പരവൂര്‍ വെടിക്കെട്ടപകടം: മരണസംഖ്യ ഉയരുന്നു; മരണം 109

Posted on: April 11, 2016 10:28 am | Last updated: April 12, 2016 at 1:41 pm
SHARE

kollam fire 5കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. ചികില്‍സയിലിരുന്ന മൂന്നുപേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരുന്ന പള്ളിപ്പുറം സ്വദേശി വിനോദ് (34), നെടുങ്ങോലം സ്വദേശി പ്രസന്നന്‍ (40) എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്.

ചികില്‍സയില്‍ കഴിയുന്ന 60ല്‍ അധികം പേരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇവരില്‍ അധികം പേരും 60 ശതമാനത്തിലധികം പൊള്ളലേറ്റവരാണ്. ദുരന്ത സ്ഥലത്ത് മെഡിക്കല്‍ പിക്കറ്റ് ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കാലം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അപകടസ്ഥലത്ത് തുടരും.

ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുക. പരിക്കേറ്റവരെ വിദഗ്ധ ചികില്‍സക്കായി സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് തീരുമാനമെടുക്കും.

ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വെടിക്കെട്ടിനിടെ അപകടമുണ്ടായത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ വെടിക്കെട്ട് നടത്തിയതാണ് അപകട കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here