കരിമരുന്ന് പ്രയോഗങ്ങള്‍ക്കെതിരെ; യു എ ഇ നല്‍കുന്ന പാഠം

Posted on: April 10, 2016 4:05 pm | Last updated: April 10, 2016 at 10:01 pm
SHARE

uaeപടക്കം പൊട്ടിക്കുന്നതിനെതിരെ കര്‍ശന നിയന്ത്രണമുള്ള യു എ ഇ അധികൃതര്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍, കൊല്ലത്തെ വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നു. യു എ ഇ അധികൃതരെ മാതൃകയാക്കണമെന്ന് ധാരാളം പേര്‍ സമൂഹ മാധ്യമങ്ങളില്‍ ആവശ്യപ്പെടുന്നു. റമസാനില്‍ കരിമരുന്ന് പ്രയോഗങ്ങള്‍ ഗള്‍ഫില്‍ പലഭാഗങ്ങളിലും നടക്കാറുണ്ട്. കുട്ടികള്‍ ഇതില്‍ ആകര്‍ഷിക്കപ്പെടുന്നു. അവര്‍ കമ്പോളത്തില്‍ നിന്ന് വന്‍തോതില്‍ കരിമരുന്നുകള്‍ വാങ്ങാതിരിക്കാന്‍ വലിയ ബോധവത്കരണമാണ് നടത്തുന്നത്.
പ്രത്യേക അനുമതിയില്ലാതെ കരിമരുന്നുകള്‍ വില്‍ക്കാന്‍ പാടില്ല. കനത്ത പിഴയാണ് വ്യാപാരികള്‍ക്ക് ചുമത്തുക.
അതേസമയം, ദുബൈ വ്യാപാരോത്സവത്തിന്റെ ഭാഗമായും മറ്റും കരിമരുന്ന് പ്രയോഗിക്കാറുണ്ട്. ഇത് കാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടാറുണ്ട്. പക്ഷേ, തീകൊളുത്തുന്ന പ്രദേശത്തിന്റെ ഏഴയലത്തുപോലും ആളുകളെ അടുപ്പിക്കില്ല.
ലേസര്‍ കൊണ്ടുള്ള വര്‍ണ പ്രകാശവിസ്മയങ്ങളാണ് ഒരുക്കുന്നതെങ്കില്‍ പോലും സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കും.
ഇതിനിടെ, പുതുവത്സരത്തലേന്ന് ലോകത്തിന്റെ കണ്ണായ ബുര്‍ജ് ഖലീഫ കേന്ദ്രീകരിച്ച് കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിന് തൊട്ടുമുമ്പാണ് അഡ്രസ് ഹോട്ടലിന് തീപിടിച്ചത്. കരിമരുന്നാണ് കാരണക്കാരന്‍ എന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍, തീപിടുത്തം നടക്കുമ്പോള്‍ അഡ്രസ് ഹോട്ടലില്‍ നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നെങ്കിലും ഏവരെയും രക്ഷിക്കാന്‍ കഴിഞ്ഞു.
അഗ്‌നിശമന സേനയുടെയും പോലീസിന്റെയും നിതാന്ത ജാഗ്രതയാണ് ഇതിന് വഴിവെച്ചത്. ഇത്തരം നടപടിക്രമങ്ങള്‍ നാട്ടില്‍പാലിക്കപ്പെടുന്നില്ല. കൊല്ലത്ത് പോലീസ് നോക്കി നില്‍ക്കെയാണ് കമ്പക്കെട്ട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാസമയം പോലീസ് ഇടപെട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് ഏവരും അഭിപ്രായപ്പെടുന്നു.
കരിമരുന്ന് അപകടകരമാണെന്ന് അബുദാബി പോലീസ് ഫെഡറല്‍ ക്രിമിനല്‍ വിഭാഗം തുടര്‍ച്ചയായി ബോധവത്കരണം നടത്താറുണ്ട്. ആരെങ്കിലും ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ആറുമാസം തടവും 10,000 ദിര്‍ഹം പിഴയും വിധിക്കും.
ബോധവത്കരണത്തിന് ജനകീയ പോലീസും രംഗത്തിറങ്ങാറുണ്ട്. കരിമരുന്നു പ്രയോഗത്തിനനുകൂലമായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയ വിദ്യാര്‍ഥികളെ രണ്ടു വര്‍ഷം മുമ്പ് അറസ്റ്റു ചെയ്തിരുന്നു. അബുദാബി ശഹാമയില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.
നാട്ടിലെ ദുരന്തം ഗള്‍ഫ് മലയാളികളില്‍ വലിയ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. ചിലരുടെ ഉറ്റവര്‍ ദുരന്തത്തില്‍പെട്ടു. ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വലിയ ശ്രമമാണ് നടക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള തുടങ്ങിയവര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. വിഷു ആഘോഷങ്ങള്‍ക്ക് ഏതാനും ദിവസം മുമ്പ് സംഭവിച്ച ദുരന്തം, മലയാളികളാകെ ശോകമൂകമാക്കിയിട്ടുണ്ട്. ഇതിനിടെ, മലയാളികള്‍ ഒന്നാകെ, ജാതിമത ഭേദമന്യെ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത് പ്രതീക്ഷ നല്‍കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here