍ നിന്നും ഇഷ്ടപ്രകാരം അറ്റകുറ്റപ്പണി നടത്താന്‍ വാഹനമുടമസ്ഥര്‍ക്ക് അവകാശം നല്‍കുന്ന ഉത്തരവ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. പുതിയ വാഹനങ്ങള്‍ക്ക് മാത്രമല്ല, വാറണ്ടി കാലാവധി കഴിയാത്ത പഴയ വാഹനങ്ങള്‍ക്കും ബാധകമാണ്.
ഡീലര്‍മാരുടെ വര്‍ക്‌ഷോപ്പുകളില്‍ നിന്ന് മാത്രമേ നേരത്തെ വാറണ്ടിയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താന്‍ അവകാശമുണ്ടായിരുന്നുള്ളൂ. ഇത് സര്‍വീസ്, അറ്റക്കുറ്റപ്പണി എന്നിവയുടെ നിരക്കില്‍ വലിയ വര്‍ധനക്ക് കാരണമായിരുന്നു. വാറണ്ടി സമയത്തെ അറകുറ്റപ്പണി, സര്‍വീസ് രംഗങ്ങളില്‍ മത്സരം കൊണ്ടുവരുന്നതിനാണ് ഈ നീക്കമെന്നും ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം അവസരങ്ങള്‍ നല്‍കുകയാണെന്നും മന്ത്രാലയം അറിയിച്ചു. സ്‌പെഷ്യലൈസ്ഡ് വര്‍ക്‌ഷോപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള അവസരവുമാണിത്.
അല്‍ മന കമ്പനിയുടെ പുതിയ നീക്കം അഭിനന്ദനാര്‍ഹമാണെന്നും കമ്പനിയുടെ സര്‍വീസ് സെന്ററുകളില്‍ പുതിയ നിരക്കാണോ ഈടാക്കുന്നതെന്നറിയാന്‍ പരിശോധന നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മറ്റൊരു വര്‍ക്‌ഷോപ്പില്‍ നിന്ന് അറ്റകുറ്റപ്പണി നടത്തുകയാണെങ്കില്‍ ബില്‍ കാര്‍ ഏജന്‍സിക്ക് നല്‍കണം.
മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി വാറണ്ടി ബുക്ക്‌ലെറ്റുകളില്‍ ഉണ്ടെങ്കില്‍ വിവിധ മാര്‍ഗങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.