ജബല്‍ അലി ഫ്രീസോണ്‍; കമ്പനികളുടെ എണ്ണത്തില്‍ വര്‍ധന

Posted on: April 10, 2016 6:59 pm | Last updated: April 10, 2016 at 6:59 pm
SHARE

free zoneദുബൈ: എമിറേറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്ന ലോകത്തിലെ മുന്‍നിര ഫ്രീസോണായ ജബല്‍ അലി ഫ്രീസോണി(ജഫ്‌സ)ല്‍ കഴിഞ്ഞ വര്‍ഷം നിരവധി പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുകയും നിക്ഷേപത്തില്‍ വന്‍മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തു.
വിദേശ നിക്ഷേപകരെ ഫ്രീസോണ്‍ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വാര്‍ഷികാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണത്തില്‍ എട്ട് ശതമാനം വളര്‍ച്ചയാണുണ്ടായതെന്നും കസ്റ്റംസ് ആന്റ് ഫ്രീസോണ്‍ കോര്‍പറേഷന്‍ തുറമുഖ ചെയര്‍മാനും ഡി പി വേള്‍ഡ് സി ഇ ഒയും ചെയര്‍മാനുമായ സുല്‍താന്‍ അഹ്മദ് ബിന്‍ സുലൈം പറഞ്ഞു. എമിറേറ്റിലെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിനായി പ്രാദേശിക വ്യാപാര കേന്ദ്രങ്ങളെയും വിദേശ നിക്ഷേപകരെയും ഫ്രീസോണിലേക്ക് ആകര്‍ഷിക്കാനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടാണ് ഈ നേട്ടം കൈവരിച്ചതിന് പിന്നിലെന്ന് അഹ്മദ് ബിന്‍ സുലൈം വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനായതും നിലവിലുള്ള കമ്പനികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചതും കൂടുതല്‍ കമ്പനികളെ ഫ്രീസോണിലേക്ക് ആകര്‍ഷിക്കാനിടയാക്കി. ലോജിസ്റ്റിക് വ്യവസായ പ്രവര്‍ത്തനങ്ങളും ചരക്കുകളുടെ ഇറക്കുമതിയും പുനര്‍ കയറ്റുമതിയും ദുബൈയുടെ സാമ്പത്തിക പുരോഗതയിലുമാണ് ഫ്രീസോണ്‍ ശ്രദ്ധയൂന്നുന്നത്.
ഫ്രീസോണില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനികളുടെ എണ്ണത്തില്‍ മധ്യപൗരസ്ത്യ മേഖലയില്‍ നിന്ന് 44 ശതമാനവും ഏഷ്യ-പസിഫികില്‍ നിന്ന് 23 ശതമാനവും യൂറോപ്പില്‍ നിന്ന് 21 ശതമാനവും അമേരിക്ക, ആഫ്രിക്കയില്‍ നിന്നും ആറു ശതമാനം വീതവുമാണ് വര്‍ധനവുണ്ടായത്.
കഴിഞ്ഞ വര്‍ഷം ലോകത്തെ പ്രസിദ്ധ കമ്പനികളായ ഗുഡ്‌റിച്ച് മിഡില്‍ ഈസ്റ്റ്, റോയല്‍ ഇന്റര്‍നാഷണല്‍ ഗള്‍ഫ് ട്രേഡിംഗ്, ക്‌സൈലെം മാനുഫാക്ചറിംഗ്, ടുബോ എഫ് ഇസഡ് ഇ, ഹാരിറ്റ് ജനറല്‍ ട്രേഡിംഗ്, ബി എം ജോഹാന്‍സണ്‍ ആന്റ് സണ്‍സ്, ടോപ് ലിങ്ക് ഇന്റര്‍നാഷണല്‍, ഫ്‌ളോ ലിങ്ക് ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സ്, എം ഡബ്ല്യു എച്ച് ജനറല്‍ ട്രേഡിംഗ് എന്നീ കമ്പനികളെ ഫ്രീസോണ്‍ സ്വീകരിച്ചിരുന്നു.
