Connect with us

Editorial

എന്നാണ് പഠിക്കുക?

Published

|

Last Updated

അതിദാരുണമാണ് കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ട് ദുരന്തം. പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിന്റെ കമ്പപ്പുരക്ക് തീപ്പിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ നൂറിലേറെ പേരാണ് മരിച്ചത്. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച വെടിക്കെട്ട് പുലര്‍ച്ചെ അവസാനിക്കാനിരിക്കെ കമ്പപ്പുരയില്‍ നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്തേക്ക് കൊണ്ടുപോകുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് അമിട്ട് വീണാണ് തുടര്‍സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കി. .മീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടത് അതിന്റെ തീവ്രത വെളിപ്പെടുത്തുന്നു. സംഭവം വെടിക്കെട്ടിന്റെ അവസാന സമയത്തായതിനാല്‍ കാണികളില്‍ നല്ലൊരു പങ്കും മടങ്ങിയിരുന്നു. മറിച്ചായിരുന്നെങ്കില്‍ ദുരന്തം ഇവിടം കൊണ്ടൊന്നും അവസാനിക്കുമായിരുന്നില്ല.
ജില്ലാ കലക്ടറുടെയും എ ഡി എമ്മിന്റെയും വിലക്ക് മറികടന്നാണ് കരിമരുന്ന് പ്രയോഗം നടത്തിയതെന്നാണ് വിവരം. വെടിക്കെട്ട് സമീപത്തെ വീട്ടുകാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് കാണിച്ച് നല്‍കിയ പരാതി പരിഗണിച്ചാണ് കലക്ടര്‍ അനുമതി നിഷേധിച്ചിരുന്നത്. ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളുടെ വാക്കിന്റെ ബലത്തിലാണ് പിന്നീട് താത്കാലിക അനുമതി നല്‍കിയത്.
ഒക്‌ടോബര്‍ മുതല്‍ ജൂണ്‍ വരെ കേരളത്തില്‍ ഉത്സവങ്ങളുടെയും വെടിക്കെട്ടിന്റെയും കാലമാണ്. ഈ ഘട്ടത്തില്‍ കരിമരുന്ന് പ്രയോഗത്തിന് അനുമതി തേടുന്ന അപേക്ഷകള്‍ കലക്ടറേറ്റുകളില്‍ നിരന്തരം വന്നുകൊണ്ടിരിക്കും. സുരക്ഷാ പ്രശ്‌നത്തിന്റെ പേരില്‍ അനുമതി നിഷേധിച്ചാലും ഭരണ പ്രമുഖരെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ചും ഉദ്യോഗസ്ഥരെ വിലക്കുവാങ്ങിയും ഉത്സവനടത്തിപ്പുകാര്‍ അനുമതി സമ്പാദിക്കും. നിര്‍ദേശിക്കുന്ന ഉപാധികളെല്ലാം കാറ്റില്‍ പറത്തുകയും ചെയ്യും. ഉത്സവ വാര്‍ത്തക്കൊപ്പം വെടിക്കെട്ട് ദുരന്ത വാര്‍ത്തകളും വരുന്നതിന്റെ പശ്ചാത്തലമിതാണ്. എക്‌സ്പ്‌ളോസിവ് റൂള്‍സ് പ്രകാരം ജില്ലാ കലക്ടര്‍മാര്‍ നല്‍കുന്ന ലൈസന്‍സ് ഉപയോഗിച്ച് 15 കിലോഗ്രാം മാത്രം പടക്കസാമഗ്രികള്‍ നിര്‍മിക്കാനേ ലൈസന്‍സിക്ക് അധികാരമുള്ളൂ. ഇതിന്റെ മറവില്‍ പക്ഷേ, ഒരു ഉത്സവ പരിപാടിക്ക് മാത്രം ആയിരക്കണക്കിന് കിലോഗ്രാം പടക്കസാമഗ്രികള്‍ നിര്‍മിച്ചു കത്തിക്കാറുണ്ട്. അനുമതിയില്ലാതെയും വെടിമരുന്നുകള്‍ സൂക്ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സമീപത്ത് രാജേന്ദ്ര നഗര്‍ കോളനിയിലെ ഒരു കെട്ടിടത്തില്‍ മാര്‍ച്ച് 24ന് രാത്രി നടന്ന ഉഗ്രസ്‌ഫോടനത്തിന് ഇടവരുത്തിയത് അനധികൃതായി സൂക്ഷിച്ചിരുന്ന വെടിമരുന്നായിരുന്നു.
വെടിക്കെട്ട് പോലെയുള്ള അപകട സാധ്യതയുള്ള പരിപാടികള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധയും സുരക്ഷയും ആവശ്യമാണ്. ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതെപ്പറ്റി ചര്‍ച്ചകളും വിവാദങ്ങളും സാന്ത്വന വാക്കുകളും പ്രഖ്യാപനങ്ങളും നടത്തുകയല്ലാതെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ നടത്തിപ്പുകാരോ അധികൃതരോ കാണിക്കാറില്ല. വെടിമരുന്നിന്റെ രാസഘടന, വെടിക്കെട്ട് നടത്തുന്നവരുടെ യോഗ്യത, സൂക്ഷിച്ചുവെക്കുന്ന വെടിമരുന്നിന്റെ അളവ്, പുറത്ത് ഉഷ്ണം വര്‍ധിക്കുമ്പോള്‍ വെടിപ്പുരയില്‍ ചൂട് വര്‍ധിക്കാതിരിക്കാനുള്ള സംവിധാനം, വെടിപ്പുരക്ക് സമീപത്തെ ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം തുടങ്ങി പല കാര്യങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ നിരോധിച്ച പൊട്ടാസ്യം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ലൈസന്‍സ് പോലുമില്ലാതെ പലരും വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്നത്. ഏഴ് പേരുടെ മരണത്തിനിടയായ ചെര്‍പ്പുളശ്ശേരി പന്നിയംകുറിശ്ശി പടക്ക നിര്‍മാണശാലയിലെ 2013ലെ അപകടത്തിന് കാരണമിതാണെന്ന് കണ്ടെത്തിയതാണ്.
പരമ്പരാഗതമായ അറിവും പരിചയവും മാത്രമാണ് ഇവിടെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന മിക്ക പേരുടെയും യോഗ്യത എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. ജനസാന്ദ്രത വര്‍ധിച്ച പ്രദേശങ്ങളിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു വെടിക്കെട്ട് നടത്തുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം വളരെ പ്രധാനമാണ്. അധികൃതര്‍ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല. ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ പരവൂരില്‍ മരണ സംഖ്യ ഇത്രയും ഉയരുമായിരുന്നില്ല. വെടിക്കെട്ടുകള്‍ക്ക് മാത്രമല്ല പടക്ക നിര്‍മാണ ശാലകള്‍ക്കും ബാധകമാണ് ഇത്തരം നിയന്ത്രണങ്ങളും ചട്ടങ്ങളും. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് നിരവധി പ്രവര്‍ത്തിക്കുന്നുണ്ട.് 2009 ഡിസംബറില്‍ കൊച്ചിയിലെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്‌ളോസിവിന്റെ ഓഫീസില്‍ നിന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ കരിമരുന്ന് പ്രയോഗവുമായി ബന്ധപ്പെട്ട ഇത്തരം ഒമ്പത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് നടപ്പാക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയാണ് അടിക്കടി വെടിക്കെട്ട് ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുന്നത്.