Connect with us

Gulf

39 രാജ്യങ്ങളിലെ ആശ്വാസങ്ങള്‍ക്ക് റാഫിന് 11.5 കോടി റിയാലിന്റെ പദ്ധതി

Published

|

Last Updated

ദോഹ: ലോകത്തെ 39 രാജ്യങ്ങളിലായി 560 വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ (റാഫ്) പ്രഖ്യാപിച്ചു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിലെ ദുരിതവുമനുഭവിക്കുന്ന ദരിദ്രജനങ്ങള്‍ക്കായാണ് പദ്ധതി. 11.2 കോടി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുസ്ന്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന രാജ്യങ്ങളും വിശദാംശങ്ങളും ഉള്‍പ്പെടുത്തി പുസ്തകം പുറത്തിറക്കി.
പ്രാദേശിക പങ്കാളികളുടെയും റാഫ് ഓഫീസര്‍മാരുടേയും സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയതെന്ന് റാഫ് ഫിനാന്‍സ് റിസോഴ്‌സസ് ഡവലപ്‌മെന്റ് മേധാവി അലി ബിന്‍ യൂസഫ് അല്‍ കുവാരി പറഞ്ഞു. ഈ രാജ്യങ്ങളില്‍ ഏറ്റവും അര്‍ഹരായവരെ കണ്ടെത്തുന്നതിനായി പഠനം നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ ജനസംഖ്യ, സാമൂഹികാവസ്ഥ, വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. സാമൂഹിക പരിചരണം, വിദ്യാഭ്യാസം, നിര്‍മാണം, മതപരമായ പ്രവര്‍ത്തനം എന്നിവ കേന്ദ്രീകരിച്ചാണ് വികസനപദ്ധതികള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ 6.12 കോടി റിയാല്‍ ചെലവ് വരുന്ന 254 പദ്ധതികളാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഒമ്പത് കിണറുകള്‍, 37 സാമൂഹിക പദ്ധതി, 16 ദുരിതാശ്വാസ പദ്ധതികള്‍, പാവപ്പെട്ടവര്‍ക്കായി 58 വീടുകള്‍, വിദ്യാഭ്യാസത്തിനായി 20 പദ്ധതികള്‍, മതപരമായ 31 പദ്ധതികള്‍, ചികിത്സക്കായി 53 പദ്ധതി, അഞ്ച് ഖുര്‍ആന്‍ പഠനകേന്ദ്രം, 64 പള്ളികള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 270 പദ്ധതികള്‍ നടപ്പാക്കും. 3.45 കോടി റിയാലാണ് പ്രതീക്ഷിത ചെലവ്. കുടിവെള്ളം, സാമൂഹിക സേവനം, മതം, ദുരിതാശ്വാസം, വിദ്യാഭ്യാസം, അനാഥാലയം, ചികിത്സാ സൗകര്യം, വിശ്വാസികള്‍ക്കായി പള്ളി എന്നിവയാണ് ഇവിടങ്ങളില്‍ വിഭാവനം ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞത് 36 പദ്ധതികള്‍ നടപ്പാക്കും. 59 ലക്ഷം റിയാലാണ് ചെലവ്. സാമൂഹികം, ദുരിതാശ്വാസം, വിദ്യാഭ്യാസം, വികസനം, മതം, ചികിത്സ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബുറുണ്ടി, ബുര്‍ക്കിന ഫാസോ, ബെനിന്‍, ജിബൂത്തി, എതോപ്യ, ഘാന, സാംബിയ, കെനിയ, കോമോറോസ്, മൊറോക്കോ, മാലി, ഈജിപ്ത്, മൗറിത്താനിയ, മലാവി, നൈജിര്‍, സുഡാന്‍, സെനേഗല്‍, സൊമാലിയ തുടങ്ങി പതിനെട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്തോനേഷ്യ, ഇറാഖ്, ഇന്ത്യ, ഫലസ്തീന്‍, ജോര്‍ദാന്‍, ഖസാക്കിസ്ഥാന്‍, മാല്‍ദ്വീപ്, ലെബനന്‍, സിറിയ, ശ്രീലങ്ക, ഫിലിപ്പൈന്‍, യമന്‍, താജിക്കിസ്ഥാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. ഏഷ്യയില്‍ പതിനഞ്ച് രാജ്യങ്ങളിലും യൂറോപ്പില്‍ ആറ് രാജ്യങ്ങളിലുമായാണ് പദ്ധതി നടപ്പാക്കുന്നത്. അല്‍ബാനിയ, ബോസ്‌നിയ, ഹെര്‍സ്‌ജോവിന, ഉക്രൈന്‍, ടര്‍ക്കി, മാക്‌ഡോനിയ, കോസോവ എന്നിവയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍.

Latest