മാറാത്ത പുതുപ്പള്ളിയില്‍ മുഖ്യന്‍; അത്ഭുതം പ്രതീക്ഷിച്ച് യുവ രക്തം

Posted on: April 11, 2016 4:49 am | Last updated: April 10, 2016 at 11:53 pm
SHARE

puthuppalliഅരനൂറ്റാണ്ടിലെ തന്റെ രാഷ്ട്രീയ ജീവിതത്തെ പാടേയുലച്ച ആരോപണങ്ങള്‍ക്ക് ജനകീയ കോടതിയിലൂടെ എതിരാളികള്‍ക്ക് മറുപടി നല്‍കാനുള്ള തിരഞ്ഞെടുപ്പാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം. 1970 മുതല്‍ നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ മറന്ന് മറ്റൊരാളെ നിയമസഭയിലേക്ക് പറഞ്ഞക്കാന്‍ മനസ്സുവന്നിട്ടില്ല. എന്നാല്‍ ഇത്തവണ പുതുപ്പള്ളിയില്‍ കടുത്ത പോരാട്ടം സമ്മാനിക്കാനായി ഇടതുരാഷ്ട്രീയത്തിലെ കുട്ടി നേതാവിനെയാണ് എല്‍ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ പുതുപ്പള്ളിക്കാര്‍ തമ്മിലുള്ള പോരാട്ടമായി ഇത്തവണത്തെ തിരഞ്ഞെടുപ്പുമാറും. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസാണ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. ജെയ്ക് ജനിച്ചകാലം മുതല്‍ ഉമ്മന്‍ചാണ്ടിയാണ് പുതുപ്പള്ളിയുടെ എം എല്‍ എ. സിന്ധു ജോയിക്കു ശേഷം ഉമ്മന്‍ചാണ്ടിയെ നേരിടാനായി സി പി എം രംഗത്തിറക്കുന്ന മറ്റൊരു എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റാണ് ജെയ്ക്. എതിരാളിയുടെ രാഷ്ട്രീയപാരമ്പര്യമോ, വിജയചരിത്രമോ ഒന്നും ഈ ചെറുപ്പക്കാരനെ ആവലാതിപ്പെടുത്തുന്നില്ല.
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് കുര്യനാണ് എന്‍ ഡി എ സ്ഥാനാര്‍ഥി. മോദി സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കെതിരെയുള്ള ജനങ്ങളുടെ രോഷം തിരഞ്ഞെടുപ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി നേതൃത്വം. പുതുപ്പള്ളി മണ്ഡലത്തില്‍ തിരഞ്ഞടുപ്പ് പ്രചരണത്തിന് വലിയ ആവേശമൊന്നും ഇനിയും കണ്ടുതുടങ്ങിയിട്ടില്ല. ഇടതുസ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും മണ്ഡലത്തിലുടനീളം പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്‍ ഡി എ സ്ഥാനാര്‍ഥി ജോര്‍ജ് കുര്യന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ ചില പ്രധാന ജംഗ്ഷനുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പ്രചരണ സാമഗ്രികള്‍ ഇതുവരെ മണ്ഡലത്തിലൊരിടത്തും ദൃശ്യമല്ല. പുതുപ്പള്ളിയില്‍ ഒന്നിലധികം പേരുകള്‍ ഹൈക്കമാന്‍ഡിന് പരിഗണിക്കാനില്ലായിരുന്നു. എന്നിട്ടും ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും ഇനിയും എത്തിതുടങ്ങുന്നതേയുള്ളു. എല്ലാ ഞായറാഴ്ചകളിലും എത്രവലിയ തിരക്കുകള്‍ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് തന്റെ നാട്ടുകാരെ കാണുവാനും അവരുടെ വേദനകളും ആവലാതികളും സന്തോഷങ്ങളിലും പങ്കാളിയാകുവാന്‍ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മണ്ഡലത്തിലുണ്ടാവും. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് തര്‍ക്കം മുറുകി നില്‍ക്കുമ്പോഴും തന്റെ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ച് പതിവുചിട്ടകള്‍ തെറ്റിക്കാതെ കഴിഞ്ഞ ഞായറാഴ്ചയും ഉമ്മന്‍ ചാണ്ടി അതിവേഗം ബഹുദൂരം ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു പുതുപ്പള്ളിക്ക് പറന്നെത്തി. ഈ ബന്ധത്തിന് ഉലച്ചിലുണ്ടാക്കാന്‍ എതിരാളികള്‍ ഏറെ വിയര്‍ ക്കേണ്ടി വരുമെന്ന കാര്യം ഇടതുമുന്നണിക്കും എന്‍ ഡി എക്കും നന്നായറിയാം. