Connect with us

International

ഡേവിഡ് കാമറൂണ്‍ ആദായ നികുതി വിശദാംശങ്ങള്‍ പുറത്തുവിട്ടു

Published

|

Last Updated

ലണ്ടന്‍: തന്റെ കുടുംബത്തിന് വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് പനാമ പേപ്പറില്‍ നിന്ന് വെളിപ്പെട്ടതോടെ കടുത്ത സമ്മര്‍ദത്തിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മുഖം രക്ഷിക്കാനായി കഴിഞ്ഞ ഏഴ് വര്‍ഷത്തെ ആദായ നികുതി വിശദാംശങ്ങള്‍ പുറത്ത് വിട്ടു. പിതാവ് സൂക്ഷിച്ച വിദേശ നിക്ഷേപത്തില്‍ നിന്ന് ലാഭം ലഭിക്കുന്നുണ്ടെന്ന് തുറന്ന് പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു. ബ്ലെയര്‍മോര്‍ ഹോള്‍ഡിംഗ്‌സില്‍ തനിക്കുണ്ടായിരുന്ന നിക്ഷേപം പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ പിന്‍വലിച്ചുവെന്നും കാമറൂണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ തൃപ്തിയാകാതെ തന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഉന്നതര്‍ അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നത് തുടരുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നലെ കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റുകള്‍ കമറൂണുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിറകേയാണ് നികുതി രേഖകള്‍ അദ്ദേഹം പുറത്ത് വിട്ടത്. ഇത്തരം രേഖ പുറത്ത് വിടുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് കാമറൂണെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് ബ്ലെയര്‍മോര്‍ ഓഹരികള്‍ കൈയൊഴിച്ചത് വഴി ഒറ്റത്തവണയായി 15,297 ഡോളര്‍ ലാഭം ലഭിച്ചുവെന്ന് പുറത്ത് വിട്ട രേഖകളുടെ രത്‌നച്ചുരുക്കത്തില്‍ പറയുന്നു. ഓഹരി തുകയില്‍ നിന്ന് വേറെയും വന്‍ തുക ലഭിച്ചു. ഭാര്യക്കും സമാനമായ തുക ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ശമ്പളം അലവന്‍സ് ഇനത്തില്‍ 150,356 പൗണ്ടും കാമറൂണ്‍ കുടുംബ വീടിന്റെ വാടകയിനത്തില്‍ 46,899 പൗണ്ടും ലഭിച്ചുവെന്ന് രേഖയില്‍ പറയുന്നു. ലണ്ടന്‍ ബേങ്കിലെ നിക്ഷേപത്തിന്റെ പലിശയിനത്തില്‍ 3,052 പൗണ്ട് ലഭിച്ചു.
വിമര്‍ശങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണക്കുകള്‍ പുറത്ത് വിട്ടതെങ്കിലും അവയും അദ്ദേഹത്തെ തിരിഞ്ഞു കുത്തുമെന്നുറപ്പാണ്. വരുമാനം ഭാര്യക്കും അദ്ദേഹത്തിനുമായി വീതിക്കുക വഴി ഇരുവരും ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സിന്റെ പരിധിയില്‍ നിന്ന് ഒഴിവാകുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്യുന്ന പനാമാ കമ്പനി മൊസ്സാക് ഫെന്‍സേകയുമായി ബന്ധം പുലര്‍ത്തിയ ബ്രിട്ടീഷ് കമ്പനികളെയും വ്യക്തികളെയും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ കാമറൂണ്‍ പ്രത്യേക കര്‍മ സമിതിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫൊന്‍സേകയില്‍ ചോര്‍ന്ന വിവരങ്ങളില്‍ വസ്തുതയില്ലെന്നായിരുന്നു തുടക്കത്തില്‍ കാമറൂണിന്റെ ഓഫീസ് പ്രതികരിച്ചിരുന്നത്. എന്നാല്‍ തെളിവുകളോരോന്നായി പുറത്ത് വന്നതോടെ പിതാവിന്റെ നിക്ഷേപത്തെ കുറിച്ചും ബ്ലെയര്‍മോറിലെ തന്റെ നിക്ഷേപത്തെ കുറിച്ചും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായി. “പാഠങ്ങള്‍ ഏറെ പഠിക്കാനുണ്ട്. അത് പഠിക്കും. സര്‍ക്കാറിനെയാകെ കുറ്റം പറയരുത്. പിഴ എന്റേതാണ്” എന്നാണ് കാമറൂണ്‍ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.