സ്‌കൂള്‍ പരിചയപ്പെടല്‍; അമ്പരപ്പോടെ കുരുന്നുകള്‍

Posted on: April 10, 2016 7:01 pm | Last updated: April 10, 2016 at 7:01 pm
SHARE

schoolഷാര്‍ജ: കെ ജി ക്ലാസുകളിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുരുന്നുകള്‍ക്കായി സ്‌കള്‍ പരിചയപ്പെടല്‍ ചടങ്ങ് സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്കാണ് പരിപാടി ഒരുക്കിയത്. പ്രവേശനം ലഭിച്ച നൂറുക്കണക്കിന് കുട്ടികളാണ് സ്‌കൂളിലെത്തിയത്. രക്ഷിതാക്കളോടൊപ്പമായിരുന്നു വരവ്. ജ്യൂസും ചോക്ലേറ്റും നല്‍കി കുരുന്നുകളെ സ്‌കൂള്‍ അധികൃതര്‍ വരവേറ്റു. സ്‌കൂളിനു പുറമെ അധ്യാപകര്‍, സ്‌കൂള്‍ ബസ് ജീവനക്കാര്‍ എന്നിവരെ കൂടി പരിചയപ്പെടുത്തുക എന്നിവയും ലക്ഷ്യമിട്ടിരുന്നു.
അമ്പരപ്പോടെയാണ് കുട്ടികള്‍ രക്ഷിതാക്കളുടെ കൈയില്‍ പിടിച്ച് സ്‌കൂള്‍ മുറ്റത്തെത്തിയത്. അധികൃതര്‍ കുരുന്നുകളോടൊപ്പം രക്ഷിതാക്കളെയും അവര്‍ക്കു നിശ്ചയിച്ചിരുന്ന ക്ലാസ് മുറികളിലേക്ക് സ്വാഗതം ചെയ്തു. ആധ്യാപകര്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് പാഠ പുസ്തകങ്ങളടക്കമുള്ള പഠന സാമഗ്രികളും യൂണിഫോമുകളും വിതരണം ചെയ്തു. ബസ് ജീവനക്കാര്‍ റൂട്ട് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കി. വിദ്യാലയ ചുറ്റുപാടുകളില്‍ ചില കുട്ടികള്‍ ആനന്ദിച്ചപ്പോള്‍ മറ്റുചില കുരുന്നുകള്‍ സങ്കടപ്പെട്ടു. ആഘോഷ ദിനം കണക്കെ പുത്തനുടുപ്പുകളണിഞ്ഞ് തുള്ളിച്ചാടിയാണ് കുരുന്നുകളത്രയും എത്തിയത്. വിപുലമായ സൗകര്യമാണ് സ്‌കൂളില്‍ ഒരുക്കിയിരുന്നത്.
അതിരാവിലെ മുതല്‍ കുട്ടികളുമായി രക്ഷിതാക്കള്‍ എത്തിത്തുടങ്ങിയിരുന്നു. കെ ജി വണ്‍, ടു ക്ലൂസുകളിലെ കുട്ടികള്‍ പ്രത്യേകം പ്രത്യേകം സമയമാണ് പരിചയപ്പെടലിനു നിശ്ചയിച്ചിരുന്നത്. സ്‌കൂള്‍ പരിചയപ്പെടല്‍ ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ മാത്രം സവിശേഷതയാണെന്ന് പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.
ക്ലാസ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ സ്‌കൂളിനെ പരിചയപ്പെടുത്തുന്നത് കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിന്‍സിപ്പലിനു പുറമെ അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. അബ്ദുല്‍ കരീം, വൈസ് പ്രിന്‍സിപ്പല്‍ മിനി മേനോന്‍ എന്നിവരും അധ്യാപക, അധ്യാപകേതര ജീവനക്കാരും കുട്ടികളെ വരവേറ്റു. അടുത്ത ദിവസം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. പുതിയ അധ്യയന വര്‍ഷത്തില്‍ കെ ജി വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നില്ല. പിന്നീടേ തുടങ്ങുകയുള്ളൂവെന്ന് അധികൃതര്‍ നേരത്തെ തന്നെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഷാര്‍ജക്കു പുറമെ അയല്‍ എമിറേറ്റുകളായ ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികള്‍ക്കും ഈ വര്‍ഷം പ്രവേശനം ലഭിച്ചിട്ടുണ്ട്. ദീര്‍ഘനാളത്തെ രക്ഷിതാക്കളുടെ കാത്തിരിപ്പിനൊടുവിലാണ് പ്രവേശനം ലഭിച്ചത്. കഴിയുന്നത്ര കുട്ടികള്‍ക്കു പ്രവേശനത്തിനു സൗകര്യം ഒരുക്കുന്നതിനാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രവേശനം ദീര്‍ഘിപ്പിച്ചത്. പ്രവേശനം ലഭിക്കാതെ വിഷമിച്ചിരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് മാനേജ്‌മെന്റ് നടപടി ഏറെ ആശ്വാസം പകര്‍ന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. നിലവിലുള്ള കെട്ടിടത്തിലെ സൗകര്യക്കുറവാണ് കൂടുതല്‍ പ്രവേശനത്തിനു വിഘാതമാകുന്നത്.
പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അപേക്ഷിക്കുന്നവര്‍ക്കെല്ലാം പ്രവേശനം നല്‍കാനാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. സജയില്‍ പണിയുന്ന കെട്ടിടം അടുത്ത അധ്യയന വര്‍ഷം യാഥാര്‍ഥ്യമാകുമെന്നാണ് കരുതപ്പെടുന്നത്. നിര്‍മാണ പ്രവര്‍ത്തനം ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്‌കൂള്‍ പരിചയപ്പെടല്‍ ചടങ്ങില്‍ പങ്കെടുത്തു.