Connect with us

Kerala

ആവര്‍ത്തിക്കുന്ന വെടിക്കെട്ട് ദുരന്തങ്ങള്‍

Published

|

Last Updated

കണ്ണൂര്‍ :കേരളത്തില്‍ ചെറുതും വലുതുമായ വെടിക്കെട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടുകള്‍ ദുരന്തത്തിന് വഴിമാറുന്നത് തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തെ വെടിക്കെട്ട് ദുരന്തങ്ങളുടെ കണക്കെടുത്താല്‍ മരണസംഖ്യ 750ന് മേല്‍ വരും. ശബരിമല ദുരന്തം കഴിഞ്ഞ് അമ്പതാണ്ടായിട്ടും കേരളത്തില്‍ വെടിക്കെട്ട് ദുരന്തങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്ന് സര്‍ക്കാരിന്റെ പക്കലുള്ള കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഇതുവരെയായി ചെറുതും വലുതുമായുള്ള നാന്നൂറോളം അപകടങ്ങളില്‍ അത്രയും തന്നെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും അപകടങ്ങളുടെയും അതില്‍ കൊല്ലപ്പെടുന്നവരുടെയും എണ്ണവും കൂടിവരുന്നതായാണ് കണക്കുകള്‍.
2006ല്‍ 24 അപകടങ്ങളില്‍ 24 പേരും 2007ല്‍ 38 അപകടങ്ങളില്‍ 42ഉം 2008ല്‍ 49ഉം 2009ല്‍ 57 ഉം പേരും 2010ല്‍ 53 അപകടങ്ങളില്‍ 66 ഉം 2011ല്‍ 58 അപകടങ്ങളില്‍ നിന്ന് 68 ഉം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അപകടങ്ങളുടെയും മരണത്തിന്റെയും കാര്യത്തില്‍ പാലക്കാടാണ് മുന്നില്‍. രണ്ട് വര്‍ഷം മുമ്പത്തെ കണക്ക് അനുസരിച്ച് പാലക്കാട് ജില്ലയില്‍ മാത്രം 12 അപകടങ്ങളില്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പ് ഷൊര്‍ണൂര്‍ ത്രാങ്ങാലിയിലുണ്ടായ അപകടത്തില്‍ പന്ത്രണ്ടും ചെര്‍പുളശ്ശേരിക്കടുത്ത് പന്നിയാംകുറിശ്ശിയില്‍ ഉണ്ടായ അപകടത്തില്‍ ഏഴ് പേരും മരിച്ചിരുന്നു. തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇതുവരെയായി വെടിക്കെട്ട് ദുരന്തങ്ങള്‍ ഉണ്ടായത്. സംസ്ഥാനത്തെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് കൊല്ലം പരവൂര്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്.
1952 ജനുവരി 14 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ശബരിമലയിലെ കരിമരുന്ന് സ്‌ഫോടനത്തില്‍ 68 പേരാണ് മരിച്ചത്. 1978ല്‍ തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരണത്തിന് കീഴടങ്ങി. 1984ല്‍ തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 20 പേര്‍ മരിച്ചു. 1987ല്‍ തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്ന 27 പേര്‍ ട്രെയിനിടിച്ച് മരിച്ചു. 1988 ല്‍ തൃപ്പൂണിത്തുറയില്‍ വെടിമരുന്ന് പുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാരായ പത്ത് പേര്‍ മരിച്ചു. 1989 ല്‍ തൃശ്ശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ വെടിക്കെട്ടിനിടെ 12 പേര്‍ മരിച്ചു. 1990 ല്‍ കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തില്‍ 26 പേരാണ് ദാരുണമായി മരിച്ചത്.
1997ല്‍ ചിയ്യാരം പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേരും 1998 ല്‍ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തറിയില്‍ 13 പേരും 1999 ല്‍ പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ എട്ട് പേരും മരിച്ചു. 2006 ല്‍ തൃശൂര്‍ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തില്‍ ഏഴ് പേരാണ് മരിച്ചത്. 2013 ല്‍ പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ വെടിക്കെട്ട് കാണാന്‍ റെയില്‍വേ ട്രാക്കില്‍ തടിച്ചു കൂടിയ ജനങ്ങള്‍ക്ക് മേല്‍ തീവണ്ടി ഓടിക്കയറി 27 പേര്‍ മരിച്ച സംഭവമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്ര ട്രെയിന്‍ ദുരന്തം എന്ന പേരില്‍ അറിയപ്പെടുന്നത് 1986 മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു ഈ ദുരന്തം ഉണ്ടായത്. ഏറ്റവും ഒടുവില്‍ കൊല്ലം പരവൂര്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തം രാജ്യത്തിലെ ജനങ്ങളെ മൊത്തത്തില്‍ ഞെട്ടിപ്പിക്കുന്നതായി മാറി. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 105 ല്‍ എത്തിയിരിക്കുകയാണ്.

Latest