Connect with us

Kozhikode

നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ വന്‍ തീപിടുത്തം

Published

|

Last Updated

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും അരിക്കുളം, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തുകളും അതിരിടുന്ന വിസ്തൃത പാടശേഖരമായ നടേരിയിലെ ആയിരം ഏക്കറോളം വ്യാപിച്ചു കിടക്കുന്ന വെളിയണ്ണൂര്‍ ചല്ലിയില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച വൈകീട്ടോടെയാണ് നാടിനെ ഭീതിയിലാഴ്ത്തി ചല്ലിയിലാകെ തീ പടര്‍ന്നു പിടിച്ചത്. കിലോമീറ്ററുകളോളം നീളത്തില്‍ തീ പടര്‍ന്നു പിടിക്കുമ്പോഴും തീയണക്കാന്‍ എത്തിയ ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹയരായി നോക്കി നില്‍ക്കേണ്ടി വന്നു. പേരാമ്പ്രയില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്‌സാണ് എത്തിയത്.
വെളിയണ്ണൂര്‍ ചല്ലിയില്‍ ചിലയിടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ട്. വെള്ളമില്ലാത്ത സ്ഥലത്തെ ഉണങ്ങിയ പുല്ലും കരഭാഗത്തെ നെല്ലുമാണ് കത്തിയത്. ചല്ലിയില്‍ വെളളക്കെട്ട് കാരണം തീകത്തുന്നിടത്ത് എളുപ്പത്തില്‍ എത്തുന്നതിന് തടസമായി. വെളിയണ്ണൂര്‍ ചല്ലിയിലേക്ക് ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയുന്ന റോഡ് സൗകര്യവും ഉണ്ടായിരുന്നില്ല. സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്നു പിടിക്കുമോയെന്ന ഭീതിയായിരുന്നു നാട്ടുകാര്‍. വെളിയണ്ണൂര്‍ ചല്ലിയില്‍ ഒരാള്‍ പൊക്കത്തില്‍ പുല്ലും കാടും പടര്‍ന്നു പിടിച്ചുകിടപ്പാണ്. നെല്‍കൃഷി അസാധ്യമായ ചല്ലിയില്‍ പാമ്പുകളടക്കമുളള ജീവികളുടെ താവളമാണ്. തീ പടരുമ്പോള്‍ പാമ്പും മറ്റും രക്ഷപ്പെടാനുളള വെപ്രാളത്തിനിടയില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വരുമോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ടായിരുന്നു.