എണ്ണ വിലവര്‍ധന തുടരുമെന്ന് ഖത്വര്‍ നാഷനല്‍ ബേങ്ക് റിപ്പോര്‍ട്ട്

Posted on: April 10, 2016 7:05 pm | Last updated: April 10, 2016 at 7:05 pm

QUATAR PETROLIUMദോഹ :രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ പ്രകടമാകുന്ന ഉയര്‍ച്ച തുടരുമെന്നും 2018 ആകുമ്പോഴേക്കും ശരാശരി വില ബാരലിന് 56 ഡോളറിലെത്തുമെന്നും ഖത്വര്‍ നാഷനല്‍ ബേങ്കിന്റെ സാമ്പത്തിക റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവിലയിലുണ്ടായ തിരിച്ചു വരവ് സൂചിപ്പിച്ചാണ് ബേങ്കിന്റെ വാരാന്ത്യ റിപ്പോര്‍ട്ട് പ്രവചനം നടത്തുന്നത്.
ജനുവരിയില്‍ പ്രകടമായ 28 ഡോളര്‍ എന്ന സമകാലിക ചരിത്രത്തിലെ താഴ്ന്ന വിലയില്‍നിന്നാണ് കഴിഞ്ഞ ദിവസം 40 ഡോളറിലെത്തിയത്. എണ്ണയുത്പാദനത്തില്‍ ഏര്‍പ്പെടുത്തിയ മൃദു മരവിപ്പിക്കലിന്റെ ഫലമാണ് വില തിരിച്ചു വരുന്നതിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. എണ്ണവില വര്‍ധന പൊതുവിപണിയിലും ഉണര്‍വ് പ്രകടമായി. ഉത്പാദനം കുറയുന്നതുവഴി ഉണ്ടാകുന്ന ഡിമാന്റ് വര്‍ധയാണ് വില ഉയരാന്‍ സഹായിക്കുന്നത്. ഉത്പാദനച്ചെലവ് വര്‍ധനയെത്തുടര്‍ന്ന് അമേരിക്കന്‍ എണ്ണയുത്പാദനം കുറഞ്ഞതും വിപണിയെ സഹായിക്കുന്നു.
ഈ വര്‍ഷം ബാരലിന് 41 ഡോളര്‍ എന്ന നിരക്കിലും അടുത്ത വര്‍ഷം 51 ഡോറിലും 2018ല്‍ 56 ഡോളര്‍ എന്ന നിരക്കിലുമെത്തുമെന്നാണ് ക്യു എന്‍ ബിയുടെ പ്രതീക്ഷ. ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ കൂടി ഉദ്ധരിച്ചു കൊണ്ടാണ് ബേങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം എണ്ണവിപണിയില്‍ 1.8 ദശലക്ഷം ബാരല്‍ അധിക ലഭ്യതയാണുണ്ടായത്. എന്നാല്‍ ആവശ്യത്തിന്റെയും ലഭ്യതയുടെയും തോത് സന്തുലിതമാക്കാനുള്ള മാര്‍ഗങ്ങളിലേക്ക് അഥവാ വില ഉയരുമെന്ന നിഗമനത്തിലേക്ക് നാലു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമായാണ് ബേങ്ക് ശ്രദ്ധ ക്ഷണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട അതേ അളവില്‍ എണ്ണയുടെ ആവശ്യം നിലനില്‍ക്കുമോ, ഉത്പാദനച്ചെലവു കൂടുതലുള്ള അമേരിക്കന്‍ ഷേല്‍ പെട്രോളിന് കുറഞ്ഞ വിലക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകുമോ, ഉപരോധം നീക്കം ചെയ്യപ്പെട്ടതിനു ശേഷം ഇറാന്‍ ഉത്പാദനത്തില്‍ വന്ന ഉയര്‍ച്ച, കുറഞ്ഞ നിരക്കിനോട് ഇതര ഒപെക് രാജ്യങ്ങള്‍ പ്രതികരിക്കും എന്നിവയാണ് ബേങ്കിന്റെ ചോദ്യങ്ങള്‍. ഈ വര്‍ഷം എണ്ണയുടെ അധിക വിതരണം പ്രതിദിനം 1.2 ബില്യന്‍ ബാരലായി താഴുമെന്നാണ് നിഗമനം. അതോടൊപ്പം എണ്ണയുടെ ആവശ്യം ഉയരുകയും ചെയ്യും. അമേരിക്കന്‍ ഉത്പാദനം കഴിഞ്ഞ വര്‍ഷം താഴേക്കു വന്നു. ഈ വര്‍ഷം ഇനിയും താഴേക്കു വരാമെന്നും ഇറാന്‍ ഉത്പാദനം ഉപരോധം പിന്‍വലിച്ച ശേഷം പ്രതിദിനം 370,000 ബാരല്‍ ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതര ഒപെക് രാജ്യങ്ങളും ഉത്പാദനം ഉയര്‍ത്താനാണ് സാധ്യത. എന്നാല്‍ ആകെ അധിക ഉത്പാദനം കുറയുന്നതോടെ ഈ വര്‍ഷം തന്നെ വില 41 ഡോളറിലെത്തും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആവശ്യം ഉയരുകയും എന്നാല്‍ അധിക ഉത്പാദനം കുറയുകയും ചെയ്യുന്നതോടെ വില ഘട്ടംഘട്ടമായി ഉയരുമെന്നാണ് ബേങ്കിന്റെ പ്രവചനം.