Connect with us

Gulf

ബി- 52 ബോംബറുകള്‍ അമേരിക്ക ഖത്വറില്‍ വിന്യസിച്ചു

Published

|

Last Updated

ദോഹ: ഇറാഖിലെയും സിറിയയിലെയും ഇസില്‍ വിരുദ്ധ പോരാട്ടത്തിന് ശക്തി പകരാന്‍ യു എസ് എയര്‍ ഫോഴ്‌സ് ബി-52 ബോംബര്‍ വിമാനങ്ങള്‍ ഖത്വറിലെ സൈനിക ക്യാംപില്‍ വിന്യസിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് യുദ്ധത്തിന്റെ അവസാനം മിഡില്‍ ഈസ്റ്റില്‍ അമേരിക്ക ക്യാംപ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം.
2006 മെയില്‍ അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിന്റെയും 2015 മെയില്‍ ജോര്‍ദാനിലെ യു എസ് നേതൃത്വത്തിലുള്ള സൈനിക അഭ്യാസത്തിന്റെയും ഭാഗമായാണ് ബി- 52 ബോംബര്‍ വിമാനങ്ങള്‍ അവസാനമായി മേഖലയില്‍ പറന്നതെന്ന് യു എസ് എയര്‍ ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് ലെഫ്. ജനറല്‍ ചാള്‍സ് ബ്രൗണ്‍ പറഞ്ഞു. ഇസിലിന് നിരന്തര സമ്മര്‍ദമുണ്ടാകാനും മേഖലയിലെ ഭാവി വെല്ലുവിളികള്‍ പ്രതിരോധിക്കാനുമാണ് പുതിയ നീക്കം. ഖത്വറിലെ അല്‍ ഉദൈദ് എയര്‍ ബേസിനില്‍ എത്ര ബി-52 ബോംബറുകളാണ് വിന്യസിക്കുകയെന്ന് അറിയില്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ലെഫ്. കേണല്‍ ക്രിസ് കാണ്‍സ് പറഞ്ഞു. ഇറാഖിലും സിറിയയിലും യു എസ് സൈന്യം പോരാട്ടം ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരേസമയം ചെയ്യാന്‍ സാധിക്കുന്നതാണ് ബി-52 ബോംബറുകള്‍. പ്രധാന ആക്രമണങ്ങള്‍, വ്യോമ മേഖലയിലെ പ്രതിരോധം, നാവിക ആക്രമണങ്ങള്‍ എന്നിവക്കും പര്യാപ്തമാണ്. വ്യാപക ബോംബാക്രമണങ്ങള്‍ നടത്തുന്നതിനേക്കാള്‍ ഒരു പ്രദേശത്ത് ഒന്നോ രണ്ടോ ആക്രമണങ്ങള്‍ നടത്താന്‍ ഇതുസഹായിക്കും. ഇസിലിനെതിരായ ആക്രമണത്തില്‍ കൃത്യത പരമപ്രധാനമാണ്. ഇസിലിന് അംഗബലം കുറഞ്ഞുവന്ന സാഹചര്യത്തില്‍ ജനസാന്ദ്രതയേറിയ ഇടങ്ങളിലാണ് അവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. അത്തരം സാഹചര്യത്തില്‍ വ്യാപക ബോംബാക്രമണം ചിലപ്പോള്‍ സാധാരണക്കാര്‍ അപകടത്തില്‍ പെടുന്നതിന് കാരണമായേക്കാമെന്നും ഇതിന് പരിഹാരമാണ് ബി-52 ബോംബറുകളെന്നും കാണ്‍സ് കൂട്ടിച്ചേര്‍ത്തു.

Latest