ഓഫര്‍ ലെറ്ററിന് വിരുദ്ധമായ തൊഴില്‍ കരാറില്‍ ഒപ്പിടരുതെന്ന് യു എ ഇ മന്ത്രാലയം

Posted on: April 10, 2016 4:54 pm | Last updated: April 10, 2016 at 4:54 pm

UAE HRDദുബൈ: ഓഫര്‍ ലെറ്ററില്‍ വ്യക്തമാക്കിയ നിബന്ധനകള്‍ക്ക് വിരുദ്ധമായ പരാമര്‍ശമുള്ള തൊഴില്‍ കരാറില്‍ തൊഴിലാളികള്‍ ഒരിക്കലും ഒപ്പിടരുതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഓഫര്‍ ലെറ്ററിലുള്ളതിന് വിരുദ്ധമായ നിബന്ധനകള്‍ തൊഴില്‍ കരാറില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും തൊഴിലാളികളുടെ നന്മക്കുവേണ്ടിയാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് ഉടമസ്ഥര്‍ അവകാശപ്പെട്ടാല്‍ പോലും അംഗീകരിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ മന്ത്രാലയം തയ്യാറാക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ‘അവകാശങ്ങള്‍ അറിയുക’ എന്ന തലവാചകത്തിലാണ് തൊഴില്‍ മന്ത്രാലയം മാര്‍ഗരേഖ തയ്യാറാക്കിയിട്ടുള്ളത്. തൊഴിലാളികളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് മാര്‍ഗരേഖയുടെ ലക്ഷ്യം. മലയാളമുള്‍പെടെ 11 ഭാഷകളിലാണ് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുള്ളത്.
ഏതു രാജ്യക്കാരനായാലും തൊഴിലാളിയെ ഇവിടെയെത്തിക്കാനാവശ്യമായ മുഴുവന്‍ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഏജന്‍സി ഫീസുള്‍പെടെ ചെറുതും വലുതുമായ മുഴുവന്‍ ബാധ്യതകളും തൊഴിലുടമയാണ് സഹിക്കേണ്ടത്. ഒന്നുപോലും തൊഴിലാളി ഏറ്റെടുക്കേണ്ടതില്ല. വിസയുടെ പേരിലും സ്വരാജ്യത്തുനിന്ന് ഇവിടേക്കെത്താനുള്ള യാത്രാചെലവുകളുടെ പേരിലും തൊഴിലാളികളില്‍നിന്ന് പണം പറ്റുന്നത് നിയമവിരുദ്ധമെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ മന്ത്രാലയം.
രാജ്യത്തെത്തിയ ശേഷമുള്ള മെഡിക്കല്‍ പരിശോധനകള്‍, വിസ സ്റ്റാമ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചിലവുകളെല്ലാം വഹിക്കേണ്ടത് തൊഴിലുടമ തന്നെയാണെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നുണ്ട്. തനിക്ക് നിശ്ചയിച്ച തൊഴിലും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് സ്വരാജ്യം വിടുന്നതിന് മുമ്പ് തൊഴിലാളി ഉറപ്പുവരുത്തണം. തനിക്ക് തൊഴില്‍ സാഹചര്യം ഒരുക്കിത്തന്ന ഏജന്‍സി വഴി രേഖാമൂലമുള്ള ഉറപ്പ് ഇക്കാര്യത്തില്‍ തൊഴിലാളി കരസ്ഥമാക്കിയിരിക്കണം. രാജ്യത്തെത്തിയ ശേഷം ഇത്തരം രേഖയിലുള്ളതിന് വിരുദ്ധമായ നിബന്ധനകളോ നിര്‍ദേശങ്ങളോ ഉള്ള തൊഴില്‍ കരാര്‍ ഒരിക്കലും ഒപ്പിടരുത്. ഇത്തരം അബദ്ധം പിണയാതിരിക്കാന്‍ ഒപ്പിടുന്നതിന് മുമ്പ് തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയ ജോലി, ഉത്തരവാദിത്വങ്ങള്‍, ശമ്പളം, മറ്റു ആനുകൂല്യങ്ങള്‍ തുടങ്ങിയവ കൃത്യമായി മനസ്സിലാക്കിയിരിക്കണം, മാര്‍ഗ രേഖ വ്യക്തമാക്കുന്നു.