312,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് പുതിയ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. 265,000 സ്‌ക്വയര്‍ മീറ്റര്‍ സംഭരണശാലകള്‍ക്കും ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കും 28,000 സ്‌ക്വയര്‍ മീറ്റര്‍ ഓഫീസ് ആവശ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.
പുതിയ കമ്പനികളുടെ കാര്യത്തില്‍ അതിവേഗം വളര്‍ച്ച നേടുന്ന മേഖലകളായ യന്ത്രോപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, സ്റ്റീല്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്നിവയില്‍ 12 ശതമാനമാണ് വളര്‍ച്ച നേടിയത്. രാസ ഉത്പന്നങ്ങള്‍, പെട്രോളിയം മേഖലയില്‍ 10 ശതമാനവും ഭക്ഷ്യപദാര്‍ഥം, കാര്‍, ഗതാഗതം തുടങ്ങിയവയില്‍ ~ഒമ്പത് ശതമാനവും ആരോഗ്യ പരിരക്ഷ, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയില്‍ അഞ്ചു ശതമാനവും സേവനങ്ങള്‍, ലോജിസ്റ്റിക്‌സ് എന്നിവയില്‍ നാല് ശതമാനവുമാണ് വളര്‍ച്ച.
വാണിജ്യ-ഭരണപരമായ ഇടപാടുകളില്‍ 2011 മുതല്‍ 2015 വരെ അഞ്ചു ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. ദുബൈ താമസ-കുടിയേറ്റ വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഇടപാടുകള്‍ അടക്കം 938,000 ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം നടന്നത്. 871,000 തപാല്‍-മെഡിക്കല്‍ സര്‍വീസുകളും ലൈസന്‍സ് രജിസ്‌ട്രേഷന്‍, പാട്ടക്കരാര്‍ പുതുക്കല്‍ സംബന്ധമായ 67,000 ഇടപാടുകളും നടന്നു.
തൊഴിലാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 8.5 ശതമാനം മുന്നേറ്റമുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സ്‌പോണ്‍സേര്‍ഡ്, നോണ്‍ സ്‌പോണ്‍സേര്‍ഡ് തൊഴിലാളികളുടെ അംഗബലം 144,000 ആയിരുന്നു.
43,000 സ്‌ക്വയര്‍ മീറ്ററില്‍ ഫ്രീസോണില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ടവറില്‍ 70ലധികം കമ്പനികളാണ് ഓഫീസിനായി ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി വികസന പ്രവൃത്തികളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. 582 മുറികളോടെ ജീവനക്കാര്‍ക്കായി ആധുനികസൗകര്യങ്ങളോടുകൂടിയ കെട്ടിടം പണിയുന്നുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കും. സംഭരണശാലകള്‍ക്കും ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കുമായുള്ള കെട്ടിട സമുച്ചയവും നിര്‍മാണത്തിലാണ്. 702 ചതുരശ്ര മീറ്ററിലുള്ള 51 യൂണിറ്റുകളും 349 ചതുരശ്ര മീറ്ററിലുള്ള 59 യൂണിറ്റുകളുമടക്കം 110 യൂണിറ്റുകളാണ് നിര്‍മിക്കുന്നത്. ശൈഖ് സായിദ് റോഡിനും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും സുഗമമായ ഗതാഗതത്തിനുമായി ദുബൈ ലോജിസ്റ്റിക് കോറിഡോര്‍ എന്ന പേരില്‍ പാലവും നിര്‍മിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ, ഫ്രാന്‍സ്, യു കെ, യു എസ് എ, ജപ്പാന്‍, സഊദി അറേബ്യ, റഷ്യ, ജര്‍മനി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ കമ്പനികളെ ആകര്‍ഷിക്കാനായി ഫ്രീസോണിന്റെ ആഭിമുഖ്യത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here