ദുബൈ വീണ്ടും ഉയരങ്ങളിലേക്ക്: ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ ‘ദ ടവര്‍’

Posted on: April 11, 2016 2:42 pm | Last updated: April 11, 2016 at 2:42 pm

The Tower at Dubai Creek Harbour (1)ദുബൈ: ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ ദുബൈയില്‍ ഇമാര്‍ പ്രോപ്പര്‍ടീസ് ടവര്‍ നിര്‍മിക്കുന്നു. ദുബൈ ക്രീക്ക് ഹാര്‍ബറിനോട് ചേര്‍ന്നാവും, നിലവില്‍ ദുബൈയുടെ തന്നെ ലോക റെക്കോര്‍ഡ് തിരുത്തി ഏറ്റവും ഉയരം കൂടിയ ‘ദ ടവര്‍’ ഗോപുരം ഉയരുക. ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 ആവുമ്പോഴേക്കും ഗോപുരം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ലില്ലിപ്പൂവിന്റെ ആകൃതിയും ഇസ്‌ലാമിക് സംസ്‌കാരത്തിന്റെ സ്വാധീനവും സമന്വയിക്കുന്നതാകും ടവറിന്റെ രൂപകല്‍പന. 365 കോടി ദിര്‍ഹമാണ് ഇതിനായി ഇമാര്‍ ചെലവഴിക്കുക. എത്ര ഉയരമാണ് കെട്ടിടത്തിനുണ്ടാവുക എന്നത് സംബന്ധിച്ച് ഇമാര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ബുര്‍ജ് ഖലീഫയെക്കാള്‍ ഒരു മുഴം ഉയരം കൂടുമെന്ന് ഇമാര്‍ പ്രോപര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ വ്യക്തമാക്കി.
സഊദിയില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്ന കിംഗ്ഡം ടവറിനോട് സാമ്യമുള്ളതാവും ഈ നിര്‍മിതി. 1,000 മീറ്റര്‍ ഉയരത്തിലാണ് കിംഗ്ഡം ടവര്‍ ഉയരുക. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായി ഇത് മാറുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഇമാര്‍ നിര്‍മിക്കുന്ന ദ ടവറും ഇതേ രീതിയില്‍ ഉയരത്തിലും സമാനമായാല്‍ ബുര്‍ജ് ഖലീഫയുടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന ഖ്യാതി ഇല്ലാതാവും. സന്ദര്‍ശിക്കാനും ആനന്ദിക്കാനും ആഘോഷിക്കാനുമെല്ലാമുള്ള ദുബൈയിലെ മുഖ്യ കേന്ദ്രങ്ങളില്‍ ഒന്നായി ഇത് മാറുമെന്നാണ് ഇമാര്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കേന്ദ്രം രൂപകല്‍പന ചെയ്ത സ്പാനിഷ്-സ്വിസ് ആര്‍കിടെക്ടായ സാന്റിയാഗോ കലാട്രവ വാള്‍സ് ആണ് ദ ടവറിന്റെയും ശില്‍പി. ബുര്‍ജ ഖലീഫയെ അപേക്ഷിച്ച് ദ ടവറില്‍ താമസത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള ഇടങ്ങള്‍ ഉണ്ടാവില്ല. അതേസമയം ഇതില്‍ മുറികളും ബ്യൂട്ടിക് ഹോട്ടലും സജ്ജമാക്കും. കെട്ടിടത്തില്‍ രണ്ട് നിരീക്ഷണ ഡെക്കുകളും വിശ്രമത്തിനുള്ള ഇടവും സജ്ജമാക്കുമെന്നും ഇമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദുബൈയുടെ പുതിയ വാണിജ്യ താമസ മേഖലയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണു ദുബൈ ക്രീക്കിന്റെ വികസനം. രാജ്യാന്തര തലത്തില്‍ രൂപകല്‍പകര്‍ സമര്‍പിച്ച അപേക്ഷകളില്‍നിന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദാണ് സാന്റിയാഗോയുടെ രൂപകല്‍പന തിരഞ്ഞെടുത്തത്.
ദുബൈ ഡൗണ്‍ ടൗണിനെക്കാള്‍ ഇരട്ടി വലിപ്പത്തിലാണ് ദുബൈ ക്രീക്ക് ഹാര്‍ബറിന്റെ നിര്‍മാണം. ആറ് ചതുരശ്ര കിലോമീറ്ററില്‍ നിര്‍മിക്കുന്ന പദ്ധതി പ്രദേശത്തേക്ക് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പത്തുമിനിറ്റ് ദൂരം മാത്രമാണുള്ളത്. ദുബൈ ക്രീക്കിന്റെ വാട്ടര്‍ഫ്രണ്ട് ലഭിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. റാസല്‍ ഖൂര്‍ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രവും സമീപത്താണ്. ലോകത്തിലെ 67 തരം ജല പക്ഷികളുടെ സങ്കേതമാണ് കേന്ദ്രം. ദുബൈയും യു എ ഇയും ആഘോഷിക്കുന്ന ക്രിയാത്മകതക്കും ഊര്‍ജത്തിനും ശുഭാപ്തി വിശ്വാസത്തിനുമുള്ള അഭിവാദ്യമാണു ദുബൈ ക്രീക്ക് ടവറെന്നു ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു. 2020 എക്‌സ് പോക്കായി ഒരുങ്ങുമ്പോള്‍ ലോകത്തിനു സന്ദര്‍ശിക്കാനും ആസ്വദിക്കാനും ആഘോഷിക്കാനും നല്‍കുന്ന ഒരു കേന്ദ്രമാണിത്. രൂപകല്‍പനയിലെ മികവു മാത്രമല്ല, പരിസ്ഥിതിയും കണക്കിലെടുത്തിട്ടുണ്ട്. സ്മാര്‍ട് സാങ്കേതിക വിദ്യകളും ഇതിന്റെ പിന്നിലുണ്ട്. ദുബൈക്കും യു എ ഇക്കും സാമ്പത്തിക മൂല്യവുംകൂടി പകരുന്നതായിരിക്കും ടവര്‍.