ഭരണ മുന്നണി പുറത്തുപോകുന്നത് കേരളത്തിലെ പ്രത്യേകത: 77ല്‍ സംഭവിച്ചതെന്ത്?

Posted on: April 11, 2016 4:44 am | Last updated: April 21, 2016 at 2:40 pm
SHARE

karunakaranകണ്ണൂര്‍: ഏത് തിരഞ്ഞെടുപ്പ് വരുമ്പോഴും പലവിധ ചോദ്യങ്ങളും ആശങ്കകളും കൊണ്ട് ജനങ്ങളുടെ മനസ്സ് നിറയും. അതില്‍ പ്രധാനം ഇക്കുറി കേരളം ആരുടെ പക്ഷത്ത് നില്‍ക്കുമെന്നതാണ്. ഭരിക്കുന്ന മുന്നണിയെ പടിക്ക് പുറത്തിരുത്തുന്ന പാരമ്പര്യമാണ് എക്കാലത്തും കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ടായിട്ടുള്ളതെങ്കിലും കാലം മാറുമ്പോള്‍ എന്തെങ്കിലും പുതിയ മാറ്റങ്ങള്‍ക്കുള്ള സാധ്യതയും അവര്‍ തള്ളിക്കളയാറില്ല.കുത്തകയാക്കി വച്ച മണ്ഡലങ്ങളില്‍ എതിര്‍ സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം നേടുക, ആരും ഗൗനിക്കാത്ത സ്വതന്ത്രന്‍ കനത്ത വോട്ടുവാരുക തുടങ്ങി പലവിധ പ്രത്യേകതകള്‍ എല്ലാതിരഞ്ഞെടുപ്പ് കാലത്തും കണ്ടുവരാറുണ്ട്. എന്നാല്‍ ഒരു മുന്നണിക്ക് തന്നെ തുടര്‍ച്ചയായി ഭരണം ലഭിക്കുകയെന്നതിനെക്കുറിച്ച് അടുത്ത കാലത്തൊന്നും ആരും ചിന്തിക്കുക പോലും ചെയ്യാറില്ല.എന്നാല്‍ 77 ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കുന്നവരും ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 1977ല്‍ മാത്രമാണ് ഭരണമുന്നണി വീണ്ടും അധികാരത്തിലെത്തിയിട്ടുള്ളത്. അന്ന് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അന്നും ഇന്നും വിലയിരുത്തുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ ഐക്യ കക്ഷിമുന്നണിയില്‍ സി പി ഐ,മുസ്ലീംലീഗ്,കേരളാ കോണ്‍ഗ്രസ്സ്,ആര്‍ എസ് പി തുടങ്ങിയ കക്ഷികളെല്ലാമാണുണ്ടായത്. എതിര്‍ ചേരിയിലാകട്ടെ പ്രധാന കക്ഷിയായി സി പി എം മാത്രം. ജനതാ പാര്‍ട്ടി പോലുള്ള ചെറുകക്ഷികള്‍ പിന്തുണച്ചു. ഐക്യകക്ഷി മുന്നണി 140ല്‍ 111 സീറ്റ് നേടിയാണ് അധികാരത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഈ മുന്നണിക്ക് അധിക കാലത്തെ ആയുസ്സുണ്ടായില്ല.കോണ്‍ഗ്രസ്സ് അഖിലേന്ത്യാ തലത്തില്‍ പിളര്‍ന്നതും ഘടക കക്ഷികളിലെ പിളര്‍പ്പും ഘടക കക്ഷികള്‍ ചേരിമാറിയതും ഭരണത്തെ തറ പറ്റിച്ചു. സി പി ഐ, ആര്‍ എസ് പി കക്ഷികള്‍ സിപി എം ചേരിയിലേക്കു പോയി. കേരളാ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും സി പി എമ്മിനോടൊപ്പമെത്തി. കേരളാ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും സി പി എമ്മിനോടൊപ്പമെത്തി.കോണ്‍ഗ്രസ്സിലെ ആന്റണി വിഭാഗവും സി പി എം പാളയത്തിലെത്തി.പാര്‍ട്ടികള്‍ മാറിയും മറഞ്ഞും മാറിയത് അഞ്ചാം കേരള നിയമസഭയെ അഞ്ച് മന്ത്രി സഭകള്‍ക്കു സാക്ഷ്യമാക്കി.1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി പി എം നേതൃത്വത്തിലുള്ള ഇടതു മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത് അടിത്തറയിളകിയ ഭരണമുന്നണിയെ തറ പറ്റിക്കാമെന്നുള്ള തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. അത് സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. അന്നത്തെ തിരഞ്ഞെടുപ്പില്‍ ഇടതിന് 93 സീറ്റും വലതിന് 46 സീറ്റും ലഭിച്ചു. പിന്നീടൊരിക്കലും കേരള ചരിത്രത്തില്‍ ഒരുമുന്നണി തന്നെ തുടര്‍ന്ന് ഭരിച്ചിട്ടില്ല. എന്നാല്‍ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മുന്‍പ് മുന്നണിയില്‍ നിന്ന് പാര്‍ട്ടികള്‍ മാറിമറിയുന്നത് ഇന്നും നിര്‍ബാധം തുടരുന്നു.