ആചാരങ്ങള്‍ക്ക് ഭരണഘടനയെ കടത്തിവെട്ടാനാകുമോ എന്ന് സുപ്രിം കോടതി

Posted on: April 11, 2016 5:03 pm | Last updated: April 11, 2016 at 5:03 pm

shabarimala supremcourtന്യൂഡല്‍ഹി: ആചാരാനുഷ്ടാനങ്ങള്‍ക്ക് ഭരണഘടനാ തത്വങ്ങളെ കടത്തിവെട്ടാനാകുമോ എന്ന് സുപ്രിം കോടതി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരായ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ശബരിമലയില്‍ ആരാധന നടത്തുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കാന്‍ അധികൃതര്‍ക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്, ജസ്റ്റിസ് എന്‍ വി രാമന എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്. വിഷയം ഭരണഘടനാനുസൃതമായി വാദിക്കണമെന്നും ശബരിമല ടെംപിള്‍ ട്രസ്റ്റിന്റെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ മാതാവിന് പരമോന്നത സ്ഥാനമാണ് നല്‍കുന്നത്. മാതാവ് മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ അവരെയാണ് ആദ്യം അഭിവാദ്യം ചെയ്യേണ്ടത്. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ വിവേചനം പാടില്ല. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണ്. ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനങ്ങളാണ്. ദൈവം സര്‍വവ്യാപിയും. ആചാരങ്ങളെ സംബന്ധിച്ച ശരി തെറ്റുകളിലേക്ക് കടക്കുന്നില്‌ളെന്നും ലിംഗവിവേചനമാണ് പ്രശ്‌നത്തെ ഗൗരവമാക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.