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും തിരഞ്ഞെടുപ്പില്‍ അട്ടിമറികളും അത്ഭുതങ്ങളും സമ്മാനിക്കാന്‍ വോട്ടര്‍മാര്‍ക്ക് കഴിയുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. സോളാര്‍ വിവാദങ്ങളും, യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഉയര്‍ന്ന ഭൂമിദാനം അടക്കമുള്ള വിവാദങ്ങളും ചര്‍ച്ചയാക്കാനാണ് ഇടതുപക്ഷ തീരുമാനം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ വര്‍ഷങ്ങളായി അറിയുന്ന പുതുപ്പള്ളിക്കാന്‍ വിശ്വസിക്കില്ലെന്ന് യു ഡി എഫും ചൂണ്ടിക്കാട്ടുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച 33255 ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും അത് ഇടതുപക്ഷത്തിന്റെ വിജയമായി മാറുമെന്നതിനാല്‍ പുതുപ്പള്ളിയില്‍ യു ഡി എഫ് ഇത്തവണ അതീവ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പുതുപ്പള്ളി മണ്ഡലത്തില്‍പ്പെടുന്ന മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസ് എം ജി സര്‍വകലാശാലയില്‍ എം എ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് വിദ്യാര്‍ഥിയാണ്. സുരേഷ്‌കുറുപ്പ് എം എല്‍ എക്കും പി കെ ബിജു എം പിക്കും ശേഷം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റാവുന്ന കോട്ടയം സ്വദേശി കൂടിയാണ് ജെയ്ക്. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ജെയ്കിനെ അടുത്തിടെയാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. സിന്ധു ജോയി 2006ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പുതുപ്പള്ളി മണ്ഡലത്തില്‍ ഭൂരിപക്ഷമായ യാക്കോബായ വിഭാഗത്തില്‍പ്പെടുന്നയാളാണ് ജെയ്‌ക്കെന്നത് യു ഡി എഫ് കാര്യമായി കാണുന്നു. മലങ്കര സഭയിലെ തര്‍ക്കങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭാംഗമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ വിഭാഗത്തിനൊപ്പം നിന്നുവെന്ന പരാതി യാക്കോബായ വിഭാഗത്തിനുണ്ട്. ഈ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ആശങ്ക യു ഡി എഫ് കേന്ദ്രങ്ങള്‍ക്കുണ്ട്. അതേസമയം മണ്ഡലവുമായി ബന്ധപ്പെട്ട പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ യാക്കോബായ സഭാംഗങ്ങളാണെന്ന് ആശ്വസിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
അകലക്കുന്നം. അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണു പുതുപ്പള്ളി മണ്ഡലം. ഇതില്‍ വാകത്താനം പഞ്ചായത്ത് മാത്രമാണ് നിലവില്‍ എല്‍ ഡി എഫ് ഭരിക്കുന്നത്. ഇത് യു ഡി എഫിന് പ്രതീക്ഷ നല്‍കുന്നുണ്ടെന്നത് വാസ്തവം. പുതിയ കണക്കനുസരിച്ച് മണ്ഡലത്തില്‍ ആകെ 1,70,763 വോട്ടര്‍മാരാണുള്ളത്.
ഇതില്‍ 83,523 പുരുഷ വോട്ടര്‍മാരും 87,240 സ്ത്രീ വോട്ടര്‍മാരുമാണ്. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ നാളുകളില്‍ ഉണ്ടായ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പായുധമാക്കി ഇടതും ബി ജെ പിയും പ്രചാരണം കൊഴിപ്പിക്കുമെന്നതില്‍ സംശയമില്ല. അതേസമയം ഇത്തരം ആരോപണങ്ങളെ ചെറുക്കാന്‍ യു ഡി എഫ് വികസന നേട്ടങ്ങളാകും ഉയര്‍ത്തിപ്പിടിക്കുക. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച യു എന്‍ പുരസ്‌കാരം, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങിയവയും യു ഡി എഫ് പ്രചരണായുധമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here