Connect with us

Ongoing News

വോട്ട് ചെയ്യാന്‍ ഇതര സംസ്ഥാനക്കാരും

Published

|

Last Updated

പാലക്കാട്: മറുനാടന്‍ മലയാളികളുടെ വോട്ടു തേടാന്‍ സംസ്ഥാനത്ത് നിന്ന് നേതാക്കള്‍ പോകുന്നത് പോലെ ഇനി കേരളത്തിലേക്കും ഇതര സംസ്ഥാന നേതാക്കളെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ട് വരുന്ന കാലം അതി വിദൂരമല്ല. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പല മണ്ഡലങ്ങളിലും നിയമസഭ തിരഞ്ഞടുപ്പിലേക്ക് അന്യ സംസ്ഥാന തൊഴിലാളികളുടെ പങ്കും വലുതാണ്. പലര്‍ക്കും വോട്ടാവകാശം ലഭിച്ചതാണ് ഇതിന് കാരണം. തദ്ദേശ സ്വയഭരണ തിരെഞ്ഞടുപ്പില്‍ നെല്ലിയാമ്പതി പഞ്ചായത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വോട്ടാണ് പല സ്ഥാനാര്‍ഥികളുടെ വിജയത്തിനും തോല്‍വിക്കും പ്രധാന പങ്ക് വഹിച്ചത്. ഇപ്പോള്‍ നിയമസഭ തിരഞ്ഞടുപ്പില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ വോട്ട് വിജയത്തെ ബാധിക്കില്ലെങ്കിലും ഭാവിയില്‍ മറ്റുസംസ്ഥാനങ്ങളില്‍ മലയാളികളുടെ വോട്ട് പോലെ തന്നെ ഇവരുടെ പങ്കാളിത്തവും വലുതായിരിക്കുമെന്നതാണ് യഥാര്‍ഥ്യം.
പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍പ്പെട്ട കഞ്ചിക്കോട് വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഇതര തൊഴിലാളികളുടെ വോട്ട് നിര്‍ണായകമാകും. ബീഹാര്‍, യു പി, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒട്ടേറെ പേര്‍ക്കാണ് ഇവിടെ വോട്ടവകാശമുള്ളത്. ഇവരില്‍ പലരും കഴിഞ്ഞ ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലിക്കായി പലരും ഇവിടെ സ്ഥിരതാമസക്കാരായവരാണ്. 20 വര്‍ഷത്തോളമായി ഇവിടങ്ങളില്‍ താമസിച്ചു വരികയാണ്. സ്റ്റീല്‍, തുണിമില്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്. സഹപ്രവര്‍ത്തകരുടെയും ഇവിടത്തെ കൂട്ടുകാരുടെയും സഹായത്തോടെയാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇവര്‍ എടുത്തത്. എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുമുണ്ട്.

Latest