കമ്പത്തോടുള്ള കമ്പം തീരാതെ..

Posted on: April 11, 2016 8:28 am | Last updated: April 11, 2016 at 8:28 am

paravurപരവൂര്‍: ആറ് പതിറ്റാണ്ട് മുമ്പുണ്ടായ ദുരന്തത്തില്‍ കമ്പം ഇനി വേണ്ടെന്ന ചര്‍ച്ചകള്‍ ഇവിടെ ഉണ്ടായതാണ്. എന്നാല്‍ അന്നും കമ്പം നടത്തുന്നതിനോടായിരുന്നു കൂടുതല്‍ പേര്‍ക്കും കമ്പം. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്നലെ വീണ്ടുമൊരു ദുരന്തം താണ്ഡവമാടിയപ്പോള്‍ അന്നത്തെ ചര്‍ച്ചകള്‍ പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്. അന്ന് കമ്പത്തിനിടെ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക കമ്പപ്പുര തകര്‍ന്നുവീഴുകയായിരുന്നു. രണ്ട് കരക്കാര്‍ തമ്മിലുള്ള കമ്പത്തിനിടെയിലുണ്ടായ ആ അപകടത്തില്‍ നിരവധി ആളുകള്‍ മരിച്ചു.
അപകടത്തിന് ശേഷം ഉത്സവം നിര്‍ത്തി വെച്ചുവെങ്കിലും ഏറെ നാളുകള്‍ക്ക് ശേഷം 1966ല്‍ പൊതുജനങ്ങളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് ഉത്സവം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കമ്പം വേണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായം അന്ന് യോഗത്തില്‍ ഉണ്ടായി. എന്നാല്‍ കമ്പമില്ലെങ്കില്‍ ഉത്സവം തന്നെ വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗവും എടുത്തത്.
അതോടെ ഉത്സവവും കമ്പവും നടത്താന്‍ തീരുമാനിച്ചു. ഓരോ വര്‍ഷവും കമ്പം കാണാന്‍ ആളുകള്‍ കൂടിവന്നതോടെ കമ്പത്തിന് മത്സര സ്വഭാവം കൈവന്നു. ലക്ഷങ്ങളാണ് കമ്പത്തിന് വേണ്ടി ഇവിടെ നീക്കിവച്ചത്. ദേവിയുടെ ഇഷ്ട വഴിപാടെന്ന നിലയില്‍ സ്‌പോണ്‍സര്‍മാരും കൂടിവന്നു. പടക്കങ്ങളും അമിട്ടുകളും പൊട്ടിച്ച് മത്സര കമ്പം ഇവിടെ ഓരോ വര്‍ഷവും കെങ്കേമമായി. വിദൂരങ്ങളില്‍ നിന്നുവരെ ആളുകള്‍ കാഴ്ചക്കാരായി എത്തുകയും ചെയ്തു.
ഇക്കുറി ഉത്സവക്കാഴ്ചകളും കമ്പവും കാണാന്‍ കാല്‍ ലക്ഷത്തോളം ആളുകളെത്തിയെന്നാണ് കണക്കാക്കുന്നത്. ദുരന്തം നടന്ന സമയമായപ്പോഴേക്കും ഇതില്‍ നല്ലൊരു ഭാഗവും ഇവിടം വിട്ടിരുന്നു. പരവൂര്‍ കമ്പത്തിന്റെ പ്രശസ്തി നാളുതോളും വളര്‍ന്നുവന്നപ്പോള്‍ ഇവിടുത്തുകാര്‍ അഭിമാനം കൊണ്ടിരുന്നെങ്കിലും ഇങ്ങനെയൊരു ദുരന്തം തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇനിയും ഇവിടെ കമ്പം വേണമോയെന്ന കാര്യത്തില്‍ പുതിയ ചര്‍ച്ചകള്‍ വേണ്ടിവരും.