ഖത്വര്‍ റെയില്‍ തൊഴിലാളി പരിശീലന കേന്ദ്രം മേഖലയിലെ ആദ്യത്തേത്‌

Posted on: April 11, 2016 8:00 pm | Last updated: April 11, 2016 at 8:51 pm
SHARE

ദോഹ: ഖത്വര്‍ റെയില്‍ ഈയടുത്ത് ആരംഭിച്ച പരിശീലന കേന്ദ്രം മേഖലയില്‍ തന്നെ ആദ്യത്തെതാണെന്ന് റിപ്പോര്‍ട്ട്. യു കെയിലെ ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്തിന്റെ (സി ഐ ഇ എച്ച്) പ്രീമിയം ലെവല്‍ അക്രഡിറ്റേഷന്‍ ലഭിച്ച പരീശീലന കേന്ദ്രം 15000 റെയില്‍ തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമാകും. ദോഹ മെട്രോ ഗ്രീന്‍ലൈന്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് പരിശീലനം ലഭിക്കുന്നത്. ഇവര്‍ ദോഹ മെട്രോ നിര്‍മാണത്തിലെ പ്രധാന തൊഴിലാളികളാണ്.
ആരോഗ്യം, സുരക്ഷ മേഖലകളില്‍ ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരം പ്രതിഫലിപ്പിക്കുന്നതാണ് ട്രെയിനിംഗ് സെന്ററെന്ന് ഗ്രീന്‍ ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ എന്‍ജിനീയര്‍ ജാസിം അല്‍ അന്‍സാരി പറഞ്ഞു. തൊഴിലിടങ്ങളിലെ ആരോഗ്യം, സുരക്ഷ എന്നിവ ഒരു സംസ്‌കാരമായി രൂപാന്തരപ്പെടുകയാണ് ഇതിലൂടെ. ജീവനക്കാരുടെയും പങ്കാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷക്ക് ഇത് സഹായിക്കുന്നു. ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശീലിപ്പിക്കുന്ന അഞ്ച് ദിവസം വരെയെടുക്കുന്ന കോഴ്‌സുകളാണ് ഗ്രീന്‍ ലൈന്‍ ട്രെയിനിംഗ് സെന്ററില്‍ നടക്കുന്നത്. തുരങ്കനിര്‍മാണവും നിര്‍മാണപ്രവര്‍ത്തനങ്ങളും മുതല്‍ അടച്ചുപൂട്ടിയ സ്ഥലത്ത് വരെയുള്ള തൊഴിലുമായി ബന്ധപ്പെട്ട വര്‍ക്‌ഷോപ്പുകള്‍ നല്‍കുന്നുണ്ട്. പ്രാഥമിക ചികിത്സ, റിസ്‌ക് അസ്സസ്‌മെന്റ്, വാഹന സൗകര്യം, ഉയരമുള്ള സ്ഥലത്തെ ജോലി, ഇലക്ട്രിക്കല്‍ സേഫ്റ്റി, ഫയര്‍ സേഫ്റ്റി തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.അംഗീകൃത ട്രെയിനര്‍മാരാണ് പരിശീലനം നല്‍കുന്നത്. ക്ലാസുകള്‍ അറബിയിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റുന്നുണ്ട്. അഞ്ച്, ആറ് തലങ്ങളിലുള്ള പരിശീലന കോഴ്‌സുകള്‍ നല്‍കുന്നതിന് നാഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ഇന്‍ ഒക്കുപേഷനല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തി (നിബോഷ്)നെ സമീപിക്കുകയാണ് ഖത്വര്‍ റെയില്‍. ഖത്വറിലെ അതിപ്രധാന പദ്ധതിയാണ് ദോഹ മെട്രോ എന്നതിനാല്‍ എല്ലാ കാര്യത്തിലും മികച്ച സേവനം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജാസിം അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു. 2019 അവസാനമാകുമ്പോഴേക്കും ദോഹ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 2020ല്‍ ലുസൈല്‍ ട്രാമും പൂര്‍ത്തിയാകും. 2030ഓടെ ദോഹ മെട്രോ, ലുസൈല്‍ ട്രാം, ജി സി സി റെയില്‍ ശൃംഖലയുമായി ബന്ധപ്പിക്കുന്ന ദീര്‍ഘദൂര റെയില്‍ എന്നിവ പൂര്‍ണസജ്ജമാകുമെന്നാണ് പ്രതീക്ഷ. 2021ഓടെ പ്രതിദിനം ആറ് ലക്ഷം യാത്രക്കാരെ വഹിക്കാന്‍ പാകത്തില്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും മാറും. ഓരോ സ്റ്റേഷന്റെയും ഇടയിലെ സമയം മൂന്ന് മിനുട്ട് എന്ന ക്രമത്തില്‍ 37 മെട്രോ സ്റ്റേഷനുകളും അന്നേക്ക് സജ്ജമാകും.