ദുബൈയില്‍ പുതിയ പാര്‍ക്കിംഗ് കോഡ് സംവിധാനം

Posted on: April 11, 2016 2:34 pm | Last updated: April 11, 2016 at 2:34 pm
SHARE

parkingദുബൈ: പാര്‍ക്കിംഗ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ദുബൈയില്‍ പുതിയ പാര്‍ക്കിംഗ് കോഡ് സംവിധാനം വരുന്നു. പാര്‍ക്കിംഗ് മേഖലകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സംവിധാനം നടപ്പാക്കുകയെന്ന് ഇതിന് ചുക്കാന്‍ പിടിക്കുന്ന ആര്‍ ടി എ വ്യക്തമാക്കി. ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഈ സംവിധാനം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം അവസാനത്തോടെ ദുബൈയിലെ മുഴുവന്‍ പാര്‍ക്കിംഗ് മേഖലകളിലും പുതിയ പാര്‍ക്കിംഗ് കോഡ് സംവിധാനം നടപ്പാക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ ദുബൈയിലെ പാര്‍ക്കിംഗ് മേഖലകള്‍ എ, ബി, ഇ, എഫ് എന്നീ നാലു വിഭാഗങ്ങളിലായാണ്. എ വിഭാഗത്തില്‍ റോഡരുകിലെ പാര്‍ക്കിംഗ് ഇടങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ബി വിഭാഗത്തില്‍ ദുബൈയിലെ മുഴവന്‍ പാര്‍ക്കിംഗ് ഇടങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്. ടീകോം മേഖലയിലെ പാര്‍ക്കിംഗ് ഇടങ്ങള്‍ ഇവയില്‍ ഉള്‍പെടില്ല. എഫ് വിഭാഗത്തിലാണ് ഇവിടുത്തെ പാര്‍ക്കിംഗ് മേഖല ഉള്‍പെടുക. ദേര ഫിഷ് മാര്‍ക്കറ്റ് മേഖല ഈ വിഭാഗത്തിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. എല്ലാ സീസണല്‍ പാര്‍ക്കിംഗ് കാര്‍ഡുകളും അവയുടെ കാലാവധി അവസാനിക്കുന്നത് വരെ ഉപയോഗപ്പെടുത്താനാവുമെന്നും ആര്‍ ടി എ അധികൃതര്‍ അറിയിച്ചു.
പുതിയ പാര്‍ക്കിംഗ് കോഡുകള്‍ എ, ബി, സി, ഡി എന്നിങ്ങനെയാണ്. സീസണല്‍ പാര്‍ക്കിംഗ് വിഭാഗം എ യായി മാറും. ഇത്തരം പാര്‍ക്കിംഗ് കാര്‍ഡ് ഉള്ളവര്‍ക്ക് ഏത് സോണിലും പാര്‍ക്കിംഗ് കാര്‍ഡ് ഉപയോഗപ്പെടുത്താനാവും. ബി വിഭാഗത്തിലുള്ളവര്‍ക്ക് ബി വിഭാഗത്തിലും ഡി വിഭാഗത്തിലും ഉപയോഗപ്പെടുത്താനാവും. നിലവിലെ മൂന്നു മാസ പാര്‍ക്കിംഗ് കാര്‍ഡ് സംവിധാനത്തിന് പകരം വാര്‍ഷിക പാര്‍ക്കിംഗ് കാര്‍ഡുകള്‍ വിതരണം ചെയ്യാനും ആര്‍ ടി എക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഫീസും സമയക്രമവും വ്യത്യസ്തമായിരിക്കും. ഡൗണ്‍ ടൗണ്‍ ദുബൈയും ബിസിനസ് ബേയും അടുത്തിടെ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഭാഗമായി മാറ്റിയിരുന്നു. എന്നാല്‍ സീസണല്‍ പാര്‍ക്കിംഗ് കാര്‍ഡുകള്‍ ഈ മേഖലയില്‍ ഉപയോഗിക്കാനാവില്ല. ടീകോം മേഖലക്കും ദേര ഫിഷ് മാര്‍ക്കറ്റ് മേഖലക്കും ഇതോടൊപ്പം സീസണല്‍ പാര്‍ക്കിംഗ് കാര്‍ഡ് ഉപയോഗപ്പെടുത്താനാവില്ല. പുതിയ പരിഷ്‌കരണം നടപ്പാകുന്നതോടെ ദുബൈയിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ മുഖ്യമായും രണ്ട് മുഖ്യ വിഭാഗങ്ങളായാണ് മാറുക. വാണിജ്യ മേഖലയും അല്ലാത്തവയുമെന്നാവും ഇത്. വാണിജ്യ വിഭാഗത്തിലാവും റോഡുകളിലെ എല്ലാ പാര്‍ക്കിംഗ് സ്ഥലങ്ങളും ഉള്‍പെടുക. ഇവ എ വിഭാഗത്തിലാവും വാണിജ്യ മേഖലയിലുള്ളവ ബി വാഭാഗത്തിലാവും. വാണിജ്യപരമല്ലാത്ത ഇടങ്ങളിലെ റോഡരികുകളിലെ പാര്‍ക്കിംഗ് മേഖല ഡി വിഭാഗത്തിലാവും. അടുത്ത മാസം അവസാനത്തോടെ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം പുറത്തുവിടൂവെന്ന് ആര്‍ ടി എ അധികൃതര്‍ അറിയിച്ചു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈയിലെ പാര്‍ക്കിംഗ് സംവിധാനത്തില്‍ സമൂല മാറ്റംവരുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരുന്നു. അതിന്റെ തുര്‍ച്ചയാണ് പുതിയ പരിഷ്‌കരണം.

LEAVE A REPLY

Please enter your comment!
Please enter your name here