Connect with us

Gulf

വെടിക്കെട്ട് ദുരന്തം: പ്രവാസലോകത്തും നടുക്കം

Published

|

Last Updated

ദോഹ: പറവൂരിലെ വെടിക്കെട്ട് ദുരന്തം പ്രവാസലോകത്തും നടക്കമുണ്ടാക്കി. ദുരന്തവാര്‍ത്തയുമായാണ് ഇന്നലെ പ്രവാസികളുടെ നേരം പുലര്‍ന്നത്. വാട്‌സ്ആപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും ദുരന്തത്തിന്റെ ചിത്രങ്ങളും വിവരങ്ങളും വന്നുകൊണ്ടിരുന്നപ്പോള്‍ അക്ഷരാര്‍ഥത്തല്‍ പ്രവാസികള്‍ക്കും ഇന്നലെ ദുരന്തപ്പകലായിരുന്നു.
കൊല്ലം പരിസരങ്ങളിലുള്ളവര്‍ ഭയത്തോടെ നാട്ടില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. മരിച്ചവരെയും പരുക്കു പറ്റിയവരെയും കുറിച്ചുള്ള ആധിയായിരുന്നു അവര്‍ക്ക്. 20ല്‍ തുടങ്ങിയ മരണസംഖ്യ കൂടിക്കൂടി വന്നപ്പോള്‍ പ്രവാസികളും വാര്‍ത്തകള്‍ ശ്രദ്ധിച്ച് നാടിന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു. ദുരന്ത വാര്‍ത്തകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ കൂടെ ജോലി ചെയ്യുന്നവരും കമ്പനി മേധാവികളും മലയാളികളോട് അനുശോചനം അറിയിച്ച് ദുരന്തദുഃഖത്തില്‍ പങ്കു ചേര്‍ന്നു. ഗള്‍ഫിലെ അറബി, ഇംഗ്ലീഷ് മാധ്യമങ്ങളും രാജ്യാന്തര മാധ്യമങ്ങളം വന്‍ പ്രാധാന്യത്തോടെയാണ് ഇന്നലെ വാര്‍ത്ത നല്‍കിയത്. പ്രവാസി സംഘടനകളും നേതാക്കളും ദുരന്തത്തില്‍ അനുശോചിച്ചു.
പറവൂരിലെ വെടിക്കെട്ട് അപകടം അതീവ ദുഖകരമാണെന്ന് ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പറഞ്ഞു. ഓരോ ദുരന്തവും സമ്മാനിക്കുന്നത് അനാഥമാക്കപ്പെടുന്ന കുടുംബങ്ങളെയാണ്. ഇത്തരം വെടിക്കെട്ട് ദുരന്തങ്ങള്‍ ഭാവിയില്‍ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ മനുഷ്യ ദുരന്തത്തില്‍ ഐ എം സി സി അനുശോചിച്ചു.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച അപകടമാണിതെന്ന് യുവകലാസാഹിതി ഖത്വര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാങ്ങങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പ്രിസഡന്റ് ലാലു ഇസ്മാഈല്‍, സെക്രട്ടറി യേശുദാസ് മൈനാഗപ്പള്ളി എന്നിവര്‍ പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ സംഘടനകളും ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏകമനസ്സോടെ കര്‍മ നിരതരാണ് എന്നറിയുന്നത് ശുഭോദര്‍ക്കമാണെന്ന് സോഷ്യല്‍ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജീവന്‍ പൊലിഞ്ഞ കുടുംബാംഗങ്ങള്‍ക്കും ഗുരുതര പരിക്കുപറ്റിയ ഹതഭാഗ്യര്‍ക്കും അടിയന്തിര സഹായ ധനം പ്രഖ്യാപിച്ച പ്രവാസി വ്യവസായ പ്രമുഖരുടെ ഇടപെടലുകളും ശ്ലാഘനീയമാണെന്നും സന്ദേശം പറയുന്നു.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള കൂട്ടായ ആലോചനകളും നടപടികളും വേണമെന്നും കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ദുരന്തത്തില്‍ ബന്ധക്കളെയും മറ്റും നഷ്ടപ്പെട്ട പ്രവാസികളുടെ ദുഃഖത്തിലും പങ്ക് ചേരുന്നതായി കള്‍ച്ചറല്‍ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദുരന്തത്തില്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.
കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച ദുരന്തത്തില്‍ അനുശോചിക്കുന്നതായി കെ എം സി സി ഖത്വര്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Latest