ഷാര്‍ജ ‘ത്രോ ഡൗണ്‍’ 15ന്

Posted on: April 10, 2016 6:49 pm | Last updated: April 10, 2016 at 6:49 pm

Sharjah Throwdown Logo copyഷാര്‍ജ: യു എ ഇ സമൂഹത്തിനിടയില്‍ ആരോഗ്യകരമായ ജീവിത ശൈലി അഭിവൃദ്ധിപ്പെടുത്തുന്നതിനായി അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടില്‍ ‘ത്രോ ഡൗണ്‍’ 2016 എന്ന പേരില്‍ ഈ മാസം 15(വെള്ളി)ന് സമ്മേളനം സംഘടിപ്പിക്കും. ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ക്രോസ്ഫിറ്റ് ഹവര്‍ ജിംനേഷ്യം, എലവേഷന്‍ ബര്‍ഗര്‍, ഇന്റര്‍നാഷണല്‍ എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടിയെന്ന് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് മാനേജര്‍ ഫദില്‍ അല്‍ മസ്‌റൂഇ പറഞ്ഞു.
വിനോദത്തിനും ടൂറിസത്തിനുമായി നിരവധി പേരാണ് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലെത്തുന്നത്. കുട്ടികള്‍ക്ക് കളിക്കാനും കായിക പ്രകടനങ്ങള്‍ക്കുമായി പ്രത്യേക സ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്. ഒഴിവുവേളകള്‍ ചെലവഴിക്കാന്‍ യു എ ഇയെ പ്രത്യേകിച്ച് ഷാര്‍ജയിലെ നിരവധി കുടുംബങ്ങളാണ് ഇവിടേക്കെത്തുന്നത്.
ചലച്ചിത്ര പ്രദര്‍ശനം, നാടക പ്രദര്‍ശനം, കരിമരുന്ന് പ്രയോഗങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് അല്‍ മജാസില്‍ നടന്നുവരുന്നത്. 12 കോടി ദിര്‍ഹം ചെലവില്‍ ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുറൂഖ്) നിര്‍മാണം പൂര്‍ത്തിയാക്കി 2012 മാര്‍ച്ചിലാണ് വാട്ടര്‍ഫ്രണ്ട് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഖാലിദ് ലഗൂണിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എമിറേറ്റിലെ നിരവധി പ്രധാന വിനോദ പരിപാടികള്‍ ഇവിടെയാണ് നടന്നുവരുന്നത്. ലോകോത്തര നിലവാരമുള്ള ഭക്ഷ്യശാലകളും ഇവിടെയുണ്ട്.