തെരഞ്ഞെടുപ്പ് ചരിത്രം ഇനി വിരല്‍ തുമ്പില്‍….

>>എസ്.എസ്.എഫ് പ്രവര്‍ത്തകന്റെ തെരഞ്ഞെടുപ്പ് ആപ്പിന് ലോകമെങ്ങും സ്വീകാര്യത>> ആപ്ലിക്കേഷനു പിന്നില്‍ യുവ എഞ്ചിനീയര്‍ സുഹൈല്‍
Posted on: April 11, 2016 7:01 pm | Last updated: April 11, 2016 at 7:01 pm
SHARE

suhailതിരൂര്‍: തെരഞ്ഞെടുപ്പ് ചരിത്രം ലളിതമായി അവതരിപ്പിച്ച ഇലക്ഷന്‍ നൗ എന്ന തെരഞ്ഞെടുപ്പ് ആപ്ലികേഷന് ലോകമെങ്ങും സ്വീകര്യത. എസ്.എസ്.എഫ് പ്രവര്‍ത്തകനായ യുവ എഞ്ചിനീയറുടെ ആശയങ്ങളാണ് ആപ്ലിക്കേഷനായി രൂപാന്തരപ്പെട്ടത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ഏതു സംശയത്തിനും ഇനി ഉത്തരങ്ങള്‍ ഈ ആപ്പില്‍ നിന്നും ലഭ്യമാകും. ഇ.എം.എസ് മുതല്‍ ഉമ്മണ്‍ചാണ്ടി മന്ത്രിസഭ വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രങ്ങള്‍ ഇലക്ഷന്‍ നൗ മൊബൈല്‍ ആപ്പിലൂടെ അറിയാം. വിധി എഴുതും മുമ്പേ വിരല്‍ത്തുമ്പിലറിയൂ..എന്നാണ് ആപ്പിന്റെ ക്യാപ്ഷന്‍. തെരഞ്ഞടുപ്പ് വാര്‍ത്തകള്‍, പഴയകാല ചരിത്രം, 1957 മുതലുള്ള തെരഞ്ഞെടുപ്പുകള്‍, മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥികളുടെയും വിവരങ്ങള്‍ തുടങ്ങി വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാനും ബൂത്ത് കണ്ടെത്താനും പുതിയ വോട്ടര്‍ ഐ.ഡിക്ക് അപേക്ഷിക്കാനുമുള്ള സംവിധാനം ആപ്പിലുണ്ട്. കക്ഷി, പാര്‍ട്ടി, മണ്ഡലങ്ങള്‍ തിരിച്ചുള്ള തത്സമയ റിസള്‍ട്ടുകളും മൊബൈല്‍ ആപ്പിലൂടെ അറിയാനാവും.
തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മുതല്‍ പഴയകാല തെരഞ്ഞെടുപ്പ് ചരിത്രം വരെ ഉള്‍കൊള്ളുന്ന ആദ്യത്തെ സമ്പൂര്‍ണ മൊബൈല്‍ ആപ്ലികേഷന് കൂടിയാണ് എസ്.എസ്.എഫ് പ്രവര്‍ത്തകനായ സുഹൈല്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. പട്ടാമ്പി പരതൂര്‍ കൊടിക്കുന്ന് സ്വദേശികളായ കുഞ്ഞാപ്പ മുസ്ലിയാര്‍, സുഹറ ദമ്പതികളുടെ മകനാണ് സുഹൈല്‍. എസ്.എസ്.എഫ് പരുതൂര്‍ സെക്ടര്‍ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സുഹൈല്‍ ഇപ്പോള്‍ എസ്.എസ്.എഫ് ബാംഗ്ലൂര്‍ ജയ ഡിവിഷന്‍ അംഗമാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന ബുള്‍ഫിഞ്ച് സോഫ്റ്റ് വെയര്‍ കമ്പനിയിലെ പ്രൊജക്ട് മാനേജറാണ് സുഹൈല്‍. മലയാളി സഹപ്രവര്‍ത്തകരുടെ സഹോയത്തോടെയാണ് നൂതന ആപ്ലിക്കേഷന്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. പെരിന്തല്‍മണ്ണ സ്വദേശികളായ ആസിഫ്, സംഗീത, ശ്രീജിത്, രാഹുല്‍, ജോസഫ് മുവാറ്റുപുഴ, നിജേഷ് വൈക്കം എന്നിവരാണ് ആപ്ലിക്കേഷന്റെ രൂപകല്‍പനക്കു സഹൈലിനെ സഹായിച്ചത്.
ഒന്നര മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇത്തരത്തിലുള്ള ഒരു ആപ്ലികേഷന് രൂപം നല്‍കാന്‍ സാധിച്ചത്. ബുള്‍ഫിഞ്ച് കമ്പനിയിലെ ജീവനക്കാരുടെയും നാട്ടിലെ സുഹൃത്തുക്കളുടെയും പിന്തുണയും സഹായവുമാണ്് അഭിമാന നേട്ടം സാക്ഷാല്‍കരിക്കാന്‍ സഹായിച്ചതെന്ന് സുഹൈല്‍ പറഞ്ഞു. ആപ്ലീക്കേഷന്‍ പുറത്തിറങ്ങി രണ്ടാഴ്ച തികയാനിരിക്കെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സുഹൃത്തുക്കളുമായി രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ സംശയം തീര്‍ക്കുന്നതിന് ആവശ്യമായ ആപ്ലിക്കേഷന്‍ ഇല്ലെന്ന തിരിച്ചറിവാണ് സുഹൈലിനെ പുതിയ തെരഞ്ഞെടുപ്പ് ആപ്പ് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. ലോകത്തെ ഏത് ഭാഷക്കാരുമായി സംസാരിക്കാന്‍ സാധിക്കുന്ന ചാറ്റ് ആള്‍ എന്ന ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് നേരത്തെയും സുഹൈല്‍ ശ്രദ്ധ നേടിയിരുന്നു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്വന്തം പോളിംങ് ബൂത്തിനെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴി മാത്രമായയിരുന്നു ഈ സൗകര്യം ഇതുവരെ ലഭ്യമായിരുന്നത്. ഇനി ലോകത്തിന്റെ ഏതു കോണില്‍ നിന്നും കേരളത്തിന്റെ തെരഞ്ഞെടുപ്പിനെ തൊട്ടറിയാനാകും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സജീവമാക്കുകയാണ് ഇലക്ഷന്‍ നൗ ആപ്പിലൂടെ ചെയ്യുന്നതെന്ന് സുഹൈല്‍ പറഞ്ഞു.